Connect with us

Editorial

തിരിച്ചു വരണം കോണ്‍ഗ്രസ്

Published

|

Last Updated

1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന്റെ പരാജയമാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഏറെ ദയനീയം. 70ല്‍ 66 മണ്ഡലത്തിലും മത്സരിച്ച പാര്‍ട്ടിക്ക് ഒരു സീറ്റു പോലും നേടാനായില്ലെന്നു മാത്രമല്ല, 63 സ്ഥാനാര്‍ഥികളുടെയും കെട്ടിവെച്ച പണം നഷ്ടപ്പെടുകയും ചെയ്തു. ബദ്‌ലിയില്‍ മത്സരിച്ച ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ മത്സരിച്ച അഭിഷേക് ദത്ത്, ഗാന്ധി നഗറില്‍ മത്സരിച്ച അരവിന്ദര്‍ സിംഗ് ലവ്‌ലി എന്നിവര്‍ മാത്രമാണ് കെട്ടിവെച്ച പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്. ഒരു മണ്ഡലത്തില്‍ പോള്‍ ചെയ്ത ആകെ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടിയെങ്കില്‍ മാത്രമേ കെട്ടിവെച്ച തുക തിരികെ ലഭിക്കുകയുള്ളൂ. പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ മിക്ക കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും അഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകളാണ് ലഭിച്ചത്.

ഷീലാ ദീക്ഷിത്തിന്റെ മന്ത്രിസഭകളില്‍ മൂന്ന് തവണ മന്ത്രിയായ എ കെ വാലിയക്ക് കൃഷ്ണ നഗറില്‍ 3.77 ശതമാനം വോട്ടും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്രക്ക് 5.42 ശതമാനവും മുതിര്‍ന്ന പാര്‍ട്ടി നേതാവ് കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദിന് ബറേലിയില്‍ രണ്ട് ശതമാനവും വോട്ടാണ് ലഭിച്ചത്.

2015ലെ തിരഞ്ഞെടുപ്പില്‍ 9.7 ശതമാനം വോട്ട് നേടിയ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനം ഇത്തവണ 4.27 ശതമാനത്തിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ എ പിയെ പിന്തള്ളി രണ്ടാംസ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയതും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളും സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവ നേതാക്കളുടെ സാന്നിധ്യവും പാര്‍ട്ടിയെ തുണക്കുമെന്ന് കണക്കു കൂട്ടിയിരുന്നു. പക്ഷേ, കൈവിട്ടു പോയ ജനവിശ്വാസം തിരിച്ചു പിടിക്കാന്‍ നേതൃത്വത്തിനായില്ല.

കോണ്‍ഗ്രസിനെ അവസാനമായി അധികാരത്തിലേറ്റിയ 2008ലെ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് 40.31 ശതമാനം വോട്ട് ലഭിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപവത്കൃതമായിട്ടില്ലാത്ത അന്ന് 36.34 ശതമാനമായിരുന്നു ബി ജെ പിയുടെ വോട്ട് വിഹിതം. ആം ആദ്മിയുടെ രംഗപ്രവേശനാനന്തരം, 2012 തൊട്ടാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ലോക്പാല്‍ സമരത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന എ എ പിയുടെ ക്ലീന്‍ ഇമേജും അഴിമതി നിര്‍മാര്‍ജന മുദ്രാവാക്യവും യുവജനങ്ങളെയും മധ്യവര്‍ഗത്തെയും അതിലേക്കാകര്‍ഷിച്ചു. ഡല്‍ഹി കൂട്ടബലാത്സംഗ കേസ് അടക്കമുള്ള വിവാദങ്ങളിലൂടെ ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പ്രതിച്ഛായയും വിശ്വാസ്യതയും നഷ്ടമായതും കോണ്‍ഗ്രസില്‍ നിന്ന് അണികള്‍ എ എ പിയിലേക്ക് ഒഴുകാന്‍ ഇടയാക്കി. തുടര്‍ന്ന് 2013ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 33.07 ശമതാനം വോട്ട് ലഭിച്ച ബി ജെ പിക്കു തൊട്ടു പിറകെ 29.49 ശമതാനം വോട്ട് നേടി ആം ആദ്മി കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 24.55 ശതമാനം വോട്ടാണ് അന്ന് കോണ്‍ഗ്രസിനു നേടാനായത്.

