Connect with us

Gulf

പുതിയ നിയമ നിര്‍മാണങ്ങള്‍ മതനിരപേക്ഷതയുടെ സങ്കല്‍പങ്ങള്‍ തകര്‍ക്കും: കാനം രാജേന്ദ്രന്‍

Published

|

Last Updated

അബൂദബി | അടുത്ത കാലത്തായി വരുന്ന ചില നിയമ നിര്‍മാണങ്ങള്‍ ഇന്ത്യന്‍ മത നിരപേക്ഷതയുടെ സങ്കല്‍പങ്ങള്‍ തകര്‍ക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാവരും ചേര്‍ന്ന് ഇത് ചെറുക്കണം. അബൂദബി യുവകലാസാഹിതി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച യുവകലാ സന്ധ്യ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വിരുദ്ധമായ കാര്യമാണ്. 21 ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ നാം ജീവിക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായ സാമൂഹിക സാംസ്‌കാരിക പുരോഗതി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ഗൗരവത്തോടെ ചിന്തിക്കണം.

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം രാജ്യത്തെ ജനങ്ങളെ യോജിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആ കാലഘട്ടമാണ് പഴയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി മനുഷ്യര്‍ക്ക് സമഭാവനയോടെ ഒരു പുതിയ ലോകം പ്രധാനം ചെയ്തത്. എന്നാല്‍, ഭരണഘടനാ ശില്‍പികള്‍ നമ്മുടെ മുന്നില്‍ വരച്ചു കാണിച്ച ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയുമെല്ലാം സങ്കല്‍പങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഒരു രാജ്യത്തെ ജനങ്ങളുടെ സ്ഥായിയായ ഭാവം ഭയമാകുമ്പോള്‍ ജനാധിപത്യം എത്ര കാലം സുരക്ഷിതമായിരിക്കുമെന്ന സംശയം അധികരിക്കുകയാണ്. സാമൂഹിക പുരോഗതിയില്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

യുവകലാസാഹിതി പ്രസിഡന്റ് ആര്‍ ശങ്കര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസര്‍ ആയിഷ അലി അല്‍ ഷെഹി, എവര്‍ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി. എം കെ സജീവ്, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, ലൂവിസ് കുര്യാക്കോസ്, ലോക കേരളസഭ അംഗം ബാബു വടകര, കെ എസ് സി പ്രസിഡന്റ്് ബീരാന്‍ കുട്ടി, ഐ എസ് സി പ്രസിഡന്റ് ഡി നടരാജന്‍, മലയാള സമാജം പ്രസിഡണ്ട് ഷിബു വര്‍ഗീസ്, ഹംസ നടുവില്‍, അഡ്വക്കേറ്റ് അന്‍സാരി, റഫീഖ് കയനിയില്‍, പ്രശാന്ത് ആലപ്പുഴ, വില്‍സണ്‍ തോമസ്, ചന്ദ്ര ശേഖരന്‍, റാഹിദ് ഫിറോസ്, രാഖി രഞ്ജിത്ത് പ്രസംഗിച്ചു. യുവകലാ സാഹിതിയുടെ മുഗള്‍ ഗഫൂര്‍ അവാര്‍ഡ് സാമൂഹിക പ്രവര്‍ത്തകന്‍ എം എം നാസറിന് കാനം സമ്മാനിച്ചു. സെക്രട്ടറി റഷീദ് പാലക്കല്‍ അവാര്‍ഡ് ജേതാവിനെ സദസ്സിന് പരിചപ്പെടുത്തി. സ്വാഗത സംഘം കണ്‍വീനര്‍ റോയ് ഐ വര്‍ഗീസ്, എം സുനീര്‍ സംബന്ധിച്ചു.