ആശ്വസിക്കാനുണ്ട്; അസ്വസ്ഥപ്പെടാനും

Posted on: February 14, 2020 11:47 am | Last updated: February 14, 2020 at 11:47 am


ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കുമറിയുന്നത് പോലെ രണ്ട് ഫലങ്ങളാണ് ഉണ്ടായത്. ആം ആദ്മി പാര്‍ട്ടി (എ എ പി) 2015ല്‍ നേടിയ വലിയ വിജയത്തോടടുത്ത ജയം സ്വന്തമാക്കിയതും ഭാരതീയ ജനതാ പാര്‍ട്ടി (ബി ജെ പി) 2015ലുണ്ടായ പരാജയത്തോട് അടുത്ത പരാജയം ഏറ്റുവാങ്ങിയതും. രണ്ടും പ്രത്യേകമായി കാണേണ്ടി വരുന്നത്, എ എ പിയും ബി ജെ പിയും രണ്ട് രീതിയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതുകൊണ്ടാണ്. രണ്ട് ഫലങ്ങളില്‍ ഏറ്റവും പ്രധാനം അമിത് ഷാ നേരിട്ട് നേതൃത്വം നല്‍കിയ പ്രചണ്ഡമായ പ്രചാരണത്തിനൊടുവിലും ബി ജെ പി രണ്ടക്കം തൊട്ടില്ല എന്നത് തന്നെ.

2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് പിറകെയാണ് ഡല്‍ഹി നിയമസഭയിലേക്ക് വോട്ടെടുപ്പുണ്ടായത്. നരേന്ദ്ര മോദി നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും 67 സീറ്റ് നേടി എ എ പി അധികാരം പിടിച്ചു. 2020ല്‍ അരങ്ങേറിയതു പോലുള്ള വര്‍ഗീയ പ്രചാരണത്തിന് 2015ല്‍ ഡല്‍ഹി വേദിയായിരുന്നില്ല. പ്രധാനമന്ത്രി പദമേറിയ നരേന്ദ്ര മോദിയുടെ “പ്രതിച്ഛായ’ ഡല്‍ഹിയില്‍ അധികാരമുറപ്പാക്കുമെന്ന അമിതമായ ആത്മവിശ്വാസം അക്കാലത്ത് ബി ജെ പിക്കുണ്ടായിരുന്നു. എന്നാല്‍ അരവിന്ദ് കെജ്‌രിവാളെന്ന നേതാവിലും ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങളിലും വിശ്വാസമര്‍പ്പിക്കാനാണ് ഡല്‍ഹിയിലെ ജനത തീരുമാനിച്ചത്. അഞ്ച് വര്‍ഷത്തിനിപ്പുറം തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ സ്വീകരിച്ച നടപടികള്‍ കെജ്‌രിവാളിന്റെയും എ എ പിയുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കുകളില്‍ വരുത്തിയ കുറവ്, പൊതു മേഖലയിലുള്ള ആരോഗ്യ – വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം കൂട്ടിയത്, സ്ത്രീകള്‍ക്ക് നല്‍കിയ സൗജന്യങ്ങള്‍ തുടങ്ങിയവയൊക്കെ അധികാരത്തിലേക്ക് തിരികെ വരുന്നതിനുള്ള വഴിയൊരുക്കുമെന്ന് എ എ പി വിശ്വസിച്ചു. ആ വിശ്വാസം ജനം ശരിവെച്ചതിന്റെ ഫലമാണ് 70ല്‍ 62 സീറ്റ്.

പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ പട്ടിക ദേശ വ്യാപകമാക്കാനുള്ള നീക്കത്തിലും രാജ്യവ്യാപകമായുയര്‍ന്ന പ്രതിഷേധത്തെ തീവ്ര ദേശീയതയില്‍ വര്‍ഗീയതയുടെ വിഷം ചാലിച്ച് നേരിടാനാണ് ബി ജെ പിയും സംഘ്പരിവാരവും വലിയ ശ്രമം നടത്തിയത്. പ്രതിഷേധത്തിന്റെ മുഖ്യവേദി ഡല്‍ഹിയായതുകൊണ്ടു തന്നെ സംഘ്പരിവാര പ്രചാരണവും അവിടെ തീഷ്ണമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം മുസ്‌ലിം ന്യൂനപക്ഷങ്ങളുടേത് മാത്രമാണെന്നും പ്രക്ഷോഭങ്ങള്‍ക്ക് ഭീകരവാദികളുടെ പിന്തുണയുണ്ടെന്നും വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. സമരവേദികളിലൊന്നായ ശഹീന്‍ ബാഗ്, ഭീകരവാദികളെ ഉത്പാദിപ്പിക്കുന്ന വേദിയാണെന്ന് വരെ പ്രചാരണമുണ്ടായി. ഡല്‍ഹിയില്‍ നടക്കുന്നത് ഇന്ത്യാ – പാക്കിസ്ഥാന്‍ യുദ്ധമാണെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നിടം വരെ കാര്യങ്ങളെത്തി. വോട്ടര്‍മാരില്‍ എണ്‍പത് ശതമാനത്തോളം വരുന്ന ഹിന്ദുക്കളില്‍ വിഷം കുത്തിവെച്ച് വോട്ടുറപ്പാക്കുക എന്നതായിരുന്നു ഉദ്ദേശ്യം.

