Connect with us

Eranakulam

ഒന്ന് ജയിക്കൂ പ്ലീസ്; ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം ഇന്ന്

Published

|

Last Updated

കൊച്ചി | ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ അവസാന ഹോം മത്സരത്തിനിറങ്ങുന്നു. ഫുട്‌ബോൾ പ്രേമികൾക്ക് എന്നും ആവേശം സമ്മാനിച്ചിട്ടുള്ള ദക്ഷിണേന്ത്യൻ ഡെർബിയിൽ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. അവസാന നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ ഹോം സീസൺ അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നു. ടീം നേരത്തേ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
ഐ എസ് എല്ലിൽ ബെംഗളൂരുവിനെ തോൽപ്പിക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. നാല് തവണ ബെംഗളൂരു ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിലായി. ബെംഗളൂരു എഫ് സിക്കെതിരെ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിക്കാനുള്ള മികച്ച അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് ഇത്. അതേസമയം, എഫ് എഫ് സി യോഗ്യതാ മത്സരത്തിൽ വമ്പൻ ജയവുമായാണ് ബെംഗളൂരുവിന്റെ വരവ്. രണ്ടാം പാദത്തിൽ ഭൂട്ടാൻ ക്ലബാ പാറൊ എഫ് സിയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്കാണ് ബെംഗളൂരു തകർത്തത്.

ഇരു പാദങ്ങളിലുമായി 10-1ന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരു നേരത്തേത്തന്നെ പ്ലേ ഓഫിൽ കടന്നിട്ടുണ്ട്. അതേസമയം, ഇത്രയും മത്സരങ്ങളിൽ നിന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ അവർ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് സമനില വഴങ്ങിയിരുന്നു. പതിവ് പോലെ ക്യാപ്റ്റൻ ബർത്തലോമിയോ ഒഗ്ബച്ചെ, മെസി ബൗളി എന്നിവരിലാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ. സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ആകെ 23 ഗോളുകളിൽ പതിനെട്ടും നേടിയത് ഇരുവരും ചേർന്നാണ്.

Latest