Articles
ജനവിധി ആഹ്ലാദകരം...പക്ഷേ

ഏറ്റവുമൊടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഡല്‍ഹിയില്‍ എഴുപതില്‍ 62 സീറ്റ് നേടി ആം ആദ്മി പാര്‍ട്ടി വലിയ വിജയം നേടിയിരിക്കുന്നു. തീര്‍ത്തും ആഹ്ലാദകരമായ വിജയമാണത്. പ്രത്യേകിച്ചും രാജ്യമാകെ കടുത്ത വര്‍ഗീയ വിഷം ചീറ്റി ജനങ്ങളെ വിഭജിച്ച് ഭരിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ കാല്‍ക്കീഴില്‍ കിടന്നുകൊണ്ട് നേടിയ വിജയമാണിത്. സി എ എയും ദേശീയ പൗരത്വ രജിസ്റ്ററുമെല്ലാം നാടാകെ ഇളക്കിമറിക്കുന്ന കാലമാണിത്. ആ പ്രതിരോധത്തിന്റെ കേന്ദ്രമായി മാറിയ ഡല്‍ഹിയില്‍ ഉണ്ടായ വിധി വ്യക്തമായും സമരത്തിന് ആവേശം പകരുന്നതാണ്. നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരെ പാക്കിസ്ഥാന്‍കാരെന്ന് ആരോപിക്കുക വരെ ചെയ്തു. 80 ശതമാനം വരുന്ന ഡല്‍ഹിയിലെ ഹിന്ദു മത വിശ്വാസികളെ തങ്ങളുടെ ഭാഗത്താക്കിയാല്‍ എളുപ്പം ജയിക്കാമെന്ന കുതന്ത്രമാണ് ബി ജെ പിയും അമിത് ഷായും പയറ്റിയത്. പക്ഷേ, അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞു എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. വര്‍ഗീയ വിഭജനത്തിന്റെ ചതിക്കുഴിയില്‍ വീഴാതെ തിരഞ്ഞെടുപ്പിന്റെ അജന്‍ഡ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളിലേക്ക് എത്തിക്കാന്‍ അരവിന്ദ് കെജ്രിവാളിനു കഴിഞ്ഞു. അഴിമതി ഇല്ലാതാക്കാനായതു മുതല്‍ അടിസ്ഥാന ജനകീയാവശ്യങ്ങളായ വെള്ളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകളുടെ സൗജന്യ പൊതു യാത്ര തുടങ്ങിയ മേഖലകളില്‍ വരെ ഡല്‍ഹി സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. മോദിയുടെ വികസന നേട്ടങ്ങളെ എടുത്തുകാണിച്ച് ബി ജെ പി ഇതിനെ നേരിടാന്‍ ശ്രമിച്ചു. എന്നാല്‍ അതും പരാജയമായി.
കേവലം മാസങ്ങള്‍ക്കു മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ആം ആദ്മി പാര്‍ട്ടി. പക്ഷേ, തീര്‍ത്തും വ്യത്യസ്തമായ ഒരു രീതിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ ഡല്‍ഹിയിലെ ജനങ്ങള്‍ കണ്ടത് എന്ന് വ്യക്തമാണല്ലോ. ഇത്തവണ 53 ശതമാനത്തിലധികം വോട്ട് നേടാന്‍ അവര്‍ക്കായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 50 ശതമാനത്തിലധികം വോട്ട് കിട്ടിയിരുന്നു.
ഈ ജയത്തിന്റെ മൂല്യം ഒട്ടും കുറച്ചു കാണേണ്ടതില്ല. ഇവിടെ ബി ജെ പി വിജയിച്ചിരുന്നെങ്കില്‍ അത് പൗരത്വ ഭേദഗതിക്കുള്ള ന്യായീകരണമായി അവര്‍ വ്യാഖ്യാനിക്കുമായിരുന്നല്ലോ. അതൊഴിവായത് ചെറിയ കാര്യമല്ല.
ശഹീന്‍ ബാഗിലും ജാമിഅയിലും നടക്കുന്ന പ്രക്ഷോഭങ്ങളില്‍ കെജ്‌രിവാള്‍ നേരിട്ട് പങ്കെടുത്തില്ല എന്ന ആരോപണം ചിലര്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ തന്ത്രപരമായി അതില്‍ നിന്ന് കെജ്‌രിവാള്‍ ഒഴിഞ്ഞു മാറിയതിനെ അത്ര വലിയ തെറ്റായി കാണാനും കഴിയില്ല. തന്നെയുമല്ല പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തുള്ള സിസോദിയയും ശഹീന്‍ ബാഗ് ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ എം എല്‍ എ ആയ അമാനത്തുല്ല ഖാനും സമരത്തെ പിന്തുണക്കുകയും ചെയ്തു.
പക്ഷേ, പ്രശ്‌നം അതല്ല. തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമില്ലാത്ത സമയത്ത് കെജ്‌രിവാള്‍ എടുത്ത ചില നിലപാടുകള്‍ സംശയാസ്പദമാണ്. കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ഭേദഗതികള്‍ വന്നപ്പോള്‍, അതു വഴി കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയപ്പോള്‍ അതിനെ പരസ്യമായി പിന്തുണക്കാന്‍ അദ്ദേഹം തയ്യാറായി. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി എന്നത് അതീവ പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്ന ഒരു പാര്‍ട്ടി മറ്റൊരു സംസ്ഥാനത്തെ വിഭജിക്കുന്ന കാര്യത്തില്‍ ഈ നിലപാടെടുക്കുന്നതില്‍ വൈരുദ്ധ്യമില്ലേ?
ബാബരി മസ്ജിദ് വിഷയത്തില്‍ വന്ന കോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തിയതും പലരെയും അത്ഭുതപ്പെടുത്തി. പലരെയും നിരാശപ്പെടുത്തി. ഡല്‍ഹിക്കു പുറത്തേക്ക് വളരാന്‍ താത്പര്യമുണ്ടായിരുന്നെങ്കില്‍ ഇത്തരം നിലപാട് എടുക്കില്ലായിരുന്നു. തന്നെയുമല്ല വരുംകാലത്ത് എന്തായിരിക്കും വര്‍ഗീയതയോടും ഫാസിസത്തോടും കെജ്‌രിവാള്‍ സ്വീകരിക്കുന്ന സമീപനം എന്നതാണ് ആശങ്ക.
സി ആര്‍ നീലകണ്ഠന്‍