Connect with us

Health

പൊള്ളൽ മരണം തടയാൻ സ്‌കിൻ ബേങ്ക് വരുന്നു

Published

|

Last Updated

കോഴിക്കോട് | തീപ്പൊള്ളലേറ്റവരുടെ ജീവൻ അണുബാധയേറ്റ് പൊലിഞ്ഞുപോകുന്ന ദുരവസ്ഥക്ക് പരിഹാരമാവുന്ന സ്‌കിൻ ബേങ്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ യാഥാർഥ്യമാവാൻ പോവുന്നു.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാന വർഷമായ 2020 അവസാനിക്കുമ്പോൾ ഇതു യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പദ്ധതിയുടെ നോഡൽ ഓഫീസറും പ്ലാസ്റ്റിക് സർജറി അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ഷീജ രാജൻ പറഞ്ഞു.

രാജ്യത്ത് അപൂർവമായി ചില ആശുപത്രികളിലാണ് സ്‌കിൻ ബേങ്ക് ഉള്ളത്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളിൽ നിന്ന് ശേഖരിച്ച് വെക്കുകയും അത് അത്യാവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയോടെ വെച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിൻ ബേങ്ക് സ്ഥാപിക്കുന്നത്.
പൊള്ളൽ ഏറ്റവുമധികം ബാധിക്കുന്നത് ത്വക്കിനെയാണ്. തൊലിപ്പുറം പൊള്ളിയതു മൂലം അണുബാധയെ പ്രതിരോധിക്കാൻ കഴിയാതെയാണ് പല മരണങ്ങളും ഉണ്ടാകുന്നത്. അതിനാൽ പൊള്ളിയ സ്ഥാനത്ത് തൊലി വെച്ചുപിടിപ്പിക്കാൻ കഴിഞ്ഞാൽ നിരവധി ജീവൻ രക്ഷിക്കാനാകുമെന്ന് അവർ പറയുന്നു. അവയവദാന പ്രക്രിയയിലൂടെയാണ് തൊലി ശേഖരിക്കുക. മസ്തിഷ്‌ക മരണമടഞ്ഞയാളുടെ കരൾ, വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങൾ നിശ്ചിത മണിക്കൂറിനകം ശേഖരിച്ചാൽ മാത്രമേ ഫലം കാണുകയുള്ളു. എന്നാൽ തൊലി ബ്ലഡ് ബേങ്ക് പോലെ സംഭരിച്ചു വെക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയും. സ്‌കിൻ ബേങ്ക് സാധ്യമാകുന്നതോടെ അവയവ ദാനത്തോടൊപ്പം സ്‌കിൻ ട്രാൻസ്പ്ലാന്റിനും വഴിതെളിയും.

ഇതിനായി നൂതന ഓപറേഷൻ തീയേറ്റർ സജ്ജമാക്കേണ്ടതുണ്ട്. ബയോ സേഫ്റ്റി ക്യാബിനറ്റ്, ആട്ടോക്ലേവ്, സെൻട്രിഫ്യൂജ്, ഒപ്റ്റിക്കൽ ഷേക്കർ, ബി ഒ ഡി ഇൻക്യുബേറ്റർ, വാക്ക് ഇൻ റെഫ്രിജറേറ്റർ തുടങ്ങിയ സജ്ജീകരണങ്ങളാണ് സ്‌കിൻ ബേങ്കിന് ആവശ്യമായിട്ടുള്ളത്.
പൊള്ളലേറ്റവർക്ക് ചികിത്സിക്കാനാവശ്യമായ നൂതന സംവിധാനങ്ങളുള്ള ബേൺസ് ഐ സി യു മെഡിക്കൽ കോളജിൽ ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരിക്കും സ്‌കിൻ ബേങ്കും തയ്യാറാവുക. പ്രത്യേക വെന്റിലേറ്റർ സൗകര്യവും സ്റ്റെപ്പ് ഡൗൺ ഐ സി യു വും ഇതോടൊപ്പം സജ്ജമാവും.

നാഷനൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് മാനേജ്മെന്റ് ഓഫ് ബേൺ ഇൻജുറീസ് (എൻ പി പി എം ബി ഐ) പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ആറ് കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ നൽകിക്കഴിഞ്ഞു.
പൊള്ളൽ മൂലമുള്ള മരണം അനിയന്ത്രിതമായ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം ഇത് പ്രതിരോധിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാം (പി പി പി ബി ഐ) രാജ്യത്ത് നടപ്പാക്കിയിരുന്നു.
ഹരിയാന, ഹിമാചൽ പ്രദേശ്, അസം സംസ്ഥാനങ്ങളിലെ മൂന്ന് മെഡിക്കൽ കോളജുകളിലും ആറ് ജില്ലാ ആശുപത്രികളിലും 29 കോടി രൂപ ചെലവിൽ പദ്ധതി പരീക്ഷിച്ചപ്പോൾ പൊള്ളൽ മരണ നിരക്ക് വൻ തോതിൽ കുറഞ്ഞു. ശ്രമം ഫലം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് 12ാം പഞ്ചവത്സര പദ്ധതി എൻ പി പി എം ബി ഐ എന്ന പേരിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ 67 മെഡിക്കൽ കോളജുകളിൽ നടപ്പാക്കുന്ന പദ്ധതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിനേയും ഉൾപ്പെടുത്തുകയായിരുന്നു.

