Connect with us

Articles

നീതി കാഴ്ചവസ്തുവാകുന്നുവോ?

Published

|

Last Updated

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലേക്ക് ഒരു ജനാധിപത്യ ഭരണക്രമത്തിൽ നീതിപാലകരും നീതിന്യായ സംവിധാനവും തരംതാഴ്ന്നാലുള്ള ഭീകരസ്ഥിതിയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. പൗരൻമാരിൽ അത്രമേൽ അരക്ഷിതബോധം വളരുന്ന ഒരു ഘട്ടം വേറെ ഉണ്ടാകാൻ തരമില്ല.

ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ അദ്ദേഹം ഡയറക്ടറായ എസ് എസ് ലോ കോളജ് വിദ്യാർഥിനി ഉന്നയിച്ച ബലാത്സംഗ പരാതിയിൽ യു പി സർക്കാർ സ്വീകരിച്ച നടപടികളെ നേരത്തേ ഈ കോളം പ്രശ്‌നവത്കരിച്ചിരുന്നു. അന്ന് പരാമർശിച്ചതിനേക്കാൾ അപകടകരമാം വിധം ഷാജഹാൻപൂരിൽ അതിന് തുടർച്ചയുണ്ടാകുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.
രാഷ്ട്രീയ അധികാര സ്വാധീനത്തിലും ആൾബലം നൽകുന്ന ആത്മവിശ്വാസത്തിലും നടത്തിയ ലൈംഗികാതിക്രമം ഇന്ത്യൻ ശിക്ഷാ നിയമം 376(2), മറ്റു ഉപ വകുപ്പുകൾ പ്രകാരം ഇരുപത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണ്. അതാണ് ഐ പി സിയിലെ തന്നെ 376(സി)യുടെ പരിധിയിലേക്ക് ചുരുക്കി സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ചക്ക് അധികാര പ്രമാണിത്തം ഒരു നിമിത്തമായത് മാത്രമാണെന്ന മട്ടിൽ പോലീസ് ഭാഷ്യം നമ്മെ വിഡ്ഢികളാക്കിയത്.

സ്വാമി ചിൻമയാനന്ദിന് ജാമ്യം അനുവദിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാഹുൽ ചതുർവേദി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച 25 പേജുള്ള ജാമ്യ ഉത്തരവ് ജുഡീഷ്യറിയുടെ ഭാവിയെക്കുറിച്ച് അപായ സൂചന നൽകുന്നതാണ്. അതൊരു ജാമ്യ ഉത്തരവാണോ അതല്ല അന്തിമ വിധിയാണോ എന്ന് തിരിച്ചറിയാനാകാത്ത പരുവത്തിൽ കേസിന്റെ മെറിറ്റിലേക്ക് കടന്ന് ചിൻമയാനന്ദിന് പുറത്തുകടക്കാൻ വഴിയൊരുക്കുകയായിരുന്നു നീതിപീഠം എന്ന വിമർശം ഇതിനകം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. മറുത്തൊരു നിരീക്ഷണം സാധ്യമല്ലെന്ന് ഉത്തരവ് വായിച്ചാലറിയാം. ക്രിമിനൽ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിന്റെ മെറിറ്റിലേക്ക് കടക്കേണ്ടതില്ലെന്ന് സുപ്രീം കോടതി പലവുരു തീർപ്പുകൽപ്പിച്ചിട്ടുണ്ട്. ഈയിടെ പി ചിദംബരം കേസിൽ മേൽ പ്രവണതയെ പരമോന്നത നീതിപീഠം ശക്തമായി വിമർശിച്ചതാണ് അതിൽ ഒടുവിലത്തേത്. എന്നാൽ മെറിറ്റിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന പ്രസ്തുത കേസിലെ പരാമർശം ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടുകയും ഒടുവിൽ ജാമ്യം അനുവദിക്കുകയും ചെയ്തു അലഹബാദ് ഹൈക്കോടതി.

