Connect with us

National

ലൈസന്‍സ് ഫീസ് അടയ്ക്കുന്നില്ല; നിയമത്തിന് ഈ രാജ്യത്ത് ഒരു വിലയുമില്ലേയെന്ന് ടെലികോം കമ്പനികളോട് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ടെലികോം കമ്പനികള്‍ വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര. ഫീസ് ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇവിടെ എന്താണ് നടക്കുന്നതെന്നും നിയമത്തിന് ഈ രാജ്യത്ത് ഒരു വിലയുമില്ലേയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. 1.47 ലക്ഷം കോടിയുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കുന്നതിന് കൂടുതല്‍ സമയം തേടിയുള്ള ടെലികോം കമ്പനികളുടെ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. എയര്‍ടെല്‍, വോഡഫോണ്‍, ടാറ്റ തുടങ്ങിയ ടെലികോം കമ്പനികളാണ് ഫീസ് അടയ്ക്കുന്നതിന് സമയം തേടി കോടതിയെ സമീപിച്ചത്.

കമ്പനികള്‍ ഒരു പൈസ പോലും അടച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഫീസ് അടയ്ക്കുന്നതിന് സമയം അനുവദിച്ച് ഉത്തരവിറക്കിയ ടെലികോം വകുപ്പിലെ ഓഫീസറെ കോടതിയിലേക്കു വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് പറഞ്ഞു. കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെയാണ് കഴിയുക. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കില്‍ സുപ്രീം കോടതി അടച്ചു പൂട്ടുന്നതാകും നല്ലത്. ഇത് അവസാന അവസരവും മുന്നറിയിപ്പുമാണെന്നും ജസ്റ്റിസ് പറഞ്ഞു.