Connect with us

Eranakulam

ടൂറിസം ഗ്രാമത്തിൽ പറന്നെത്തിയത് നാല് രാജഹംസങ്ങൾ

Published

|

Last Updated

കുമ്പളങ്ങിയിലെത്തിയ രാജഹംസങ്ങൾ

പള്ളുരുത്തി | പെലിക്കനും വർണക്കൊക്കും പറന്നിറങ്ങിയ ടൂറിസം ഗ്രാമത്തിൽ രാജഹംസവും വന്നെത്തി. കുമ്പളങ്ങി കണ്ടക്കടവ് റോഡിന് സമീപമുള്ള ചതുപ്പു നിലത്തിലാണ് നാല് രാജഹംസങ്ങൾ എത്തിയിരിക്കുന്നത്. വർഷംതോറും വിവിധയിനം ദേശാടന പക്ഷികളാണ് കുമ്പളങ്ങിയിലെ പാടശേഖരങ്ങളിൽ വിരുന്നെത്താറ്.

ഏറ്റവും വലിയ ജല പക്ഷിയാണ് രാജഹംസം. യൂറോപ്പിലെയും ഏഷ്യയിലെയും തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലും ഇവയെ കാണാം. രാജഹംസങ്ങൾ അനാറ്റിഡേ കുടുംബത്തിൽപ്പെടുന്ന പക്ഷികളാണ്. വിമാനങ്ങൾക്ക് പറക്കാനാവശ്യമുള്ളതു പോലെ റൺവേ ആവശ്യമുള്ള പക്ഷികളാണ് ഇവ. ഇവ മ്യൂട് സ്വാൻ അഥവാ മൂകഹംസം എന്നുമറിയപ്പെടുന്നു. രാജഹംസങ്ങൾക്ക് 125 മുതൽ 155 സെന്റീമീറ്റർ വരെ നീളമുണ്ടാകും. വെള്ളത്തിലെ സസ്യങ്ങൾ, ചെറുപ്രാണികൾ, മത്സ്യങ്ങൾ, തവളകൾ എന്നിവയാണ് ഇവയുടെ ആഹാരം.

മറ്റു ജലപക്ഷികളെ പോലെ വെള്ളത്തിൽ മുങ്ങി ഇരപിടിക്കാൻ ഈ അരയന്നങ്ങൾക്ക് സാധിക്കില്ല. നീണ്ടു വളഞ്ഞ കഴുത്തും തലയും വെള്ളത്തിനടിയിൽ താഴ്ത്തി ഇരപിടിക്കുകയാണ് ഇവ ചെയ്യുന്നത്. തൂവലുകളും വെള്ളത്തിൽ വളരുന്ന സസ്യങ്ങളുമുപയോഗിച്ചാണ് അരയന്നങ്ങൾ കൂട് നിർമിക്കുന്നത്. കൂടുതൽ സമയവും വെള്ളത്തിൽ കഴിയുന്ന സ്വഭാവക്കാരാണിവ.
രാജഹംസങ്ങളെ കാണാൻ നിരവധി ആളുകളാണ് കുമ്പളങ്ങിയിലേക്ക് എത്തുന്നത്.