Connect with us

National

ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ച യുവാവിനെ ട്രെയ്‌നില്‍ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു

Published

|

Last Updated

പൂനെ |  മുംബൈ- ലാത്തൂര്‍ ബിദര്‍ എക്‌സ്പ്രസില്‍ ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ച യുവാവിനെ 12 അംഗം സംഘം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ്(26) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് നടുക്കുന്ന സംഭവം നടന്നത്.

അമ്മക്കും ഭാര്യക്കും രണ്ട് വയസുമുള്ള മകള്‍ക്കുമൊപ്പം പുലര്‍ച്ചെയാണ് സാഗര്‍ ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നല്ല തിരക്കായതിനാല്‍ ഇവര്‍ക്ക് സീറ്റ് ലഭിച്ചില്ല. ഇതിനിടെ കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുകയായിരുന്ന ഭാര്യക്ക് സീറ്റ് ലഭിക്കാന്‍ സാഗര്‍ ശ്രമിച്ചു. തൊട്ടടുത്തെ സീറ്റിലുള്ള ഒരു സ്ത്രീയോട് നീങ്ങിയിരിക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ ബഹളംവെച്ച് യുവാവിനെതിരെ തിരഞ്ഞു. ഇത് കണ്ട് സ്ത്രീക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് സ്ത്രീകളടക്കമുള്ള 12 പേര്‍ ചേര്‍ന്ന് സാഗറിനെ മര്‍ദിക്കുകയായിരുന്നെന്ന് ഭാര്യ മൊഴി നല്‍കി. സാഗറിനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് ഭാര്യയും അമ്മയും തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്മാറിയില്ല. തുടര്‍ന്ന് ട്രെയിന്‍ ദൗന്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സാഗറിന്റെ ഭാര്യ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബോധരഹിതനായ സാഗറിനെ പോലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കല്യാണില്‍ താമസിക്കുന്ന സാഗറും കുടുംബവും സോളാപൂരില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായാണ് ട്രെയിനില്‍ കയറിയത്. സംഭവത്തില്‍ പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

 

 

Latest