അതിന് വഴങ്ങാതിരുന്ന ജനം, തങ്ങളുടെ ദൈനംദിന ജീവിതത്തെ സുഗമമാക്കാന്‍ എ എ പി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കി. അപ്പോഴും സംഘ്പരിവാരത്തിന്റെ വിഷലിപ്തമായ അജന്‍ഡയെയോ അതിന്റെ പ്രയോക്താക്കളായ നരേന്ദ്ര മോദി സര്‍ക്കാറിനെയോ ജനം തള്ളിക്കളഞ്ഞുവെന്നതിന് തെളിവായി ഡല്‍ഹിയിലെ എ എ പി വിജയത്തെ കാണാനാകുമോ എന്നതില്‍ സംശയമുണ്ട്. വര്‍ഗീയ അജന്‍ഡയെ പ്രതിരോധിക്കാന്‍ പ്രചാരണ രംഗത്ത് എ എ പി യാതൊന്നും ചെയ്തിരുന്നില്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചോ അതിനെ ചോദ്യംചെയ്ത് രാജ്യത്താകെ നടക്കുന്ന സമരങ്ങളെക്കുറിച്ചോ അരവിന്ദ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഒന്നും പറഞ്ഞതുമില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വീണ്ടും വിഭജിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമവഴിയിലൂടെ നടപടികളെടുക്കുന്നതിനെ വിമര്‍ശിക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ പിന്തുണ നഷ്ടമാകാന്‍ ഇടയാക്കുമെന്ന സംശയം എ എ പിക്കുണ്ടായിരുന്നുവെന്ന് തന്നെ കരുതണം. പ്രചാരണം അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ മാത്രമൊതുക്കാന്‍ കെജ്‌രിവാളും കൂട്ടരും തയ്യാറായത് അതുകൊണ്ടാണ്. വിജയശേഷമുള്ള പ്രതികരണങ്ങളില്‍ ദേശീയതയുടെയും ഹിന്ദുമതത്തിന്റെയും അംശങ്ങള്‍ കൃത്യമായി ചേര്‍ക്കാന്‍ കെജ്‌രിവാള്‍ തയ്യാറായതിന്റെ കാരണവും മറ്റൊന്നല്ല.
ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും അതിന്റെ ഫലം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുകയും ചെയ്യുമ്പോള്‍, ഭരണത്തുടര്‍ച്ച അവരാഗ്രഹിക്കും. വര്‍ഗീയവിഷം വമിപ്പിക്കുന്ന പ്രചാരണങ്ങളിലൂടെ വികാരമുണര്‍ത്താനുള്ള ശ്രമത്തെ ജനം തള്ളിക്കളയുകയും ചെയ്യും. അതുപക്ഷേ, എല്ലായിടത്തും ആവര്‍ത്തിക്കാനിടയുള്ള ഒന്നാണെന്ന് പറയാനാകില്ല. വര്‍ഗീയ അജന്‍ഡകളിലൂടെ ജനത്തെ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാര ശ്രമത്തെ തുറന്നുകാട്ടി, മതനിരപേക്ഷ ജനാധിപത്യത്തിന്റെ തുടര്‍ച്ച ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിന് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തി തിരഞ്ഞെടുപ്പ് വിജയം നേടുമ്പോള്‍ മാത്രമേ സമകാലിക ഇന്ത്യയില്‍ യഥാര്‍ഥത്തിലുള്ള രാഷ്ട്രീയ വിജയമുണ്ടാകുകയുള്ളൂ. അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ ജനം വിശ്വാസമര്‍പ്പിക്കുന്നുവെന്ന് ഉറപ്പുണ്ടായിരിക്കെ, സംഘ്പരിവാരത്തിനു മേലുള്ള രാഷ്ട്രീയ വിജയത്തിന് കൂടി അരവിന്ദ് കെജ്‌രിവാളിനും എ എ പിക്കും ശ്രമിക്കാമായിരുന്നു. അതുണ്ടായില്ല എന്നതാണ് എ എ പിയുടെ വിജയത്തിന്റെ മാറ്റുകുറക്കുന്നത്, ബി ജെ പിയുടെ പരാജയത്തിന്റെ കനം കുറക്കുന്നതും. തീവ്ര ഹിന്ദുത്വത്തെ തോല്‍പ്പിക്കാന്‍ മൃദു ഹിന്ദുത്വത്തെക്കൂടി ആയുധമാക്കുകയും അതിനായി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന ആശങ്കകളോട് മുഖംതിരിച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍, പ്രത്യേകിച്ചൊരു തിരഞ്ഞെടുപ്പില്‍, മതനിരപേക്ഷ ചേരിയുടെ കരുത്ത് രാജ്യത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള