പോലീസിലെ അഴിമതി: അന്വേഷണം പ്രഖ്യാപിക്കണം

Posted on: February 14, 2020 11:39 am | Last updated: February 14, 2020 at 11:39 am

ഗുരുതരമായ ക്രമക്കേടുകളാണ് പോലീസ് വകുപ്പില്‍ സി എ ജി കണ്ടെത്തിയത്. കീഴ്ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മാണത്തിനുള്ള ഫണ്ട് വകമാറ്റല്‍, തോക്കുകളും വെടിയുണ്ടകളും കാണാതാകല്‍, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കല്‍, പോലീസ് നവീകരണത്തിനായി നല്‍കിയ പണം ഉപയോഗിച്ച് ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടല്‍ തുടങ്ങി നിരവധി അഴിമതിക്കഥകളാണ് ധനമന്ത്രി ടി എം തോമസ് ഐസക് ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച 2019ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിലുള്ളത്.

വാഹനങ്ങള്‍ വാങ്ങുന്നതില്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2016-17 കാലത്ത് വി വി ഐ പി സുരക്ഷക്കായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചിരുന്നു. ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകളും ഓപ്പണ്‍ ടെന്‍ഡര്‍ വ്യവസ്ഥയും പാലിച്ചു വേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് 2017 ജനുവരിയില്‍ ഇതിനു ഭരണാനുമതി നല്‍കിയത്. എന്നാല്‍ ഡി ജി പി ഓപ്പണ്‍ ടെന്‍ഡര്‍ വ്യവസ്ഥ പാലിച്ചില്ല. മാത്രമല്ല അദ്ദേഹം ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രസ്തുത കമ്മിറ്റിയുടെ തീരുമാനപ്രകാരമെന്ന വ്യാജേന മിസ്തുബിഷി വാഹന കമ്പനിയില്‍ നിന്ന് 55.02 ലക്ഷം രൂപ വിലയുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതിനായി സപ്ലൈ ഓര്‍ഡര്‍ കൊടുക്കുകയും ചെയ്തു. ഓപ്പണ്‍ ടെന്‍ഡര്‍ ചെയ്തില്ലെന്നതു തന്നെ ഗുരുതരമായ കൃത്യവിലോപമായിരുന്നുവെന്ന് സി എ ജി ചൂണ്ടിക്കാട്ടുന്നു.

കീഴ്ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മാണത്തിനുള്ള 2.81 കോടി രൂപ ഡി ജി പിക്കും എ ഡി ജി പിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കുന്നതിനായി ഡി ജി പി വകമാറ്റിയെന്നാണ് സി എ ജിയുടെ മറ്റൊരു കണ്ടെത്തല്‍. പോലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതാണ് മറ്റൊന്ന്. വന്‍ പ്രഹര ശേഷിയുള്ള ഇന്‍സാസ് റൈഫിളുകളും വെടിയുണ്ടകളുമാണ് കാണാതായത്. ഈ ക്രമക്കേട് മറച്ചുവെക്കാന്‍ വ്യാജ വെടിയുണ്ടകള്‍ പകരം വെച്ച് അധികൃതരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും സി എ ജി ഉന്നയിക്കുന്നുണ്ട്. എസ് എ പി ക്യാമ്പ് ഓഡിറ്റ് ചെയ്തപ്പോഴാണ് ഈ ക്രമക്കേടുകള്‍ വെളിച്ചത്തായത്. നേരത്തേ ഓട്ടോമാറ്റിക് തോക്കുകള്‍ക്കായുള്ള എൺപത് 7.62 എം എം വെടിയുണ്ടകള്‍ കുറവ് വന്ന വിവരം മൂടിവെക്കാനുള്ള ശ്രമവും ഓഡിറ്റില്‍ കണ്ടെത്തി. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ് വെടിക്കോപ്പുകള്‍ അപ്രത്യക്ഷമായ സംഭവമെന്ന് സി എ ജി മുന്നറിയിപ്പ് നല്‍കുന്നു. പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാനെന്ന പേരില്‍ 269 വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ട്. ഇതില്‍ 41 എണ്ണവും ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള ആഡംബര കാറുകളായിരുന്നു.

പോലീസ് സേനയുടെ നവീകരണത്തിനായി കോടികളാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതിന്റെ പകുതി പോലും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായി കാണുന്നില്ലെന്ന് നേരത്തേ ആരോപണമുണ്ട്. ഈ പണമെല്ലാം എങ്ങോട്ടു പോയെന്ന ചോദ്യത്തിനുത്തരമാണ് ഇപ്പോള്‍ സി എ ജി റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ദൈനംദിന ഭരണച്ചെലവുകള്‍ക്ക് തന്നെ പ്രയാസപ്പെടുകയും ചെയ്യുകയാണ് നിലവില്‍ സംസ്ഥാനം. ഇത്തരമൊരു ഘട്ടത്തിലാണ് പോലീസ് മേധാവികളുടെ ഈ ആഡംബര ഭ്രമവും ധൂര്‍ത്തും. അഴിമതികളും ക്രമക്കേടുകളും തടയാനുള്ള സംവിധാനത്തിന്റെ മുഖ്യഭാഗമാണ് പോലീസ്. വേലിതന്നെ വിളവ് തിന്നുവെന്ന സി എ ജി കണ്ടെത്തല്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണുകയും സമഗ്ര അന്വേഷണത്തിലൂടെ ഇതിന്റെ വസ്തുത വെളിച്ചത്തു കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. പോലീസില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം പ്രഖ്യാപിച്ചതുമാണ്.
പോലീസുകാരുടേത് ഉള്‍പ്പെടെ അഴിമതിയാരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്ന രീതിയാണ് നിലവിലുള്ളത്.

എന്നാല്‍ പോലീസിനെതിരായ കേസുകള്‍, പോലീസിന്റെ തന്നെ ഭാഗമായ വിജിലന്‍സ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരാനിടയില്ലെന്നും നിലവിലെ ആരോപണങ്ങളെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പൊതുസമൂഹത്തിന്റെ നിലപാടും വ്യത്യസ്തമല്ല. പോലീസിനെതിരായ ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നതിലെ സുതാര്യതക്കുറവ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസും ചൂണ്ടിക്കാട്ടിയതാണ്. താഴെത്തട്ടിലുള്ള പോലീസുകാര്‍ മുതല്‍ ഐ പി എസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ബാധ്യസ്ഥമാണെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പൊതുവെ വിമുഖത കാണിക്കുന്നതായി തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുന്നത്. ഈ സാഹചര്യത്തില്‍ പോലീസുകാര്‍ക്കെതിരായ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിനു കീഴില്‍ പോലീസുകാരല്ലാത്തവരുടെ പ്രത്യേക അന്വേഷണ യൂനിറ്റ് രൂപവത്കരിക്കണമെന്നും സത്യസന്ധമായും സമ്മര്‍ദമില്ലാതെയും കേസന്വേഷണത്തിന് ഇത്തരമൊരു രീതി സഹായകമാകുമെന്നും അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഡി ജി പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന നിലവിലെ പശ്ചാത്തലത്തില്‍ ഈ നിര്‍ദേശം ബന്ധപ്പെട്ടവരുടെ പരിഗണനക്ക് വിധേയമാകേണ്ടതുണ്ട്.