കോണ്‍ഗ്രസിന്റെ ഈ തകര്‍ച്ച മതേതര ഇന്ത്യ വളരെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. പല സംസ്ഥാനങ്ങളിലും ബി ജെ പിയെ പിന്തള്ളി പ്രാദേശിക കക്ഷികള്‍ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിയെ നേരിടാന്‍ അവയൊന്നും പ്രാപ്തമല്ല. മിക്ക പ്രാദേശിക കക്ഷികള്‍ക്കും മതേതര രാഷ്ട്രീയത്തില്‍ വ്യക്തമായ കാഴ്ചപ്പാടില്ല. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ എ എ പിയുടെ കാര്യം തന്നെയെടുക്കാം. രാഷ്ട്രീയ പ്രതിയോഗികളെന്ന നിലയില്‍ അരവിന്ദ് കെജ്‌രിവാള്‍ മോദിയെയും അമിത് ഷായെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാറുണ്ടെങ്കിലും സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ ശക്തമായ ഒരു നിലപാട് അദ്ദേഹത്തിനില്ല. കശ്മീര്‍ വിഭജനത്തെയും ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനു വിട്ടുകൊടുത്തു കൊണ്ടുള്ള സുപ്രീം കോടതി വിധിയെയും അദ്ദേഹം പരസ്യമായി അനുകൂലിക്കുകയായിരുന്നു. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഒരു വിശാല മതേതര മുന്നണി രൂപവത്കരിക്കാനുള്ള ശ്രമം നടന്നപ്പോള്‍ കെജ്‌രിവാള്‍ അതിനോട് മുഖം തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ബി ജെ പിയെ തടഞ്ഞു നിര്‍ത്തുന്ന ഒരു രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ എ എ പിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോഴും കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന് ആഗ്രഹിക്കുന്നവരാണ് മതേതര വിശ്വാസികള്‍. എന്നാല്‍ ഇതിന് ആര് ചുക്കാന്‍ പിടിക്കും?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ശക്തിയായി മാറുകയും ആര്‍ എസ് എസ് എന്ന സുസംഘടിത സംവിധാനത്തിന്റെ കീഴില്‍ വളര്‍ന്നു വരികയും ചെയ്ത ബി ജെ പിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു നേതൃത്വത്തിന്റെ അഭാവമാണ് പാര്‍ട്ടി നേരിടുന്ന മുഖ്യപ്രശ്‌നം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നീ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള മൂന്ന് പേരുകളാണ് ഒരു നേതാവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉയര്‍ന്നു വരുന്നത്. കാമരാജ്, നരസിംഹ റാവു, സീതാറാം കേസരി തുടങ്ങി നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവരും പാര്‍ട്ടി അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടിയെ നയിച്ചത് നെഹ്‌റു കുടുംബമാണ്. ഇതടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത്. പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് അദ്ദേഹം പദവി വിട്ടൊഴിഞ്ഞു. നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാളെ നേതൃസ്ഥാനത്ത് വാഴിക്കണമെന്ന നിര്‍ദേശത്തോടെയായിരുന്നു അദ്ദേഹം രാജിക്കത്ത് നല്‍കിയത്. മാസങ്ങളായി ഒരു നേതാവിനെ കണ്ടെത്താന്‍ പക്ഷേ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ഒന്നുകില്‍ ശക്തനായ മറ്റൊരു നേതാവിനെ കണ്ടെത്തുകയോ, അല്ലെങ്കില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ സന്നദ്ധമാകുകയോ ചെയ്തില്ലെങ്കില്‍ ഒരു തിരിച്ചു വരവ് അത്ര എളുപ്പമാകില്ല.

---- facebook comment plugin here -----