‘ഡിസ്പാക് ‘ മോട്ടിവേഷണല്‍ സെമിനാര്‍

Posted on: February 14, 2020 12:15 pm | Last updated: February 14, 2020 at 12:15 pm

ദമാം | ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘ഡിസ്പാക്’ വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു. അല്‍ഖോബാര്‍ നെസ്റ്റോ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കാളികളായി. വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കാനിരിക്കുന്ന വാര്‍ഷിക പരീക്ഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കുട്ടികളുടെ പരീക്ഷാ ഭയം ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, സമ്മര്‍ദങ്ങളില്ലാതെ എങ്ങനെ പഠിക്കാം തുടങ്ങിയ വിഷയങ്ങളാണ് സെമിനാറില്‍ പ്രതിപാദിച്ചത്. വിദ്യാഭ്യാസ രംഗത്തെ പ്രശസ്തരായ സിജിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രവാസ ലോകത്തെ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലുള്ള വിദ്യാര്‍ഥികളേക്കാള്‍ ഭാഷാ നൈപുണ്യം കൂടുതലുണ്ടെങ്കിലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അവബോധം ഇല്ലാത്തത് ഉന്നതങ്ങളിലെത്തുന്നതിലേക്ക് അവരെ തടയുന്നതില്‍ പ്രധാന ഘടകമാണെന്ന് മുഖ്യ പ്രഭാഷകനായിരുന്ന ജോജി പോള്‍ (ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ മാക് മില്ലന്‍ അക്കാദമി) പറഞ്ഞു. നിലവിലെ പഠന രീതിയില്‍ നിന്നും വ്യത്യസ്തമായി സിദ്ധാന്തങ്ങളെ പ്രായോഗിക വത്കരിക്കുന്ന അന്തരാഷ്ട്ര നിലവാരത്തിലുള്ള പഠന രീതികളിലൂടെ മാത്രമെ ഇനിയുള്ള കാലത്ത് മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോ: ഹബീബ് റഹ്മാന്‍ കള്ളിക്കല്‍ (സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്) പറഞ്ഞു.

ആക്ടിംഗ് പ്രസിഡന്റ് അഷറഫ് ആലുവ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍മാരായ ഡോ: അബ്ദുല്‍ സലാം കണ്ണിയന്‍, സുനില്‍ മുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുസ്തഫ തലശ്ശേരി, ഷമീം കട്ടാകട എന്നിവര്‍ ചേര്‍ന്ന് മെമെന്റോ കൈമാറി.
നജീബ് അരഞ്ഞിക്കല്‍, സാദിക്ക് അയ്യാരില്‍, റെജി പീറ്റര്‍, അസ്ലം ഫറോക്ക്, ഷൗബീര്‍ നേതൃത്വം നല്‍കി. താജു അയ്യരില്‍ സ്വാഗതവും അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു