കൊറോണ ചൈനയില്‍ മരണം 1,486; ജപ്പാനിലും മരണം

Posted on: February 14, 2020 9:48 am | Last updated: February 14, 2020 at 4:35 pm

ബീജിംഗ് | കൊറോണ (കൊവിഡ് 19) ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,486 ആയി. ചൈനക്കു പുറത്ത് ഹോങ്കോങ്, ഫിലിപ്പൈന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലായി ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ജപ്പാനില്‍ 80 വയസുകാരി മരണപ്പെട്ടത്. ചൈനയില്‍ ഇന്നലെ മാത്രം 116 പേര്‍ മരിച്ചു. ഇതുവരെ 64,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ, കൊറോണ പടര്‍ന്നതിനെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗം ബാധിച്ച രണ്ട് ഇന്ത്യക്കാരെ ജപ്പാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേരളത്തില്‍ നിരീക്ഷണവും ജാഗ്രതയും തുടരുന്നതിനിടെ, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തുവെന്നത് ആശ്വാസകരമായ വാര്‍ത്തയായി.