Connect with us

Kerala

എം എസ് എഫിലെ ഭാരവാഹി തര്‍ക്കവും ഗ്രൂപ്പ് പോരും പുതിയ തലത്തിലേക്ക്

Published

|

Last Updated

കോഴിക്കോട് |  മുസ്ലിംലീഗിന്റെ മുതിര്‍ന്ന നേതാക്കന്‍മാര്‍ ഇടപെട്ടിട്ടും പരിഹരിക്കപ്പെടാതെ കിടിക്കുന്ന എം എസ് എഫിലെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം വലിയ വിഭാഗീയതയിലേക്ക് വഴിമാറുന്നു. സംഘടനാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഒരു വിഭാഗത്തിന് അനുകൂലമായി ഇപെട്ടതിനെ വിമര്‍ശിച്ച എം എസ് എഫ് ജില്ലാ പ്രസിഡന്റിന്റെ സ്ഥാനം തെറിച്ചു. എം എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റെയാണ് മാറ്റിയത്. കെ എന്‍ ഹക്കീം തങ്ങള്‍ക്കാണ് താത്കാലിക ചുമതല. റിയാസിനെ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയതിന് പുറമെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അടക്കമുള്ള കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശയുള്ളതായാണ് റിപ്പോര്‍ട്ട്. എം എസ് എഫ് തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചെ്ന്ന് ആരോപിച്ചാണ് നടപടി.

എന്നാല്‍ തനിക്കെതിരായ നടപടിയെക്കുറിച്ച് ഒന്നും അറിയിച്ചില്ലെന്നാണ് റിയാസിന്റെ പ്രതികരണം. നടപടിക്ക് മുമ്പ് തന്നോട് ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. ചന്ദ്രികയിലൂടെയാണ് മാറ്റിയ വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാസിനെ പുറത്താക്കിയതിനെതിരെ എം എസ് എഫിനുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തീരുമാനം നേതൃത്വം പുനഃപരിശോധിക്കണമെന്നും ഇല്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി വേണ്ടിവരുമെന്നാണ് റിയാസിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ജില്ലാ ലീഗ് കമ്മിറ്റി എം എസ് എഫ് ജില്ലാ പ്രസിഡന്റിനെ മാറ്റാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

നേരത്തെ യൂത്ത്‌ലീഗ് ഭാരവാഹിത്വ തിരഞ്ഞെടുപ്പിലുണ്ടായത് പോലുള്ള അധികാര തര്‍ക്കമാണ് ഇപ്പോള്‍ എം എസ് എഫിലുമുണ്ടായിരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ഇപ്പോള്‍ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട റിയാസ്. എം എസ് എഫ് സംസ്ഥാന കൗണ്‍സിലെ ഭൂരിഭക്ഷം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിനാല്‍ കൗണ്‍സില്‍ ഭുരിപക്ഷത്തിന്റെ താത്പര്യമനുസരിച്ച് തീരുമാനം എടുക്കണമെന്ന് ഇവര്‍ പറയുന്നു. വേണ്ടിവന്നാല്‍ വോട്ടെടുപ്പ് ആകാമെന്നും ഇവര്‍ പറയുന്നു. എം എസ് എഫിന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് നിഷാദ് കെ സലീമിന്റെ പേരും ഇവര്‍ മുന്നോട്ടുവെക്കുന്നു. ഇതിനെ എതിര്‍ക്കുന്ന മറുപക്ഷം പി കെ നവാസിനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെടുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവരെ ഇടപെടുവിച്ചാണ് ഇവര്‍ കരുക്കങ്ങള്‍ നീക്കുന്നത്.

നേരത്തെ യൂത്ത്‌ലീഗില്‍ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പി കെ ഫിറോസ് പക്ഷവും നജീബ് കാന്തപുരം പക്ഷവും തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. പി കെ ഫിറോസിനെ പ്രസിഡന്റാക്കുന്നത് തടയാന്‍ അന്ന് മുന്‍ യൂത്ത്‌ലീഗ് ഭാരവാഹികളടക്കം വലിയ ഒരു വിഭാഗം നേതാക്കള്‍ കിണഞ്ഞ് ശ്രമിച്ചു. എന്നാല്‍ യൂത്ത്‌ലീഗിനുള്ളിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ഫിറോസിനെ അനുകൂലിക്കുന്നവരായിരുന്നു. ഒടുവില്‍ വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ പോകുമെന്നായപ്പോള്‍ നേതൃത്വം ഇടപെട്ട് ഒരു സമവായമുണ്ടാക്കി. ഫിറോസിനെ പ്രസിഡന്റായും നജീബ് കാന്തപുരത്തെ സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന പുതിയ പോസ്റ്റ് സൃഷ്ടിച്ച് ഈ സ്ഥാനത്ത് ഇരുത്തി സമവായമുണ്ടാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഒരു പ്രശ്‌ന പരിഹാരത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്.

അതിനിടെ എം എസ് എഫ് തിരഞ്ഞെടുപ്പിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ ലീഗ് സംസ്ഥാന ഭാരവാഹികളായ മായിന്‍ ഹാജിയുടേയും പി എം എ സലാമിന്റേയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

 

 

---- facebook comment plugin here -----

Latest