Connect with us

Editorial

അഹമ്മദാബാദിലെ മതിലും സെനറ്റര്‍മാരുടെ കത്തും

Published

|

Last Updated

സുഖമാണോ ട്രംപ് (കെം ഛോ ട്രംപ്) എന്നാണ് അമേരിക്കന്‍ പ്രസിഡന്റിന് അഹമ്മദാബാദ് നഗരത്തില്‍ ഒരുക്കുന്ന വരവേല്‍പ്പിന്റെ ഭാഗമായുള്ള ബഹുജന സംഗമത്തിന്റെ പേര്. യു എസിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഹൗഡി മോദി പരിപാടിയുടെ മാതൃകയിലാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. നഗരത്തില്‍ പുതുതായി നിര്‍മിച്ച സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറയുന്ന സദസ്സിനെ യു എസ് പ്രസിഡന്റ് അഭിസംബോധന ചെയ്യും. “ഹൗഡി മോദി”യെ രാഷ്ട്രീയ പ്രചാരണ വേദിയായി ഉപയോഗിച്ചയാളാണ് ഡൊണാള്‍ഡ് ട്രംപ്. അത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമായിരുന്നില്ല. മറിച്ച് പ്രധാനമന്ത്രിയെ രാഷ്ട്രീയമായി പിന്തുണക്കുന്നവരുടെ ശക്തിപ്രകടനമായിരുന്നു. എല്ലാ കീഴ്‌വഴക്കങ്ങളെയും പ്രോട്ടോകോള്‍ ശാഠ്യങ്ങളെയും മാറ്റിവെച്ച് സൗഹൃദ പ്രകടനത്തിന്റെ അങ്ങേയറ്റമാണ് ട്രംപ് അവിടെ പുറത്തെടുത്തത്. ഈ മാസം 24ന് മോദിയുടെ സ്വന്തം നഗരത്തില്‍ ട്രംപ് എത്തുമ്പോള്‍ അതേ ഊഷ്മളത തിരിച്ചു നല്‍കേണ്ടിയിരിക്കുന്നു. രണ്ടാമൂഴത്തിന് മത്സരിക്കാനിരിക്കുന്ന ട്രംപ് അഹമ്മദാബാദ് റോഡ് ഷോയില്‍ കൈവീശുമ്പോള്‍ ആത്യന്തിക ലക്ഷ്യം ഇന്ത്യന്‍ വംശജരുടെ വോട്ട് തന്നെയാണ്. ഇന്ത്യയും അമേരിക്കയും ഒപ്പിടുന്ന കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സന്തുലിതമാക്കിയാലും ഇല്ലെങ്കിലും ഈ സ്വീകരണ മഹാമഹം അതിന്റെ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കുമെന്നുറപ്പാണ്. കുടിയേറ്റവിരുദ്ധതയും മുസ്‌ലിംവിരുദ്ധതയും മുഖമുദ്രയായ ട്രംപിന് ഏറ്റവും ആഴത്തിലുള്ള രാഷ്ട്രീയ സൗഹൃദം പുലര്‍ത്താവുന്ന രാജ്യമായി ഇവിടുത്തെ ഭരണകൂടം ഇന്ത്യയെ അധഃപതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ആ അര്‍ഥത്തില്‍ ഈ സന്ദര്‍ശനത്തിന്റെ രാഷ്ട്രീയം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്, ഇന്ത്യയിലും അമേരിക്കയിലും.

അമേരിക്കയിലെ പ്രമുഖരായ നാല് സെനറ്റര്‍മാരാണ് ആദ്യ വെടിപൊട്ടിച്ചത്. ഇന്ത്യയില്‍ ജനാധിപത്യവും മതപരമായ അവകാശങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും അപകടത്തിലാണെന്ന് കാണിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്ക് സെനറ്റിലെ നാല് മുതിര്‍ന്ന അംഗങ്ങള്‍ കത്തെഴുതുകയായിരുന്നു. കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണവും നേതാക്കളുടെ അനന്തമായി നീളുന്ന തടങ്കലും കത്തില്‍ എടുത്തു പറയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിനെ വിഭജിച്ച ശേഷം അവിടെ മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയുമില്ലെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ ശേഷം രാജ്യത്താകെ പ്രക്ഷോഭം നടക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

