Connect with us

National

ഉമര്‍ അബ്ദുല്ലയുടെ തടങ്കല്‍: ജമ്മു കാശ്മീര്‍ ഭരണകൂടത്തിന് സുപ്രീം കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | പൊതു സുരക്ഷാ നിയമം ചുമത്തി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ തടങ്കലില്‍ വെച്ച സംഭവത്തില്‍ ജമ്മു കാശ്മീര്‍ ഭരണകൂടത്തിന് സുപ്രീം കോടതി നോട്ടീസ്. ഉമര്‍ അബ്ദുല്ലയുടെ സഹോദരി സാറ അബ്ദുല്ല നല്‍കിയ ഹരജിയിലാണ് നടപടി. കേസ് മാര്‍ച്ച് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

ഉമര്‍ അബ്ദുല്ലയെ ഉടന്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് സാറ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനാധിപത്യ, ഭരണഘടന അവകാശങ്ങള്‍ തടഞ്ഞ് കഴിഞ്ഞ ഏഴ് മാസത്തോളമായി തന്റെ സഹോദരനെ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മാനുഷിക പരിഗണിച്ച് സഹോദരനെ വിട്ടയടക്കാന്‍ നടപടി സ്വീകരിക്കണമെന്നും സാറ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതല്‍ ഉമര്‍ അബ്ദുല്ലയും കശ്മീരിലെ മറ്റ് ജന നേതാക്കളും കരുതല്‍ തടങ്കലിലാണ്. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ പേരില്‍ പൊതു സുരക്ഷാ നിയമം ചുമത്തുകയും ചെയ്തു. ഇത് ഇന്ത്യന്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് ഹരജിയില്‍ പറയുന്നു. എന്തിനാണ് തടങ്കലില്‍വെക്കുന്നതെന്ന് സംബന്ധിച്ച് ഒരു വിശദീകരണവും ഉമര്‍ അബ്ദുല്ലക്ക് നല്‍കിയിട്ടില്ലെന്നും ഹരജിയിലുണ്ട്.

ഉമര്‍ അബ്ദുല്ലയെ കൂടാതെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പേരിലും പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു. ഈ നിയമപ്രകാരം ഒരാളെ വിചാരണയൊന്നും കൂടാതെ രണ്ടു വര്‍ഷം വരെ തടങ്കലിലാക്കാന്‍ സാധിക്കും.

Latest