Articles
മുസ്‌ലിം വോട്ടുവര്‍ത്തമാനങ്ങള്‍

പുരാന ദില്ലിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് സലീം ഹാഫിസ്. ഇക്കുറി സലീം ഹാഫിസും കുടുംബവും വോട്ട് ചെയ്തിരിക്കുന്നത് ചൂലിനാണ്. അതിന് ഒരേയൊരു കാരണമേ ഇവര്‍ മുന്നോട്ടുവെക്കുന്നുള്ളൂ, ബി ജെ പിയെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളത് എ എ പിക്കാണെന്ന തോന്നല്‍. ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുകയെന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അതിനാല്‍ മുസ്‌ലിംകള്‍ എല്ലാം ഒന്നിച്ച് എ എ പിക്ക് വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചു.
ഡല്‍ഹിയിലെ മുസ്‌ലിം വോട്ടര്‍മാര്‍ ഇക്കുറി പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധിച്ചത്. ആദ്യത്തേത് ബി ജെ പിയെ പരാജയപ്പെടുത്തുകയെന്നത്. രണ്ടാമതായി, ആരാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പോകുന്നത് എന്നതും. ഈ രണ്ട് ചോദ്യങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് ഏറ്റവും ഫേവറേറ്റായി തോന്നിയത് എ എ പിയായിരുന്നു. അതുകൊണ്ടു തന്നെ മുസ്‌ലിം വോട്ടുകള്‍ ഭൂരിഭാഗവും ഇക്കുറി എ എ പിക്കു പോയി. പുരാന ദില്ലി ഉള്‍പ്പെടുന്ന ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി (മുന്‍ എ എ പി. എം എല്‍ എ) അല്‍ക്ക ലാംബ നേടിയത് 3,881 വോട്ടുകള്‍ മാത്രമാണ്.
സി എ എ വിരുദ്ധ പ്രക്ഷോഭത്തോടെ ഇന്ത്യയുടെ തഹ്‌രീര്‍ സ്‌ക്വയര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് ശഹീന്‍ ബാഗ്. ശഹീന്‍ ബാഗിലെ കോണ്‍ഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ 66 ശതമാനത്തിലധികം വോട്ട് നേടിയാണ് എ എ പി സ്ഥാനാര്‍ഥി അമാനത്തുല്ല ഖാന്‍ മിന്നും വിജയം നേടിയത്. 1.3 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ അമാനത്തുല്ല ഖാന്‍ ബി ജെ പിയുടെ ബ്രഹാം സിംഗിനെ 71,827 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഒഖ‌്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പര്‍വേശ് ഹാശ്മി നേടിയ വോട്ട് 5,123 മാത്രമാണ്. മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ 2.59 ശതമാനം. ഈ മണ്ഡലത്തില്‍ മത്സരിച്ച മുസ്‌ലിം കക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥിതിയും ഇതു തന്നെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി തസ്‌ലീം അഹ്മദ് റഹ്മാനി നേടിയത് കേവലം 149 വോട്ടുകളാണ്. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നിയോജക മണ്ഡലമായ സീലാംപൂരില്‍ എ എ പി സ്ഥാനാര്‍ഥി അബ്ദുര്‍റഹ്മാന്‍ വിജയം നേടിയത് 56 ശതമാനത്തിലധികം വോട്ട് നേടിയാണ്. 72,694 വോട്ടുകളാണ് അബ്ദുര്‍റഹ്മാന്‍ സ്വന്തമാക്കിയത്. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആകെ നേടിയത് 20,247 വോട്ടുകള്‍. മണ്ഡലത്തില്‍ മൊത്തം പോള്‍ ചെയ്തതിന്റെ 15.61 ശതമാനം. മട്ടിയ മഹല്‍ മണ്ഡലത്തില്‍ 75.96 ശതമാനം വോട്ട് നേടിയാണ് ആം ആദ്മി സ്ഥാനാര്‍ഥി ശുഹൈബ് ഇഖ്ബാല്‍ വിജയം നേടിയത്. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയത് കേവലം 3,409 വോട്ടുകള്‍. 3.85 ശതമാനം. മുസ്തഫാ ബാദില്‍ എ എ പി സ്ഥാനാര്‍ഥി നേടിയത് 53.2 ശതമാനം വോട്ടാണ്. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് കേവലം 2.89 ശതമാനം.