അവസരം കളഞ്ഞുകുളിക്കുകയാണ് ചെയ്യുന്നത്. അതാണ് ബി ജെ പിയുടെ വലിയ തോല്‍വി നല്‍കുന്ന ആശ്വാസത്തിനൊപ്പം ഡല്‍ഹി ഫലമുണ്ടാക്കുന്ന അസ്വസ്ഥത. രാജ്യത്ത് വലിയ ശക്തിയായിരുന്ന കാലത്ത്, മൃദു ഹിന്ദുത്വ നിലപാടുകളിലൂടെ കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച ഉറപ്പാക്കിയിരുന്നത് തീവ്ര ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്ക് ഏതളവിലാണോ സംഭാവന നല്‍കിയത്, അതിന്റെ അനുരണനങ്ങള്‍ക്കുള്ള സാധ്യത ശേഷിപ്പിക്കുന്നു കെജ്‌രിവാളും എ എ പിയും. ദേശീയതലത്തില്‍ മോദി – ഷാ ദ്വയത്തിന് ബദലാകുക എന്ന മോഹം കെജ്‌രിവാള്‍ പൊടിതട്ടിയെടുക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഡല്‍ഹിയില്‍ ശ്രദ്ധേയമായ മറ്റൊരു സംഗതി നരേന്ദ്ര മോദി ബി ജെ പിയുടെ പ്രചാരണ നായകനായിരുന്നില്ല എന്നതാണ്. രണ്ട് റാലികളില്‍ മാത്രമാണ് മോദി പങ്കെടുത്തത്. നിറഞ്ഞുനിന്നത് അമിത് ഷായായിരുന്നു. ഓരോ മണ്ഡലത്തിലും പ്രചാരണം ഏകോപിപ്പിക്കാന്‍ മൂന്ന് എം പിമാരെ വീതം നിയോഗിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ സാന്നിധ്യം മണ്ഡലങ്ങളില്‍ ഉറപ്പാക്കിയിരുന്നു. ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും അമിത് ഷാ നേരിട്ട് പ്രചാരണത്തിന് എത്തി. ബി ജെ പിയുടെ ഖജനാവില്‍ നിന്ന് വേണ്ടുവോളം പണം ഒഴുകുകയും ചെയ്തു. എന്നിട്ടും വലിയ പരാജയം ബി ജെ പിക്കുണ്ടാകുമ്പോള്‍ അമിത് ഷായുടെ “തന്ത്രജ്ഞ’ പദവി ചോദ്യംചെയ്യപ്പെടുകയാണ്. 2019ലെ ലോക്‌സഭാ വിജയത്തോടെ, പാര്‍ട്ടിയിലും ഭരണത്തിലും അമിത് ഷാ കൂടുതല്‍ കരുത്തനായെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. അത് വലിയൊരളവില്‍ ഇല്ലാതാക്കുന്നുണ്ട് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം. മോദി നേരിട്ട് ഇറങ്ങിയിരുന്നുവെങ്കിലും ഫലത്തില്‍ മാറ്റമുണ്ടാകുമായിരുന്നില്ല. 2015ല്‍ നേരിട്ട അവസ്ഥ 2020ല്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചു. അതുവഴി അമിത് ഷായേക്കാള്‍ വലിയ നേതാവ് താന്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്താനും. ബി ജെ പിയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒരുപക്ഷേ ഡല്‍ഹി കാരണമായേക്കാം. അതിന് ധൈര്യമുള്ളവര്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ടോ എന്ന പരിശോധനക്കെങ്കിലും.

2015ല്‍ സീറ്റുണ്ടായിരുന്നില്ല കോണ്‍ഗ്രസിന്. ഇക്കുറിയുമില്ല. അതുകൊണ്ട് തന്നെ ആ പാര്‍ട്ടിക്ക് എന്തെങ്കിലും തിരിച്ചടിയുണ്ടായി എന്ന് പറയുന്നതില്‍ അര്‍ഥമില്ല! ഇതിലപ്പുറമൊന്നും നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല എന്നതുകൊണ്ടു തന്നെ തോല്‍വിയെക്കുറിച്ചൊരു അന്വേഷണം പോലും വേണ്ടതുമില്ല. വര്‍ഗീയ അജന്‍ഡകളിലൂന്നിയുള്ള പ്രചാരണത്തെ അവഗണിച്ച്, ഭരണനേട്ടം നിരത്തി വിജയം വരിച്ച കെജ്‌രിവാളിനെ മാതൃകയാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയെ എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളും തയ്യാറാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ അതാകും ഡല്‍ഹി ഫലമുണ്ടാക്കുന്ന രാഷ്ട്രീയ തിരിച്ചടി.