Connect with us

Gulf

വ്യാജ മരുന്നുകള്‍ പിടികൂടാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഉടന്‍: യു എ ഇ ആരോഗ്യ മന്ത്രി

Published

|

Last Updated

അബൂദബി | വ്യാജ മരുന്നുകള്‍ കണ്ടെത്തുന്നതിന് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുല്‍റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ (എഫ് എന്‍ സി) അറിയിച്ചു. ഉത്പന്നത്തിന്റെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ വ്യാജമാണോ എന്ന് തിരിച്ചറിയുവാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് പുറത്തിറക്കുന്നത്. അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ കമ്പനികളുമായി സഹകരിച്ചാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന എഫ് എന്‍ സി കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രി ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം അറിയിച്ചത്.

വ്യാജ മരുന്നുകളെ കണ്ടെത്തുന്നതിനാണ് പുതിയ ആപ്പ് എന്ന് അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് എഫ് എന്‍ സി അംഗങ്ങളോട് വിശദീകരിച്ചു. ഉത്പന്നത്തിന്റെ യഥാര്‍ഥ ബാര്‍കോഡ് വായിച്ച് അത് യഥാര്‍ഥമാണോ വ്യാജമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് പുറമെ മരുന്നുകളുടെ വിശ്വാസ്യതയും ആപ്ലിക്കേഷന്‍ വെളിപ്പെടുത്തും. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒന്നിലധികം സംവിധാനങ്ങളിലൂടെ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാരം, ഫാര്‍മസ്യൂട്ടിക്കല്‍ തയ്യാറെടുപ്പുകള്‍, മെഡിക്കല്‍ സപ്ലൈസ് എന്നിവ പരിശോധിക്കുന്നതിനെ കുറിച്ച് എഫ് എന്‍ സി അംഗം ഡോ: ഹവ സയീദ് അല്‍ മന്‍സൂരിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

വ്യാജ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളും മരുന്നുകളും ആഗോള വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യു എ ഇയില്‍ മികച്ച മെഡിക്കല്‍ ഉത്പന്നങ്ങളും സുരക്ഷിതമായ മരുന്നുകളും മാത്രമേ വിപണിയില്‍ പ്രവേശിക്കുന്നുള്ളൂവെന്നും അത് മാത്രമേ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നുള്ളൂവെന്നും ഉറപ്പുവരുത്താന്‍ താത്പര്യപ്പെടുന്നു- മന്ത്രി പറഞ്ഞു.