ഇരയെ സ്വാമി ചിന്മയാനന്ദ് ബലാത്സംഗം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാൻ താത്പര്യപ്പെടുന്ന അലഹബാദ് ഹൈക്കോടതി ജാമ്യ ഉത്തരവിൽ ചില അസാധാരണ നിരീക്ഷണങ്ങൾ നടത്തിയതാണ് നിയമവൃത്തങ്ങളിൽ ഇപ്പോൾ സജീവ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കുറ്റാരോപിതനിൽ നിന്ന് ഇരയും കുടുംബവും സഹായം കൈപ്പറ്റി സമ്മതത്തോടെ ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടതായിരുന്നു എന്ന കോടതി വിലയിരുത്തലിന് ബലം നൽകാൻ പോന്നതൊന്നും ഉത്തരവിലില്ല. എന്നാൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ അങ്ങേയറ്റം അപമാനിക്കുന്നതാണ് നീതിപീഠ സമീപനം എന്നതിൽ അഭിപ്രായാന്തരമുണ്ടാകാനിടയില്ല. ഇരു കക്ഷികളും പരസ്്പരം പ്രയോജനപ്പെടുത്തിയതാണെന്നും ആര് ആരെയാണ് ഉപയോഗപ്പെടുത്തിയത് എന്നതിലാണ് സന്ദേഹമെന്നും പ്രസ്താവിക്കുന്ന ഹൈക്കോടതി വാദിയെ പ്രതിയാക്കുകയാണ് ചെയ്തത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി ഊന്നൽ നൽകേണ്ട ഘടകങ്ങൾ സാധാരണ ജനങ്ങൾക്ക് പോലും അറിയാനിടയുള്ളതാണ്. പ്രസ്തുത മാനദണ്ഡങ്ങൾ എന്തെന്ന് മേൽക്കോടതികൾ പേർത്തും പേർത്തും ഓർമപ്പെടുത്താറുമുണ്ട്. കുറ്റാരോപിതന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതാണ് ഓരോ ജാമ്യ ഉത്തരവും. കുറ്റകൃത്യത്തിന്റെ സ്വഭാവവും വ്യാപ്തിയും, ശിക്ഷയുടെ തീവ്രത, കുറ്റാരോപിതൻ നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത, സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക തുടങ്ങിയവയാണ് ജാമ്യാപേക്ഷയിൽ നീതിപീഠം മുഖവിലക്കെടുക്കേണ്ട ഘടകങ്ങൾ. മറിച്ച് കുറ്റാരോപിതനെ കുറ്റവിമുക്തനാക്കാൻ പാകത്തിൽ ഉത്തരവിടുന്നത് നീതിന്യായ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്.
ജാമ്യാപേക്ഷയിൽ പ്രസക്തമായ പരിഗണനാ വിഷയങ്ങൾ അവഗണിക്കുകയും ഒരു പ്രസക്തിയുമില്ലാത്ത കാര്യങ്ങൾ മുന്നോട്ടുവെക്കുകയുമായിരുന്നു അലഹബാദ് ഹൈക്കോടതി ചെയ്തത്. പ്രോസിക്യൂഷൻ റിപ്പോർട്ടിൽ വലിയ സംശയമുന്നയിച്ചിരിക്കുന്ന കോടതി ഇരയെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ വൈദ്യ പരിശോധനാ തെളിവുകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയതിന് ജാമ്യാപേക്ഷ പരിഗണിക്കുന്നിടത്ത് എന്ത് പ്രസക്തി എന്നത് ആലോചിക്കേണ്ടതാണ്. തെളിവുകളുടെ ബലം പരിശോധിച്ച് വിധി കണ്ടെത്തേണ്ട ഘട്ടം ജാമ്യാപേക്ഷയുടേതാണോ? കീഴ്‌ക്കോടതിയിൽ വിചാരണ നടക്കുമ്പോൾ പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കാനും കുറ്റാരോപിതന് കുറ്റമുക്തനാകാനുമുള്ള അവസരം തുറന്നിടുകയായിരുന്നു ഹൈക്കോടതി.

