Connect with us

Kerala

ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്ന് പി സി ചാക്കോ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് ഡല്‍ഹി കോണ്‍ഗ്രസില്‍ രാജി തുടരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പി സി സി അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയും രാജിവെച്ചു. തുടര്‍ച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാനാകാതെ നാണംകെട്ട സാഹചര്യതതിലാണ് രാജി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ചാക്കോയും പാര്‍ട്ടി ചുമതല ഒഴിഞ്ഞത്.

അഞ്ച് വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടിയിരുന്നില്ലെങ്കിലും 9.6 ശതമാനം വോട്ട് കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 4.27 ശതമാനമായി കുറഞ്ഞു. 1988 മുതല്‍ 2013വരെയുള്ള ഷീല ദീക്ഷിത് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്തവണയും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. 66സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ 63 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് നഷ്ടമാകുകയായിരുന്നു. കോണ്‍ഗ്രസ് വോട്ട് ഒന്നാകെ എ എ പികൊണ്ടുപോകുകയായിരുന്നു.