Connect with us

National

ബംഗാളില്‍ മമത ബാനര്‍ജിയെ ഒഴിവാക്കി വിപുലീകരിച്ച മെട്രോ ഉദ്ഘാടനം; പ്രതിഷേധിച്ച് തൃണമൂല്‍

Published

|

Last Updated

കൊല്‍ക്കത്ത |  മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഒഴിവാക്കി ബംഗാളില്‍ മെട്രോയുടെ വിപുലീകരണ ഉദ്ഘാടനം. സംഭവത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പങ്കെടുത്ത ഇന്നത്തെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചു. സെക്ടര്‍ അഞ്ചിനെയും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തെയും ബന്ധിപ്പിക്കുന്ന കൊല്‍ക്കത്ത മെട്രോയുടെ അഞ്ചാം ഘട്ടമായ വെസ്റ്റ് – ഈസ്റ്റ് കോറിഡോര്‍ ഉദ്ഘാടന ചടങ്ങാണ് വിവാദമായത്. തൃണമൂല്‍ എം പി കകോലി ഘോഷ് ദാസ്തിദാര്‍, സംസ്ഥാന ഫയര്‍ സര്‍വിസ് മന്ത്രി സുജിത് ബോസ്, ബിധാനഗര്‍ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കൃഷ്ണ ചക്രബൊര്‍ത്തി എന്നിവരെയെല്ലം കത്ത് നല്‍കി ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചെങ്കിലും മുഖ്യമന്ത്രിയെ ഒഴിവാക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പേര് ക്ഷണക്കത്തില്‍ നിന്ന് ഒഴിവാക്കിയത് ബംഗാള്‍ ജനതയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌ക്കരിച്ചു. ബി ജെ പി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണൂല്‍ എം പി കകോലി ഘോഷ് ദാസ്തിദാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോര്‍ പദ്ധതിക്ക് 2009-2011 കാലത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയാണ് ഫണ്ട് അനുവദിച്ചത്. മമതയുടെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടന സമയമായപ്പോള്‍ മമതയെ ഒഴിവാക്കുകയായിരുന്നെന്ന് കകോലി കുറ്റപ്പെടുത്തി.

എന്നാല്‍ മമതാ ബാനര്‍ജി മുമ്പ് ചെയ്ത പാപങ്ങളുടെ ഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ദിലിപ് ഘോഷ് തിരിച്ചടിച്ചു. മമത റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തെ പല പരിപാടിക്കും മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യയെ ക്ഷണിച്ചിരുന്നില്ല. ബംഗാളില്‍ ഇപ്പോഴും പല സര്‍ക്കാര്‍ പരിപാടികളിലേക്കും ബി ജെ പി ജനപ്രതിനിധികളെ ക്ഷണിക്കുന്നില്ലെന്നും ദിലിപ് ഘോഷ് പറഞ്ഞു.

Latest