National
ഡല്‍ഹി ഗാര്‍ഗി കോളജിലെ ലൈംഗികാതിക്രമം; 10 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു
		
      																					
              
              
            
ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ഗാര്‍ഗി വനിതാ കോളജില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 10 വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന കോളജ് ഫെസ്റ്റിവലിനിടെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ്. മദ്യപിച്ച് ലക്കുകെട്ട വിദ്യാര്‍ഥികള്‍ കാമ്പസിനകത്തു പ്രവേശിച്ച് പെണ്‍കുട്ടികളെ കടന്നുപിടിച്ചതായും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ബാത്ത്‌റൂമുകളില്‍ അടച്ചിടുകയും ചെയ്തതായുമാണ് പരാതി. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കോളജ് അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.
പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് ആക്രമണമുണ്ടായതെന്ന് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോളജിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ രാജ്യസഭയിലും ലോക്‌സഭയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് കോളജില്‍ എത്തി അന്വേഷണം നടത്തി. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ പാര്‍ലിമെന്റില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