സ്വാമി ചിന്മയാനന്ദിന്റെ സ്വാധീന വൈപുല്യം കണക്കിലെടുക്കുമ്പോൾ സാക്ഷികളെ വലയിലാക്കാനുള്ള സാധ്യത കൂടുതലാണ്. അത് അസ്ഥാനത്തല്ലെന്ന് അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കാൻ കണ്ട മാനദണ്ഡമെന്താണ്? ഇരയെ സംശയിക്കാനും കുറ്റാരോപിതന് ജാമ്യം അനുവദിക്കാനും പ്രധാന കാരണമായി കോടതി എടുത്തുകാട്ടിയത് ബലാത്സംഗം ചെയ്യപ്പെട്ട് ഒരു വർഷത്തോളം നീണ്ട കാലയളവിനുള്ളിൽ കുടുംബാംഗങ്ങളോടുപോലും സംഭവം വെളിപ്പെടുത്തിയില്ല എന്നതത്രേ. എങ്കിൽ ആരോടും പറഞ്ഞില്ലെന്നതിന് ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്നോ അല്ലെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നോ അർഥം കൽപ്പിക്കാനാകുമോ? കുറ്റാരോപിതൻ സാക്ഷികളെ സ്വാധീനിക്കാൻ കഴിയുന്ന വൻമരമാണെന്ന് കോടതി തന്നെ നിരീക്ഷിച്ച സാഹചര്യത്തിൽ വിപരീത ദിശയിലുള്ള സംശയത്തിനല്ലേ അത് ബലം നൽകുക.

ഒന്നാം മോദി സർക്കാറിൽ മന്ത്രിയായിരുന്ന എം ജെ അക്ബറിനെ കുരുക്കിയ മീ ടൂ മൂവ്‌മെന്റിൽ പീഡന ആരോപണങ്ങളുമായി രംഗത്തു വന്നവരിൽ ഏറെക്കുറെ പേരും പ്രമുഖരായിരുന്നു. അവർക്കുപോലും തങ്ങൾക്കു നേരിട്ട ദുരനുഭവം തുറന്നുപറയാൻ വർഷങ്ങളെടുക്കുകയും അനുയോജ്യമായ ഒരു പൊതുവികാരം രൂപപ്പെടുകയും ചെയ്യേണ്ടിവന്നെങ്കിൽ ഒരു സാധാരണ യുവതിക്ക് അത് ക്ഷിപ്രസാധ്യമല്ല. പരാതിപ്പെട്ടാൽ വേട്ടയാടപ്പെടും എന്ന് തീർച്ചയുള്ളപ്പോൾ വിശേഷിച്ചും.

എന്നാൽ സ്വാമി ചിന്മയാനന്ദ് ആദ്യമായല്ല പീഡനക്കേസിൽ ആരോപണ വിധേയനാകുന്നതെന്നത് പ്രസക്തവും ശ്രദ്ധയർഹിക്കുന്നതുമായ കാര്യമാണ്. 2011ൽ ഹരിദ്വാറിലെ ആശ്രമത്തിൽ വെച്ച് സ്വാമി ചിൻമയാനന്ദ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ചുമത്തിയ ഇരുപതിനായിരത്തോളം കേസുകൾ പിൻവലിക്കാൻ യു പിയിലെ യോഗി സർക്കാറെടുത്ത വിവാദ തീരുമാനത്തിന്റെ മറവിൽ 2017 ഡിസംബറിൽ സ്വാമി ചിന്മയാനന്ദും രക്ഷപ്പെടുകയായിരുന്നു.

സമ്മർദങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ നീതിപക്ഷത്ത് ഉറച്ചുനിൽക്കാൻ പ്രതിജ്ഞാബദ്ധരാണ് നമ്മുടെ ഭരണഘടനാ കോടതികൾ. സ്വാതന്ത്ര്യവും നിഷ്പക്ഷതയും കൈമുതലാക്കി നീതിനിർവഹണം നടത്തിയ പാരമ്പര്യം അലഹബാദ് ഹൈക്കോടതിക്ക് തന്നെയുണ്ടെന്ന വസ്തുത അറിയുന്നവരാണ് ഇന്ത്യൻ ജനത. ഗർവിന്റെയും മേൽക്കോയ്മാ മനോഭാവത്തിന്റെയും സകല വേഷ്ടികളുമണിഞ്ഞ് ജനാധിപത്യത്തെ വിലക്കെടുക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് മുമ്പിൽ ന്യായാധിപർ തലതാഴ്ത്തരുത്. രാജ്യത്തെ കോടിക്കണക്കിന് ദരിദ്രനാരായണൻമാർ ന്യായാസനത്തിൽ ആശയറ്റവരായാൽ പിന്നെ നിയമവും നീതിയും ചില്ലലമാരയിൽ മാത്രമേ കാണൂ.

അഡ്വ. അശ്‌റഫ് തെച്യാട്

---- facebook comment plugin here -----

Latest