പൊള്ളൽ കൈകാര്യം ചെയ്യുന്നതിനും പുനരധിവാസത്തിനുമുള്ള ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെയുള്ള ഈ യൂനിറ്റ് വരുന്നതോടെ രോഗികളിലെ അണുബാധ നിയന്ത്രിക്കാൻ കഴിയുമെന്നും മരണ നിരക്ക് കുറക്കാൻ കഴിയുമെന്നും ഡോക്ടർമാർ വിശദമാക്കി. സെൻട്രൽ ഡിസൈൻ ബ്യൂറോ നിർദേശിക്കുന്നതിനനുസരിച്ചാണ് ഇവിടെ ഉപകരണങ്ങൾ, ജീവനക്കാർ, ബേൺസ് യൂനിറ്റ്, വാർഡ് എന്നിവ തയ്യാറാക്കുക.

എന്നാൽ സ്‌കിൻ ബേങ്ക് എന്ന ആശയം എത്രമാത്രം പ്രായോഗികമാണെന്ന കാര്യത്തിൽ ഡോക്ടർമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. മരിച്ചവരുടെ കാലിൽ നിന്നാണ് തൊലി ശേഖരിക്കുക. മരിച്ചവരുടെ ബന്ധുക്കൾ അവയവമാറ്റത്തിന് തയ്യാറാകുന്ന അതേ നടപടിക്രമങ്ങൾ ഇതിനായി ചെയ്യേണ്ടിവരും.

അതിനാൽ നൂലാമാലകളിൽ കുടുങ്ങി തൊലി ശേഖരണ പ്രക്രിയ തടസ്സപ്പെടാനുള്ള സാധ്യതകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതീവ സങ്കീർണമായ ശസ്ത്രക്രിയയാണിത്. എന്നാൽ “ശസ്ത്രക്രിയക്ക് വിധേയമായ രോഗിക്ക് വായിൽ രോമം വളരുന്നു” പോലുള്ള വാർത്തകൾ വസ്തുതകൾ അന്വേഷിക്കാതെ പ്രചരിക്കുമ്പോൾ ഡോക്ടർമാരുടെ ആത്മവിശ്വാസം തകരും. ഇത്തരം കാര്യങ്ങളിൽ അറിവില്ലാതെ തെറ്റിദ്ധാരണ പരത്തുന്നതുപോലുള്ള നടപടി ഡോക്ടർമാരെ പിന്നോട്ടടിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇരകൾ ഏറെയും സ്ത്രീകൾ

കോഴിക്കോട് | തീപ്പൊള്ളലിന് ഇരകളാവുന്നതിൽ അധികവും സ്ത്രീകളാണ്. ഒരു കാലത്ത് സ്ത്രീധന പീഡനങ്ങളായിരുന്നു തീപ്പൊള്ളലിലെ വില്ലനെങ്കിൽ ഇപ്പോൾ മറ്റുകാരണങ്ങളാണ് കൂടുതൽ. കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങൾ തിരിച്ചറിയാതെ പോകുന്നതു മൂലമുള്ള ആത്മഹത്യാ പ്രവണത ഏറി വരികയാണ്. ഭർത്താവുമായുള്ള കൊച്ചു പരിഭവങ്ങൾ ആത്മഹത്യാ ശ്രമത്തിലെത്തിക്കുന്നു. എന്നാൽ മരണ മൊഴിയിൽ പോലും അവർ ഭർത്താവിനേയോ ഭർതൃ വീട്ടുകാരെയോ കുറ്റപ്പെടുത്തുകയില്ല. കാരണം താൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന കടുത്ത പ്രതീക്ഷയിലായിരിക്കും അവസാന നിമിഷം വരെ അവർ. ചപ്പുചവറുകൾ തീയിടുമ്പോൾ പെട്രോൾ പോലുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു മൂലം പൊള്ളലേൽക്കുന്നതും കൂടിവരുന്നു. അടുക്കളയിൽ നിന്നുള്ള അപകടങ്ങൾക്ക് ഇരകളാകുന്നതും സ്ത്രീകൾ തന്നെ.
പ്രണയത്തിന്റെ പേരിൽ പെട്രോൾ ആക്രമണ സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുകയാണ്. പൊള്ളലേറ്റവർ രക്ഷപ്പെട്ടാലും ദേഹത്തെ വൈകൃതം മൂലം അവർ കടുത്ത മാനസികാഘാതത്തിന് ഇരകളായിത്തീരും.
ഗ്യാസ് സിലിണ്ടർ, പെട്ടെന്ന് തീപ്പിടിക്കുന്ന വസ്ത്രങ്ങൾ, നിലവാരം കുറഞ്ഞ സ്റ്റൗ, പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവ വീട്ടിൽ സൂക്ഷിക്കുന്ന പ്രവണത, ഇടുങ്ങിയ അടുക്കള തുടങ്ങിയവയെല്ലാം തീപ്പിടിത്തത്തിന് കാരണമാകുന്നു. പൊള്ളലിന് മാരക സ്വഭാവമുണ്ട്. അതിനാൽ മരണനിരക്കും കൂടുതലാണ്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest