Connect with us

Kerala

കാത്തിരിപ്പിനൊടുവിൽ എയർ ഇന്ത്യ ജംബോ ജെറ്റ് വിമാനം കരിപ്പൂരിൽ ഇറങ്ങി; ആവേശോജ്വല സ്വീകരണം

Published

|

Last Updated

മലപ്പുറം | നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ എയർഇന്ത്യയുടെ ജംബോ ജെറ്റ് വിമാനം റൺവേ തൊട്ടു. തിങ്കളാഴ്ച രാവിലെ 7 15-നാണ് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ ബോയിങ് 747-400 ജംബോ ജെറ്റ് കരിപ്പൂരിൽ ഇറങ്ങിയത്. ആദ്യ വിമാനത്തിലെ യാത്രക്കാരെ എസ് വൈ എസിന്റെ നേതൃത്വത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു സ്വീകരിച്ചു. വിവിധ പ്രവാസി സംഘടനകളും യാത്രക്കാർക്ക് സ്വീകരണം ഒരുക്കിയിരുന്നു. 

ഇന്നലെ രാത്രി 11 മണിക്കാണ് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ജംബോ ജെറ്റ് കരിപ്പൂരിലേക്ക് പറന്നുയർന്നത്. ആദ്യ യാത്ര എയർഇന്ത്യ അധികൃതർ പ്രവാസികളും ചേർന്ന ആഘോഷം ആക്കിയിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ കേക്ക് മുറിച്ചും യാത്രക്കാർക്ക് മധുരപലഹാരം വിതരണം ചെയ്തുമാണ് എയർഇന്ത്യ സർവീസിന് തുടക്കമിട്ടത്. ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ആഴ്ചയിൽ രണ്ട് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഞായർ, വെള്ളി ദിവസങ്ങളിൽ രാത്രി 11.15 ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേദിവസം പുലർച്ചെ 7.15ന് കരിപ്പൂരിൽ ഇറങ്ങും. ശനി,  തിങ്കൾ ദിവസങ്ങളിൽ 6.05 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ജംബോ വിമാനം 9.15ന് ജിദ്ദയിൽ എത്തും. 423 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് എയർ ഇന്ത്യയുടെ ജംബോ ജെറ്റ്.

റൺവേ വികസനത്തിന്റെ പേരിൽ 2015 ഏപ്രിലിൽ നിർത്തിവെച്ച സർവീസാണ് നിരന്തര പോരാട്ടത്തിനൊടുവിൽ പുനരാരംഭിച്ചത്. എസ്  വൈ എസ്,  മലബാർ ഡെവലപ്മെൻറ് ഫോറം ഉൾപ്പെടെ നിരവധി സംഘടനകൾ ദീർഘകാലമായി നടത്തിയ പോരാട്ടമാണ് ഫലം കണ്ടത്. 

Latest