Socialist
റേഡിയോയിൽ കേട്ട തെളിച്ചമുള്ള കളികൾ

കണ്ടതിനേക്കാൾ തെളിച്ചത്തിൽ കേട്ടവയായിരിക്കുമോ ഓർമയിൽ തങ്ങിനിൽക്കുക? ടിവിയും ഇന്റര്‍നെറ്റും സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാലം, അന്ന് റേഡിയോയിൽ കേട്ട കളികൾക്ക് ഈയടുത്ത കാലത്ത് നേരിട്ട് കണ്ട കളികളേക്കാൾ തെളിച്ചമുണ്ടോ ?
“സത്യൻ വിങ്ങിലൂടെ കുതിച്ചു പായുന്ന ശറഫലിക്ക് പന്ത് മറിച്ചു നൽകുന്നു, പാപ്പച്ചന് കൊടുത്ത പന്ത് ശറഫലി തന്നെ തിരിച്ചു വാങ്ങി. അതാ… പെനാൽറ്റി ബോക്സിൽ വിജയനും ഹബീബ് റഹ്‌മാനും കാത്തുനിൽക്കുന്നുണ്ട്, മനോഹരമായ ക്രോസ്സ്, ഇല്ലാ.. വിജയനെക്കാൾ ഉയരത്തിൽ ചാടി ഇല്ല്യാസ് പാഷ അപകടം ഒഴിവാക്കിയിരിക്കുന്നു. മൈതാന മധ്യത്തിൽ ഒരു കളിക്കാരൻ വീണു കിടക്കുന്നുണ്ട്, പോലീസ് താരം ബാബു രാജ് ആണെന്ന് തോന്നുന്നു…..”
അതുപോലെ എത്രയെത്ര മത്സരങ്ങൾ കേട്ടിരിക്കുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് 1992 ലെ കോഴിക്കോട് നാഗ്ജി ടൈറ്റാനിയം – മുഹമ്മദൻസ് ഫൈനൽ. ഇരു ടീമിലെയും കളിക്കാർ റേഡിയോയുടെ ശബ്ദത്തിൽ ഇന്നും മനസിലുണ്ട്.രാജീവ് കുമാർ, റൊണാൾഡ്, മാത്യു വർഗീസ്, അൻവർ, അബ്ദുൽ റഷീദ്, തോമസ് സാമുവൽ, വിജയചന്ദ്രൻ, നസ്‌റുദ്ധീൻ, പി.എസ്.അഷീം, ബെനഡിക്ടറ്റ്, ഗണേശൻ, എം.ടി.അഷ്‌റഫ്, സഹീർ, സുരേഷ് കുമാർ, മാർട്ടിൻ. മുഹമ്മദൻസിലെ ഗോൾ കീപ്പർ അതാനു ഭട്ടാചാര്യ, ശാന്തകുമാർ എന്നീ പേരുകൾ വളരെ നീട്ടിയായിരുന്നു കമന്റേറ്റർ ഉച്ചരിച്ചിരുന്നത്. അലോക് സാഹ, സ്വപൻ ബോസ്, ആബിദ് ഹുസൈൻ, അബ്ദുൽ ഖാലിക്, പ്രദീപ് താലൂക്ദാർ.. പേരുകളും ഗ്യാലറിയുടെ ആരവത്തിനൊപ്പം ചെവിയിൽ ഇന്നും ഇരമ്പുന്നു.
അന്ന് ഫൈനലിൽ തോറ്റ ടൈറ്റാനിയം ടീം അംഗങ്ങൾ കോച്ച് ഗബ്രിയേൽ ജോസഫ് സാറിന് അടുത്ത് നിരാശയോടെ, അതിലേറെ വേദനയോടെ നിൽക്കുന്നത് ഇപ്പോഴും മനസ്സിൽ കാണാനാവും, പക്ഷെ, അത് നേരിട്ടോ ടിവിയിലോ ഞാൻ കണ്ടിട്ടേയില്ല.
സന്തോഷ് ട്രോഫിയും നാഗ്ജിയും ഫെഡറേഷൻ കപ്പുമെല്ലാം പദ്മനാഭൻ നായരും ഡി അരവിന്ദനും നാഗവള്ളി ആർ.എസ്. കുറുപ്പും ദാമോദരനുമെല്ലാം വിവരിച്ചു തരുന്നത് കേൾക്കാൻ റേഡിയോ സെറ്റുകൾക്ക് മുന്നിൽ മലയാളികൾ തിക്കിത്തിരക്കിയിരുന്നു ഒരു കാലത്ത്.
ജാഫർഖാൻ
www.facebook.com/jafarkhan.mm