Connect with us

Kerala

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തം തടയുന്നതില്‍ വീഴ്ച വരുത്തിയതിന് റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. 110 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഉത്തരവാദികളായ ഫീല്‍ഡ്തല ഉദ്യോഗസ്ഥന്മാരെ ഉടന്‍ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജസ്റ്റിസ് ഗോപിനാഥന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് ചുമതലയിലുണ്ടായിരുന്ന ഡി വൈ എസ് പി, സി ഐ, എസ് ഐ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ തുടങ്ങിയ റവന്യു ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

വെടിക്കെട്ടിന് അനുമതി നിഷേധിച്ചു കൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് സംഭവ സ്ഥലത്ത് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളും വെടിക്കെട്ട് ഉപകരണങ്ങളും എത്തിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സംഭരിക്കുന്നത് തടയാതിരുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടി എന്തെന്നു പരിശോധിച്ച് ആവശ്യമായ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കാന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

2016 ഏപ്രില്‍ 10നു പുലര്‍ച്ചെ മൂന്നരയോടെയാണ് കൊല്ലം പറവൂരിലെ പുറ്റിങ്ങലില്‍ വെടിക്കെട്ട് ഉപകരണങ്ങള്‍ സംഭരിച്ച കമ്പപ്പുരക്ക് തീപിടിച്ച് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 300 ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----