Connect with us

Kerala

സ്ത്രീ സുരക്ഷ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം |  സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെതിരെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഷാനിമോള്‍ ഉസ്മാന്‍ നല്‍കിയ നോട്ടീസില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയെങ്കിലും ഇതില്‍ തൃപ്തിയാകാത്തതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോയത്. സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നു എന്നാണ് ഷാനിമോള്‍ ഉസ്മാന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തിയത്. അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണം പോലീസിന്റെ അനാസ്ഥയാണെന്നും ഇവര്‍ ആരോപിച്ചു. വെള്ളറടയില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവവും നെടുമങ്ങാട് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.

സംസ്ഥാന വനിതാ കമ്മീഷനെതിരെയും ഷാനിമോള്‍ ആരോപണം ഉന്നയിച്ചു. കമ്മീഷന്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ കേസില്‍ നടപടി സ്വീകരിക്കുന്നില്ല. എന്തിനാണ് കമ്മീഷന്‍ അധ്യക്ഷ പാര്‍ട്ടി പരിപാടികളില്‍ സംബന്ധിക്കുന്നതെന്നും ഷാനിമല്‍ ചോദിച്ചു. എന്നാല്‍ കമ്മീഷനെതിരായ ആരോപണം കുശുമ്പ് കൊണ്ടാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

സത്രീ സുരക്ഷ പ്രമേയ നോട്ടീസില്‍ വിശദ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പലരും പരാതി നല്‍കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.

വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചു. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാകും ഇനി മുതല്‍ അന്വേഷിക്കുക. റേഞ്ച് ഐ ജിക്കാവും മൊത്തം ചുമതലയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്നും എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

വാളയാര്‍ കേസ് എന്തുകൊണ്ടാണ് സി ബി ഐക്ക് വിടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പെണ്‍കുട്ടികളുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടാല്‍ സി ബി ഐ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടെ അടിയന്തിര പ്രമേയം അംഗീകരിക്കില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിക്കാതിരുന്ന പ്രതിപക്ഷം ഉടന്‍ തന്നെ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

 

 

Latest