കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഉയർന്ന താപനില

  Posted on: February 14, 2020 12:43 pm | Last updated: February 14, 2020 at 2:46 pm

  തിരുവനന്തപുരം | സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് സാധാരണ താപനിലയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയർത്തുന്ന ഘടകമാണെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ചൂട് പതിവിലും കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

  ചൂട് കൂടുന്നത് വഴിയുള്ള സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാനും നിർദേശമുണ്ട്. ധാരാളം വെള്ളം കുടിക്കണം. എപ്പോഴും വെള്ളം കൈയിൽ കരുതണം. നിർജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. വിദ്യാർഥികളുടെ പരീക്ഷാ കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. ക്ലാസ് മുറികളിൽ വായു സഞ്ചാരവും കുട്ടികൾക്ക് സ്‌കൂളിലും പരീക്ഷാ ഹാളിലും ശുദ്ധജല ലഭ്യതയും ഉറപ്പാക്കാൻനിർബന്ധമായും ശ്രദ്ധിക്കണം.

  അങ്കൺവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ പഞ്ചായത്ത് അധികൃതരും അങ്കൺവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
  പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കണം. നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചുള്ള ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കണം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയും ധാരാളം പഴങ്ങൾ കഴിക്കുകയും വേണം. നിർജലീകരണം തടയാൻ ഒ ആർ എസ് ലായനി പ്രോത്സാഹിപ്പിക്കണം.

  വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകുകയും വൈദ്യ സഹായം എത്തിക്കുകയും വേണം.