ഡല്‍ഹിയിലെ മുസ‌്ലിം സ്വാധീന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിലെ കണക്കുകളാണ് മുകളില്‍ സൂചിപ്പിച്ചത്. 2015ല്‍ എ എ പി ഡല്‍ഹിയാകെ തൂത്തുവാരിയ തിരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിന് വോട്ട് ശതമാനത്തില്‍ ഇത്രയേറെ കുറവു വന്നിരുന്നില്ല. പല മുസ്‌ലിം സ്വാധീന മണ്ഡലങ്ങളിലും അന്ന് കോണ്‍ഗ്രസ് വലിയ വോട്ടു ഷെയര്‍ പിടിച്ചിരുന്നു. എന്നാല്‍ 2020ല്‍ എത്തുമ്പോള്‍ ബി ജെ പിയെ നിലംപരിശാക്കാന്‍ മാത്രമുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്ന് മുസ്‌ലിംകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ സി എ എ നടപ്പാക്കില്ലെന്നും സി എ എക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുമെന്നും അത് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. അധികാരത്തില്‍ വന്നാല്‍ എന്‍ ആര്‍ സി നടപ്പാക്കില്ലെന്നും നിലവിലെ രൂപത്തില്‍ എന്‍ പി ആര്‍ നടപ്പാക്കില്ലെന്നും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, ബി ജെ പിയെ തടഞ്ഞു നിര്‍ത്താന്‍ പ്രാപ്തിയുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ഡല്‍ഹിയിലെ മുസ‌്ലിം സമുദായം കണ്ടില്ലെന്നാണ് മുസ്‌ലിം സ്വാധീന മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്. ഹിന്ദുവോട്ടുകള്‍ സ്വാധീനിക്കുന്നതിനായി എ എ പി പ്രകടനപത്രികയിലോ തിരഞ്ഞെടുപ്പ് വേദികളിലോ സി എ എയോ എന്‍ പി ആറോ പരാമര്‍ശിച്ചിരുന്നില്ല. പകരം വികസനം എന്ന ഒറ്റ മുദ്രാവാക്യമായിരുന്നു മുന്നോട്ടു വെച്ചിരുന്നത്. എന്നിട്ടു പോലും കോണ്‍ഗ്രസിന് മുസ്‌ലിം സമുദായത്തിന്റെ വോട്ട് നേടാനായില്ല എന്നതാണ് സത്യം.
സംസ്ഥാനത്ത് മൊത്തത്തില്‍ കോണ്‍ഗ്രസിനു നേരിട്ടത് വന്‍ തിരിച്ചടിയാണ്. മുസ്‌ലിം സ്വാധീന മണ്ഡലങ്ങളിലും ഈ തിരിച്ചടി നേരിട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ എ എ പി കൊണ്ടുവന്ന വികസനത്തിലും ഇതു മുന്നില്‍ വെച്ചുള്ള പ്രചാരണത്തിലും ആകര്‍ഷിക്കപ്പെട്ട് ജനം എ എ പിക്ക് വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന പൊതു വിലയിരുത്തലില്‍ മാത്രം കോണ്‍ഗ്രസ് ഒതുങ്ങിപ്പോകരുത്. കാരണം, ദേശീയ തലത്തില്‍ മുഴുവനായി വേരുകള്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു മതേതര രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മാത്രമല്ല പാര്‍ലിമെന്റിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും പൗരത്വ നിയമ പ്രതിസന്ധികളെ മറികടക്കാന്‍ മുന്നില്‍ നിന്നു നയിക്കേണ്ട പാര്‍ട്ടിയുമാണ് കോണ്‍ഗ്രസ്. മുസ്‌ലിംകള്‍ പ്രതിസന്ധിയനുഭവിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മുന്നിലുള്ള എതിരാളിയെ നിലം പരിശാക്കാനുള്ള കെല്‍പ്പ് ഈ പാര്‍ട്ടിക്കില്ലെന്ന് ന്യൂനപക്ഷങ്ങള്‍ വിശ്വസിച്ചാല്‍ ആ പാര്‍ട്ടി ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാകും.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നിന്ന് മാഞ്ഞുപോയി ചരിത്ര പുസ്തകത്തിലേക്കു പ്രവേശിക്കാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസ് തങ്ങളുടെ അടിത്തറ ഒന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചു വരാനുള്ള ശേഷിയുണ്ടെന്നു തെളിയിക്കേണ്ടതുണ്ട്.