കത്തെഴുതിയവരില്‍ ലിന്‍ഡ്‌സേ ഗ്രഹാം, ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സെനറ്ററാണെന്നത് ശ്രദ്ധേയമാണ്. രാഷ്ട്രത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്നതും മത ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായ നയങ്ങളുമായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്‍ ആര്‍ സിയുടെ ഭാഗമായി തടങ്കലില്‍ ഇട്ടിരിക്കുന്നവര്‍ എത്ര പേരുണ്ടെന്ന് യു എസ് മനുഷ്യാവകാശ വിഭാഗം കണക്കെടുക്കണമെന്നും കശ്മീരിലെ നിയന്ത്രണങ്ങള്‍ സ്വതന്ത്ര നിരീക്ഷകരും നയതന്ത്രജ്ഞരും വിദേശ മാധ്യമപ്രവര്‍ത്തകരും അന്വേഷിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്നതും സന്ദര്‍ശനം ആഘോഷമാക്കുന്നതും ലോകത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഇതൊന്നും ട്രംപിന് പ്രശ്‌നമല്ല. അദ്ദേഹം ആവേശത്തിലാണ്. എന്റെ ഏറ്റവും വിലപ്പെട്ട സുഹൃത്തിനെ കാണാന്‍ ചെല്ലുമ്പോള്‍ ലക്ഷങ്ങള്‍ തനിക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തുമെന്ന് ട്വീറ്റ് ചെയ്ത് ആഘോഷം കൊഴുപ്പിക്കുകയാണ് ട്രംപ്. ഇതിനിടക്കാണ് അഹമ്മദാബാദില്‍ പണിയുന്ന മതില്‍ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായത്. ട്രംപിന്റെ റോഡ് ഷോ കടന്ന് പോകുന്ന ഇടങ്ങളിലെ ചേരികള്‍ കണ്ണില്‍ പെടാതിരിക്കാനാണ് മതില്‍ പണിയുന്നത്. അര കിലോമീറ്റര്‍ ദൂരത്തില്‍ ഏഴടി ഉയരത്തിലാണ് മതില്‍ നിര്‍മാണം. അതോടെ രണ്ടായിരത്തോളം ചേരി നിവാസികളും കുടിലുകളും കാഴ്ചക്കപ്പുറമാകും. എന്നാല്‍, ട്രംപ് പോകുന്ന വഴിയിലെ സുരക്ഷ ഉറപ്പാക്കാനാണ് മതിലെന്നാണ് ഔദ്യോഗിക വിശദീകരണം. വിവാദമായപ്പോള്‍ മതിലിന്റെ ഉയരം കുറക്കാന്‍ ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്തൊരു ഗതികേടാണിത്. മതില്‍ പണിതാല്‍ മറച്ചു വെക്കാവുന്നതാണോ ഇന്ത്യയിലെ ദാരിദ്ര്യവും സാമ്പത്തിക അസമത്വവും തൊഴിലില്ലായ്മയും?

നരേന്ദ്ര മോദിയെ വികാസ് പുരുഷനാക്കാന്‍ വേണ്ടി ഗുജറാത്തിനെ കുറിച്ച് പണ്ട് പറഞ്ഞു പോയ കളവുകളാണ് ഇന്ന് മതില്‍ കെട്ടേണ്ട അവസ്ഥയിലെത്തിച്ചത്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന വികസനം സാധ്യമായ ഗുജറാത്തിലെ പ്രധാന നഗരത്തില്‍ കണ്ണായ ഭാഗത്ത് മനുഷ്യര്‍ പുഴുക്കളെപ്പോലെ ജീവിതം തള്ളിനീക്കുന്നുവെന്നത് മതില്‍ കെട്ടി മറക്കുകയല്ലാതെ എന്താണ് ചെയ്യുക. ഈ നാണക്കേടുകള്‍ സ്ഥായിയായി മായ്ച്ചു കളയാന്‍ ഭരണകൂടത്തിന്റെ കൈയില്‍ എന്തുണ്ട് പരിഹാരമെന്നതാണ് ചോദ്യം. ജനങ്ങളെ വിഭജിച്ചും ചിലരെ മാത്രം ഒറ്റപ്പെടുത്തിയും ശത്രുത വളര്‍ത്തിയും വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തിയും തന്നിഷ്ടം പ്രവര്‍ത്തിച്ചും രാജ്യത്തെ തളര്‍ത്തി കൊണ്ടിരിക്കുന്നവരുടെ കൈയില്‍ ഈ ചോദ്യത്തിന് ശരിയുത്തരമുണ്ടാകില്ല. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട നോട്ടു നിരോധനത്തിന് എന്ത് ന്യായീകരണമാണുള്ളത്? അരക്ഷിതാവസ്ഥയിലേക്ക് ജനങ്ങളെ തള്ളിവിട്ട പൗരത്വ ഭേദഗതി നിയമം എന്താണ് നേടാന്‍ പോകുന്നത്? മാന്ദ്യകാലത്ത് ഇന്ത്യക്ക് കരുത്തായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റുതുലക്കുന്നത് എന്ത് സാമ്പത്തിക പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്? അവധി വ്യാപാരവും കുത്തക സംഭരണവും കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കുമ്പോഴും കൃഷിയിലെ കോര്‍പറേറ്റ് ഇടപെടലിന് പച്ചക്കൊടി കാണിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത്?

ജനങ്ങളുടെ ജീവിതം കൂടുതല്‍ ദരിദ്രമാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കാത്തിടത്തോളം പുതിയ ചേരിപ്രദേശങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എല്ലാ സാമ്പത്തിക സൂചകങ്ങളും പിന്‍മടക്കത്തിലാണ്. ഇത് ലോകം കാണുന്നുണ്ട്. എത്ര മതില്‍ പണിതാലും തിളങ്ങുന്ന പ്രസ്താവനയിറക്കിയാലും ഈ യാഥാര്‍ഥ്യങ്ങള്‍ മറച്ചു വെക്കാനാകില്ല.

Latest