Connect with us

Kerala

സിലിണ്ടറുകളുടെ കാലം കഴിയുന്നു; വീടുകളിലേക്ക് പൈപ്പ് ലൈൻ വഴി ഗ്യാസ്

Published

|

Last Updated

കോഴിക്കോട് | കേരളത്തിൽ എൽ പി ജി സിലിണ്ടറുകളുടെ കാലം അവസാനിക്കുകയാണ്. പാചക വാതകം പൈപ്പ് ലൈൻ വഴി വീട്ടിലേക്ക് നേരിട്ടെത്തും. വാട്ടർ അതോറിറ്റിയുടെ വെള്ളം സ്വീകരിക്കുന്നതു പോലെ മീറ്റർ ഘടിപ്പിച്ച് ആവശ്യത്തിന് വാതകം ഉപയോഗിക്കാം.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്ൽ) കൊച്ചി- മംഗളൂരു വാതക പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യുന്നതോടെ പൈപ്പ് ലൈൻ കടന്നു പോകുന്ന ഏഴ് ജില്ലകളിലും വീടുകളിലേക്ക് പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കും. തുടർന്ന് മറ്റു ജില്ലകളിലേക്ക് പൈപ്പ് ലൈൻ വ്യാപിപ്പിക്കും. വാതകം വിതരണം ചെയ്യുന്നതിനായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള അവകാശം അദാനി ഗ്രൂപ്പിന് നൽകിക്കഴിഞ്ഞു. ഓരോ വീടിനും 5,000 രൂപ തിരിച്ചു നൽകുന്ന നിക്ഷേപമായി സ്വീകരിച്ചായിരിക്കും പൈപ്പ് കണക്‌ഷൻ നൽകുക. മാർച്ചിൽ ഗെയ്ൽ പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തീകരിച്ചതിനു ശേഷം ഓരോ ജില്ലയിലും വിതരണ ശൃംഖലയുടെ പ്രവൃത്തി ആരംഭിക്കും. കേരളത്തിനു നെടുകെ കടന്നു പോകുന്ന ഗെയ്ൽ പൈപ്പ് ലൈനിന്റെ ശേഷി 160 ലക്ഷം ക്യൂബിക് മീറ്ററാണ്.
കേരളത്തിലെ മൊത്തം വീടുകൾക്കും പാചകവാതകം നൽകാൻ 16 ലക്ഷം ക്യൂബിക് മീറ്റർ ഗ്യാസ് മതിയാകും. പൈപ്പ് ലൈൻ ശേഷിയുടെ 10 ശതമാനം വിനിയോഗിച്ചു തന്നെ കേരളത്തിലെ മുഴുവൻ വീടുകൾക്കും ഗ്യാസ് കണക്‌ഷൻ നൽകാൻ കഴിയുമെന്ന് ഗെയ്ൽ കേരള ജനറൽ മാനേജർ ടോണി മാത്യു സിറാജിനോട് പറഞ്ഞു.

വീടുകളിലേക്ക് പ്രകൃതി വാതകമായ എൽ എൻ ജിയും വാഹനങ്ങൾക്ക് സി എൻ ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്)യും ആണ് നൽകുന്നത്. വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസിന് വില മൂന്നിൽ ഒന്നായി കുറയുമ്പോൾ വാഹനങ്ങൾക്ക് കിലോ മീറ്ററിന് രണ്ട് രൂപയായിരിക്കും ചെലവ് വരിക. എല്ലാ ജനവിഭാഗങ്ങൾക്കും പ്രകൃതിവാതകത്തിന്റെ ഗുണം ലഭ്യമാക്കുക എന്ന കൊച്ചിയിലെ എൽ എൻ ജി പെട്രോനെറ്റിന്റെ ലക്ഷ്യമാണ് ഇതോടെ ഫലം കാണുന്നത്.
പൈപ്പ് കടന്നുപോകുന്ന എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ വീടുകൾക്കും വാഹനങ്ങൾക്കുമായി വിതരണത്തിനുള്ള വാൽവുകൾ സ്ഥാപിച്ച് ഇന്ധനം അദാനി ഗ്രൂപ്പിന് കൈമാറും. വീടുകളിലേക്ക് പാചക വാതക വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബൂഷൻ കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. വാഹനങ്ങൾക്ക് ഇന്ധനം വിതരണം ചെയ്യാൻ നിലവിലെ പെട്രോൾ ബങ്കുകളോടനുബന്ധിച്ചാണ് സി എൻ ജി ബങ്കുകൾ സ്ഥാപിക്കുക. ഇതിനുപുറമേ കൊച്ചിയിലെ എഫ് എ സി ടി അടക്കമുള്ള നിരവധി വ്യവസായശാലകൾക്കും ഇപ്പോൾ എൽ എൻ ജി നൽകുന്നുണ്ട്.

നിറമോ മണമോ വിഷാംശമോ രാസപ്രവർത്തന ശക്തിയോ ഇല്ലാത്ത ഇന്ധനമാണ് എൽ എൻ ജി. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് അന്തരീക്ഷ മലിനീകരണവും വളരെ കുറവാണ്. അതുകൊണ്ടാണ് ഇത് ഹരിത ഇന്ധനം എന്ന് അറിയപ്പെടുന്നത്. പ്രകൃതി വാതകം നിലവിൽ വീട്ടിൽ ഉപയോഗിക്കുന്ന എൽ പി ജിയേക്കാൾ ഭാരം കുറവായതിനാൽ ലീക്കേജ് ഉണ്ടാകുന്ന പക്ഷം തളംകെട്ടി നിൽക്കാതെ അന്തരീക്ഷത്തിലേക്ക് എളുപ്പം അലിഞ്ഞു ചേരുകയും അപകട സാധ്യത വളരെ കുറയുകയും ചെയ്യുന്നു.
കേരളത്തിൽ 503 കിലോമീറ്റർ ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യുന്നതിന് കാസർകോട്, കോഴിക്കോട് ജില്ലകളിലായി രണ്ട് പുഴകൾക്കു കുറകെയുള്ള പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ മൂന്ന് കേന്ദ്ര ഏജൻസികളുടെ സുരക്ഷാ പരിശോധനകൾ പൂർത്തീകരിക്കേണ്ടതുണ്ട്. മാർച്ചോടെ പ്രവൃത്തി പൂർത്തീകരിച്ചാലും സുരക്ഷാ പരിശോധനകൾക്ക് രണ്ട് മാസം വേണ്ടി വരും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്