National
ഏതെങ്കിലും മുസ്‌ലിമിനെ തടങ്കല്‍പാളയത്തില്‍ അയച്ചാല്‍ വന്‍ ജനകീയ പ്രക്ഷോഭമുണ്ടാകും: ചിദംബരം

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സുപ്രീംകോടതി ശരിവെക്കുകയും ഏതെങ്കിലും മുസ്ലീമിനെ തടങ്കല്‍പ്പാളയങ്ങളിലേക്ക് അയക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ രാജ്യത്ത് വന്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അസമില്‍ 19 ലക്ഷം പേരെ പുറത്താക്കിയ എന്‍ആര്‍സിയുടെ അനന്തരഫലമാണ് പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം വ്യക്തമാക്കി. ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമിലെ എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 19 ലക്ഷം പേരില്‍ ഉള്‍പ്പെട്ട 12 ലക്ഷം ഹിന്ദുക്കളെ രാജ്യത്തെ പൗരന്മാരായി പ്രഖ്യാപിക്കാനാണ് സിഎഎ കൊണ്ടുവന്നത്. സിഎഎയെ സുപ്രീംകോടതി ശരിവെക്കുന്ന സാഹചര്യമുണ്ടായാല്‍ കേന്ദ്രം മുസ്ലിംകളെ മാത്രമായിരിക്കും ലക്ഷ്യംവെക്കുക. അവരെ തിരിച്ചറിയാനും പുറത്താക്കാനും ശ്രമം നടത്തും. ഏതെങ്കിലും മുസ്ലീമിനെ ഇത്തരത്തില്‍ പുറത്താക്കുകയോ തടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്താല്‍ അതിനെ ചെറുക്കാന്‍ വലിയ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
സിഎഎ റദ്ദാക്കുമെന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപടികള്‍ 2024 ന് അപ്പുറത്തേക്ക് മാറ്റിവെക്കപ്പെടുമെന്നുമാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും ചിദംബരം പറഞ്ഞു.