Connect with us

International

ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലിലെ 60 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Published

|

Last Updated

യോക്കോഹാമ | ജാപ്പനീസ് ആഡംബര യാത്രാകപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 60 യാത്രക്കാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേടെ കപ്പലിലെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 130 ആയി ഉയര്‍ന്നു.

ടോക്കിയോയുടെ തെക്ക് ഭാഗത്തുള്ള യോകോഹാമ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ രണ്ടുതവണ പരിശോധിക്കുന്നുണ്ടെന്നും കൃത്യമായ കണക്ക് ഉടന്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം ഹോങ്കോങ്ങില്‍ ഇറങ്ങിയ മുന്‍ യാത്രക്കാരന് കൊറോണ വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജപ്പാനീസ് അധികൃതര്‍ ക്രൂയിസ് ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്നത്.

നിലവില്‍ കപ്പലില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യാത്രക്കാര്‍ ഫെബ്രുവരി 19 വരെ തുടരേണ്ടതുണ്ടെന്നും ആവശ്യമെങ്കില്‍ കപ്പലിലെ യാത്രക്കാരുടെ കാലാവധി നീട്ടാന്‍ കഴിയുമെന്നും കപ്പിലിലുള്ള എല്ലാവര്‍ക്കും കപ്പലില്‍ തന്നെ ചികിത്സനല്‍കുമെന്നും ജപ്പാനീസ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ കൊറോണ വൈറസ് രോഗം കണ്ടെത്തിയവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കപ്പലിലെ സഞ്ചാരികളില്‍ പലരും പ്രായമായവരാന് അതിനാല്‍ വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും കപ്പലിലെ 600 ഓളം പേര്‍ക്ക് അടിയന്തിരമായി മരുന്ന് ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുഴുവന്‍ പരിശോധനാ ഫലങ്ങളും അറിഞ്ഞതിനുശേഷം മാത്രമേ യാത്രക്കാരെ ഇറക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി കട്‌സുനോബു കറ്റോ പറഞ്ഞു. അണുബാധ കൂടുതല്‍ പേരില്‍ കണ്ടെത്തിയതിനാല്‍ കപ്പലിലെ എല്ലാ ക്രൂ അംഗങ്ങളെയും യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കും. ഞായറാഴ്ച പുറത്ത് വിട്ട പരിശോധനാ ഫലത്തില്‍ അഞ്ച് ക്രൂ അംഗങ്ങള്‍, ഫിലിപ്പൈന്‍ , അമേരിക്ക, ഉക്രേനിയന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഗുരുതരമല്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.