Connect with us

Articles

ബ്രെക്‌സിറ്റിന്റെ ബാക്കിപത്രം

Published

|

Last Updated

ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യമാണ് ബ്രിട്ടന്‍. അതുകൊണ്ട് തന്നെ ബ്രിട്ടനിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ലോകം വളരെ ശ്രദ്ധയോട് കൂടിയാണ് വീക്ഷിക്കുന്നതും. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിട്ട് പോകാന്‍ എടുത്ത തീരുമാനത്തിന്റെ പേരില്‍ ബ്രിട്ടനില്‍ കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായിരിക്കുന്നു.
യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള യു കെയുടെ തീരുമാനത്തിന് പിന്നില്‍ വലിയ ചരിത്രമുണ്ട്. 2015ലാണ് ഡേവിഡ് കാമറൂണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. തുടര്‍ന്ന് അദ്ദേഹം ബ്രെക്‌സിറ്റ് വിഷയത്തില്‍ ഹിതപ്പരിശോധന പ്രഖ്യാപിച്ചു. 2016 ജൂണ്‍ 23ന് ബ്രെക്‌സിറ്റ് ഹിതപ്പരിശോധന നടന്നു. യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണമോ വേണ്ടയോ എന്ന ഒറ്റ ചോദ്യമായിരുന്നു ബാലറ്റില്‍. വോട്ട് ചെയ്തവരില്‍ 51.9 ശതമാനം പേര്‍ വിട്ടുപോകുന്നതിന് അനുകൂലമായി വിധിയെഴുതി. ഇതോടെ യൂനിയന്‍ വിട്ട് പോകുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി. വ്യക്തിപരമായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടേണ്ടതില്ലെന്ന അഭിപ്രായക്കാരനായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. തന്റെ ഹിതത്തിന് വിരുദ്ധമായ ജനവിധിയെ തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തെരേസ മെയ് 2016 ജൂലൈ 13ന് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബ്രെക്‌സിറ്റുമായി മുന്നോട്ടുപോയ തെരേസ മെയ്ക്ക് വലിയ വിമര്‍ശനമാണ് ഭരണകക്ഷിയില്‍ നിന്ന് പോലും നേരിടേണ്ടി വന്നത്. മന്ത്രിമാരില്‍ ചിലര്‍ രാജിവെക്കുക പോലും ചെയ്തു. ഈ പ്രതിസന്ധി അവരുടെ രാജിയിലേക്കും എത്തിച്ചു.
തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി. പ്രഖ്യാപിച്ചിരുന്നതു പോലെ എളുപ്പത്തില്‍ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ബ്രെക്‌സിറ്റിന് വേണ്ടി പാര്‍ലിമെന്റ് സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്താനുള്ള ബോറിസ് ജോണ്‍സന്റെ തീരുമാനത്തെ ബ്രിട്ടീഷ് സുപ്രീം കോടതി റദ്ദ് ചെയ്തത് അദ്ദേഹത്തിനേറ്റ വലിയ പ്രഹരമായിരുന്നു. എന്തായാലും കഴിഞ്ഞ ഡിസംബര്‍ 12ന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം നേടിയ ജോണ്‍സണ് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ വലിയ തടസ്സങ്ങളൊന്നും ഉണ്ടായില്ല.

യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രെക്‌സിറ്റാനന്തര ബന്ധമാണ് ഇപ്പോള്‍ എല്ലാവരുടെയും മുഖ്യചര്‍ച്ചാ വിഷയം. പതിനൊന്ന് മാസത്തെ പരിവര്‍ത്തനഘട്ടം കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ പരിവര്‍ത്തന കാലത്ത് പ്രത്യക്ഷത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ലണ്ടന്‍ കിംഗ്‌സ് കോളജിലെ എക്കണോമിക്‌സ് – പബ്ലിക് പോളിസി പ്രൊഫസര്‍ ജോനാഥന്‍ പോഴ്‌സ് പറയുന്നു. ഈ കാലയളവില്‍ യു കെ എല്ലാ യൂനിയന്‍ നിയമങ്ങളും തുടരും. വ്യാപാര ബന്ധങ്ങളും സമാനമായി നിലനില്‍ക്കും. പക്ഷേ, ഇ യുവിന്റെ രാഷ്ട്രീയ സ്ഥാപനങ്ങളില്‍ പങ്കാളിത്തമുണ്ടാകില്ല. യൂറോപ്യന്‍ പാര്‍ലിമെന്റില്‍ യു കെയുടെ അംഗങ്ങളും ഉണ്ടാകില്ല. ഫലത്തില്‍ പൊതു ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും കാര്യമായ മാറ്റം അനുഭവപ്പെടില്ല.
സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ യൂറോപ്പുമായി വ്യാപാര ഉടമ്പടികള്‍ ഉണ്ടാക്കുക എന്നതാകും സര്‍ക്കാറിന്റെ ആദ്യ മുന്‍ഗണന. ഇ യുവിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മോചിതമാകുക എന്നതാണ് ബോറിസ് ജോണ്‍സന്റെ ഒരു പ്രധാന താത്പര്യം. ഇ യുവുമായി ഇടയുന്ന തീരുമാനങ്ങളിലേക്ക് പോയാല്‍ ബ്രിട്ടന് വ്യാപാരത്തില്‍ താരീഫ് ഇളവുകള്‍ ഉണ്ടാകില്ല. ഈ വര്‍ഷം അവസാനത്തോടെ കരാറുകള്‍ ആയില്ലെങ്കില്‍ ലോക വ്യാപാര സംഘടനകള്‍ നിര്‍ദേശിച്ച താരീഫുകള്‍ യു കെയുടെ കയറ്റുമതിക്ക് ബാധകമാകും.
യു കെ വ്യാപാര മേഖലക്ക് തിരിച്ചടി ഉണ്ടാകുമെന്നും വിദേശ നിക്ഷേപകര്‍ വാഹന നിര്‍മാണം പോലുള്ള രംഗങ്ങളില്‍ നിന്ന് പിന്‍വലിയുമെന്നുമുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.

ബ്രിട്ടന്‍ പുറത്ത് പോയതോടെ ഇ യുവിലെ അംഗബലം 27 ആയി കുറഞ്ഞു. അന്തര്‍ദേശീയ ധനകാര്യ തലസ്ഥാനമായ ലണ്ടന്‍ നഷ്ടപ്പെട്ടതോടെ ഇ യുവിന്റെ സാമ്പത്തിക നിലയില്‍ 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടാകുക. അതേസമയം, ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥക്കും ബ്രെക്‌സിറ്റ് പ്രഹരമേല്‍പ്പിക്കുമെന്ന് ബ്രെക്‌സിറ്റ് വിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പരിവര്‍ത്തനകാലം കഴിയുന്നതോടെ യു കെ പുതിയ കുടിയേറ്റ നയം രൂപവത്കരിക്കും. അത് സ്വതന്ത്രമായ യാത്രകളെ നിശ്ചയമായും ബാധിക്കും. ഇതര രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറാനുള്ള യു കെ പൗരന്മാരുടെ സാധ്യതകളും മങ്ങുമെന്നുറപ്പാണ്. ബ്രെക്‌സിറ്റിന് എതിരായ നിലപാട് ആദ്യം മുതല്‍ കൈക്കൊണ്ട സ്‌കോട്‌ലാന്‍ഡ് തങ്ങളുടെ നിലപാടില്‍ ഇപ്പോഴും തുടരുകയാണ്.
ബ്രെക്‌സിറ്റിന്റെ പിന്നിലുള്ള വികാരം പ്രാദേശികവും വര്‍ഗീയവും വര്‍ണപരവുമാണ്. ഈ വികാരം ബ്രിട്ടനില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഈ വികാരമുള്ളവരാണ്. ബോറിസ് ജോണ്‍സണ്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതും ഇവരെയൊക്കെ തന്നെയാണ്.

ബ്രിട്ടനിലെ പ്രശ്‌നങ്ങള്‍ ഇന്ന് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, വ്യാവസായിക മാന്ദ്യം തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളെ ബാധിച്ചിട്ടുള്ള കെടുതികള്‍ അവിടെയും പൂര്‍ണമാണ്. ഈ പ്രശ്‌നങ്ങള്‍ ബ്രെക്‌സിറ്റ് എന്ന ചെപ്പടിവിദ്യയില്‍ കൂടി പരിഹരിക്കാമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കരുതുന്നത്.
ബ്രെക്‌സിറ്റ് യു കെയുടെ ആഭ്യന്തര കാര്യമാണെന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍ ബ്രെക്‌സിറ്റ് ആ രാജ്യത്തെ നയിക്കുക വലിയ പ്രതിസന്ധികളിലേക്കായിരിക്കും.
(ലേഖകന്റെ ഫോണ്‍ : 9847132428)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest