Connect with us

Ongoing News

ശാസ്ത്രീയ തെളിവില്‍ പൊളിഞ്ഞ് ശ്രീറാമിന്റെ നുണകള്‍

Published

|

Last Updated

തിരുവനന്തപുരം | കെ എം ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന ഫോക്സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയില്‍. അമിത വേഗതയിലെത്തിയ കാര്‍ ബഷീറിന്റെ മോട്ടോര്‍ ബൈക്കിനെ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് പബ്ലിക് ഓഫീസിന്റെ മതിലില്‍ പോയി ഇടിച്ചു നില്‍ക്കുന്നത്. ശാസ്ത്രീയമായ പരിശോധനാ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും അന്വേഷണ സംഘം ഉറപ്പിക്കുന്നത്. അതിവേഗതയിലുള്ള വാഹനം പെട്ടെന്ന് അപകടത്തില്‍ പെടുമ്പോള്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉണ്ടാകാവുന്ന തരത്തിലുള്ള പരിക്കുകളാണ് ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്നതെന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളജില്‍ ചികിത്സിച്ച ന്യറോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അപകടസമയത്ത് വാഹനമോടിച്ചത്, ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ശാസ്ത്രീയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അപകടസ്ഥലത്തും കാറിലും നടത്തിയ പരിശോധനക്ക് പുറമേ ബഷീറിന്റെ പോസ്റ്റുമോര്‍ട്ടം പരിശോധനയുടെ ഫലവും ശ്രീറാമിന്റെ ചികിത്സാ രേഖകളും പരിശോധിച്ചാണ് ഫോറന്‍സിക് സംഘം ഈ നിഗമനത്തിലെത്തിയത്.

അപകടസമയത്ത് കാര്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് തിരുവന്തപുരം റീജയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പുറമേ പാപ്പനംകോട് ശ്രീചിത്ര കോളജ് ഓഫ് എഞ്ചിനീയറിംഗിലെ ഓട്ടോമൊബൈല്‍ വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമടങ്ങുന്ന മൂന്നംഗ വിദഗ്ധ സംഘം സംഭവ സ്ഥലവും അപകടത്തില്‍ പെട്ട കാറും പരിശോധിച്ചും അപകടസ്ഥല മഹസറും ഫോട്ടോഗ്രാഫുകളും പരിശോധിച്ചും കാര്‍ അമിത വേഗതയിലാണെന്നും ഇടിയുടെ ആഘാതവും സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
വെള്ളയമ്പലത്തു നിന്നും മ്യൂസിയത്തേക്കുള്ള റോഡിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറാ ദൃശ്യങ്ങളും സംഘം ശേഖരിച്ചിരുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ വെള്ളയമ്പലം കോര്‍പ്പറേഷന്‍ റോഡിലേക്ക് ഫോക്കസ് ചെയ്തിട്ടുള്ള ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, ഇവരുടെ ഓഫീസിലെ സി സി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, അപകടം നടക്കുന്ന പബ്ലിക് ഓഫീസ് കോമ്പൗണ്ടില്‍ വെള്ളയമ്പലം കോര്‍പ്പറേഷന്‍ ഓഫീസ് റോഡിലേക്ക് ഫോക്കസ് ചെയ്തിട്ടുള്ള മൂന്ന് ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ഡി വി ഡികള്‍ വാഹനത്തിന്റെ അമിത വേഗത തിരിച്ചറിയുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.

ഇതു കൂടാതെ അപകടത്തിന്റെ ദൃക്സാക്ഷികളുടേയും അപകടം കഴിഞ്ഞ് തൊട്ടുപിന്നാലെ എത്തിയവരുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം അപകട സമയത്ത് കാര്‍ അമിതവേഗതയിലായിരുന്നുവെന്നും ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതുമായാണ് മൊഴി നല്‍കിയിട്ടുള്ളത്.

ഓഗസ്റ്റ് രണ്ടാം തീയതി ശ്രീറാം വെങ്കിട്ടരാമന്‍ കവടിയാറുള്ള തിരുവനന്തപുരം ഐ എ എസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താമസിച്ചിരുന്നതായും അപകടത്തിന്റെ പിറ്റേന്ന് എത്തി ശ്രീറാമിന്റെ വസ്ത്രങ്ങള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ എടുത്തതായും ഇന്‍സ്റ്റിറ്റ്യൂട്ട് സെക്യൂരിറ്റി മൊഴിയും കുറ്റപത്രത്തിലുണ്ട്.
മറ്റു കാറുകളില്‍ ഇല്ലാത്ത വിധത്തില്‍ ഫോക്സ് വാഗണ്‍ വെന്റോ കാറില്‍ ബമ്പറിനും റേഡിയേറ്ററിനും ഇടക്കുള്ള ഇംപാക്ട് ബീം ഫിറ്റ് ചെയ്തിട്ടുള്ളതിനാലാണ് ഇടിയുടെ ആഘാതമേല്‍ക്കാതെ ശ്രീറാമും വഫയും രക്ഷപ്പെട്ടതെന്ന് ഫോക്സ് വാഗണ്‍ ഷോറൂമിലെ അസിസ്റ്റന്റ് മാനേജര്‍ നല്‍കിയ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു.

Latest