Connect with us

Editorial

വര്‍ഗീയ അജന്‍ഡകള്‍ ഇനി വിലപ്പോകില്ല

Published

|

Last Updated

പൗരത്വ നിയമ ഭേദഗതി ബി ജെ പിയെ തിരിഞ്ഞു കൊത്തിയിരിക്കുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 62 സീറ്റുകള്‍ നേടി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഹാട്രിക് വിജയം കരസ്ഥമാക്കിയപ്പോള്‍ കേന്ദ്രഭരണത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് കിണഞ്ഞു ശ്രമിച്ചിട്ടും ബി ജെ പി എട്ട് സീറ്റില്‍ ഒതുങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധം കത്തിജ്വലിച്ചു നില്‍ക്കെ ഡല്‍ഹി തിരഞ്ഞെടുപ്പിലെ വിജയം ബി ജെ പിക്ക് രാഷ്ട്രീയമായി അനിവാര്യമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒരു ഡസനോളം കേന്ദ്ര മന്ത്രിമാരും തിരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞാടിയിരുന്നു. ഡല്‍ഹിയെ ഞങ്ങള്‍ ഞെട്ടിക്കുമെന്നും 48 സീറ്റുകളിലധികം നേടി ബി ജെ പി അധികാരത്തിലേറുമെന്നുമായിരുന്നു ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ജനം പാര്‍ട്ടിയെ പിന്തുണച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് മാത്രം നേടിയ പാര്‍ട്ടി ഇത്തവണ എട്ടായി വര്‍ധിപ്പിച്ചത് നേട്ടമായി അവകാശപ്പെടാമെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 65 നിയമസഭാ മണ്ഡലത്തിലും ബി ജെ പിക്കായിരുന്നു ഭൂരിപക്ഷമെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ മൂന്നില്‍ നിന്ന് എട്ടിലേക്കുള്ള ഇപ്പോഴത്തെ വളര്‍ച്ച നേതൃത്വത്തിന് ആശ്വാസം നല്‍കുന്നില്ല. ഒമ്പത് മാസം കൊണ്ട് ഒരു പാര്‍ട്ടിയുടെ വോട്ട് നിലയില്‍ ഇത്രയും വലിയ ഇടിവ് രാജ്യത്തെ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടതു പോലെ ബി ജെ പിയുടെ വര്‍ഗീയതക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ ജനം നല്‍കിയ തിരിച്ചടിയാണിത്.

2011ല്‍ ഡല്‍ഹിയില്‍ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ രംഗത്തുവരികയും അണ്ണാഹസാരെയുമായി തെറ്റിപ്പിരിഞ്ഞ് 2012 നവംബര്‍ 26ന് ആം ആദ്മി പാര്‍ട്ടി സ്ഥാപിക്കുകയും ചെയ്ത അരവിന്ദ് കെജ്‌രിവാള്‍ അത്ഭുതാവഹമായ വളര്‍ച്ചയാണ് ഒമ്പത് വര്‍ഷത്തിനകം നേടിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ഇന്ദ്രപ്രസ്ഥം പിടിച്ചടക്കുന്നത്. മുമ്പ് കോണ്‍ഗ്രസ് തുടര്‍ച്ചയായി മൂന്ന് തവണ ഡല്‍ഹി കൈയടക്കിയിട്ടുണ്ടെങ്കിലും അവര്‍ക്ക് പക്ഷേ കേന്ദ്ര ഭരണത്തിന്റെ സ്വാധീനവും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. അരവിന്ദ് കെജ്‌രിവാളിന് പക്ഷേ അത്തരം അനുകൂല ഘടകങ്ങളൊന്നുമില്ല. ജനക്ഷേമ പദ്ധതികളാണ് എക്‌സിറ്റ് പോള്‍ പ്രവചനത്തെ കവച്ചു വെക്കുന്ന ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അദ്ദേഹത്തെ അധികാരത്തിലെത്തിച്ചത്. വികസനം എന്ന ഒറ്റ അജന്‍ഡയായിരുന്നു ആം ആദ്മിയുടെ ആയുധം. സൗജന്യ കുടിവെള്ളം, എല്ലാവര്‍ക്കും ആധുനിക ചികിത്സ, വനിതകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, 24 മണിക്കൂറും സൗജന്യ വൈദ്യുതി, ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം, ഓരോ ചേരികളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയ ആകര്‍ഷകങ്ങളായ വാഗ്ദാനങ്ങളായിരുന്നു ആം ആദ്മി പാര്‍ട്ടി നല്‍കിയത്. 2015ലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ മിക്കതും നടപ്പാക്കിയതിനാല്‍ ഇത്തവണ ജനങ്ങള്‍ അദ്ദേഹത്തെ സര്‍വാത്മനാ പിന്തുണച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന ശഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തിലെ എ എ പിയുടെ വിജയവും പാര്‍ട്ടി സ്ഥാനാര്‍ഥി അമാനത്തുല്ല ഖാന്‍ പോള്‍ ചെയ്ത വോട്ടിന്റെ 82 ശതമാനം നേടിയതും പൗരത്വ നിയമ ഭേദഗതി വികാരത്തിന് പാര്‍ട്ടിയുടെ വിജയത്തില്‍ മികച്ച പങ്കുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു.

അമിത് ഷായുടെ തന്ത്രങ്ങള്‍ മുമ്പേ പോലെ ഏല്‍ക്കുന്നില്ലെന്ന് വിളിച്ചോതുന്നു ഡല്‍ഹി തിരഞ്ഞെടുപ്പും അടുത്തിടെ നടന്ന ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളും. ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയും ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനും വരെ തോറ്റ് പാര്‍ട്ടി നാണംകെട്ടു. ഈ നാണക്കേട് ആവര്‍ത്തിക്കരുതെന്ന ഉറച്ച തീരുമാനത്തോടെ അമിത് ഷാ ഡല്‍ഹിയില്‍ നല്ല തോതില്‍ അധ്വാനിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ഇപ്പോള്‍ ജെ പി നദ്ദയാണെങ്കിലും ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് അമിത് ഷാ തന്നെയായിരുന്നു. രണ്ടാഴ്ചയോളമാണ് അദ്ദേഹം പ്രചാരണം ഏകോപിപ്പിക്കാനായി ഭരണകാര്യങ്ങളൊക്കെ മാറ്റി വെച്ച് ഡല്‍ഹിയില്‍ തമ്പടിച്ചത്. 2014ല്‍ പാര്‍ട്ടിക്ക് കേന്ദ്രത്തില്‍ ആധിപത്യം നേടിക്കൊടുത്തത് മുതല്‍ പിന്നീടുണ്ടായ മുന്നേറ്റങ്ങളുടെയെല്ലാം ക്രെഡിറ്റ് പാര്‍ട്ടി ചാര്‍ത്തിയത് അമിത് ഷാക്കാണ്. മോദിയെ മുന്‍നിര്‍ത്തി അമിത് ഷാ നടത്തിയ രാഷ്ട്രീയ ആസൂത്രണങ്ങളാണ് പാര്‍ട്ടിയെ രാജ്യത്തെ മികച്ച രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. രാഷ്ട്രീയ ചാണക്യന്‍ എന്ന വിശേഷണം വരെ പാര്‍ട്ടി അദ്ദേഹത്തിനു നല്‍കി. അദ്ദേഹത്തിന്റെ കഷ്ടകാലമാണിപ്പോള്‍. പൗരത്വ നിയമത്തില്‍ കൈവെച്ചതോടെയാണ് ഇത് തുടങ്ങിയത്.

വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയത്തില്‍ എന്നും മുന്‍കൈ നേടാമെന്ന ബി ജെ പിയുടെ കണക്കുകൂട്ടല്‍ കൂടിയാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പിഴച്ചത്. ബാബരി മസ്ജിദിന്റെ മേല്‍ വ്യാജ അവകാശവാദം, ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തു കളയല്‍, പൗരത്വദാനത്തില്‍ നിന്ന് മുസ്‌ലിം സമുദായത്തെ മാത്രം മാറ്റി നിര്‍ത്തല്‍ തുടങ്ങി വര്‍ഗീയ അജന്‍ഡകള്‍ മാത്രമാണ് ബി ജെ പി മുഖ്യമായും മുന്നോട്ട് വെച്ചത്. വികസന നേട്ടങ്ങളെയും പദ്ധതികളെയും മുന്‍നിര്‍ത്തിയാണ് എ എ പി വോട്ട് ചോദിച്ചതെങ്കില്‍, ബി ജെ പിക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു കേന്ദ്ര പദ്ധതി പോലും ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ല. ശഹീന്‍ ബാഗ് കാണിച്ച് ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കാനായിരുന്നു പാര്‍ട്ടി ശ്രമിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകാരികളെ രാജ്യദ്രോഹികളായി അവര്‍ മുദ്രകുത്തി. പൗരത്വ വിരുദ്ധ പ്രക്ഷോഭക്കാരെ വെടിവെച്ചു കൊല്ലാന്‍ വരെ ചില പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്തു. ഈ രാഷ്ട്രീയ തട്ടിപ്പ് ജനം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം. വര്‍ഗീയത ഊട്ടിയാല്‍ വയറ് നിറയില്ലെന്നും വികസനം വരില്ലെന്നും ജനാധിപത്യ വിശ്വാസികള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു.

Latest