Connect with us

Education

നാറ്റ: പ്രവേശന നടപടികള്‍ തുടങ്ങി

Published

|

Last Updated

ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി ആര്‍ക്ക്) കോഴ്‌സ് പ്രവേശനത്തിന് ആര്‍കിടെക്ചര്‍ കൗണ്‍സില്‍ ദേശീയ തലത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചറിന് (നാറ്റ) അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ കീം 2020ല്‍ ബി ആര്‍ക് കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ക്കുള്ള പ്രധാന യോഗ്യത നാറ്റ ആയിരിക്കും. നാറ്റ സ്‌കോറാണ് കേരളവും പരിഗണിക്കു. ഈ വര്‍ഷവും രണ്ടുതവണയാണ് നാറ്റ പരീക്ഷ നടക്കുന്നത്. ആദ്യ പരീക്ഷ ഏപ്രില്‍ 19നും രണ്ടാംപരീക്ഷ മെയ് 31നുമാണ്.

അപേക്ഷിക്കേണ്ടത് എങ്ങനെ

http://nata.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 2000 രൂപയാണ് അപേക്ഷാ ഫീസ്. രണ്ടു ഘട്ടത്തിലെ പരീക്ഷ എഴുതാന്‍ ഒന്നിച്ച് അപേക്ഷിക്കാനും അവസരമുണ്ട്. ഇതിന് 3800 രൂപയാണ് ഫീസ്. ആദ്യ പരീക്ഷ എഴുതിക്കഴിഞ്ഞും രണ്ടാമത്തേതിന് അപേക്ഷിക്കാന്‍ സമയം ലഭിക്കും. എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാരില്‍ നിന്ന് ഫീസായി 1700 രൂപ മാത്രമേ ഈടാക്കൂ. രണ്ടും എഴുതുന്നുണ്ടെങ്കില്‍ 3100 വേണം. അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കേണ്ടത്.

അപേക്ഷിക്കാനുള്ള യോഗ്യത

10+2 രീതിയിലെ പ്ലസ്ടു പരീക്ഷയില്‍ 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ആകെ 50 ശതമാനവും മാര്‍ക്ക് വാങ്ങി ജയിക്കണം. ഈ വര്‍ഷം യോഗ്യതാപരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. സംവരണവിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവുണ്ട്. 10+3 രീതിയില്‍ ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. മാത്‌സിന് 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാണ്.

പരീക്ഷാഘടന

രാവിലെ 10 മുതല്‍ 1.15 വരെയുള്ള പരീക്ഷക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഭാഗം എ (10 മുതല്‍ 12.15 വരെ) ഡ്രോയിങ് ടെസ്റ്റാണ്. 35 മാര്‍ക്ക് വീതമുള്ള രണ്ട് ചോദ്യവും 55 മാര്‍ക്കുവീതമുള്ള ഒരു ചോദ്യവുമുണ്ട്. ഇതിനുശേഷം 15 മിനിറ്റ് ഇടവേളകഴിഞ്ഞ് 12. 30 മുതല്‍ 1.15 വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുള്ള ഓണ്‍ലൈന്‍/കന്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ഇതില്‍ മാത്തമാറ്റിക്‌സ്, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നീ രണ്ടു ഭാഗത്തില്‍നിന്ന് 1.5 മാര്‍ക്കുവീതമുള്ള 50 ചോദ്യമുണ്ടാകും.

പരീക്ഷാകേന്ദ്രങ്ങള്‍

രാജ്യമാകെ 122 പരീക്ഷാ കേന്ദ്രത്തിന് പുറമെ ദുബൈയിലും കേന്ദ്രമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളത്.

സഹായ കേന്ദ്രങ്ങള്‍

ഓണ്‍ലൈനില്‍ അപേക്ഷിക്കുംമുമ്പ് വെബ്‌സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ പൂര്‍ണമായും വായിച്ചു മനസ്സിലാക്കാന്‍ ശ്രദ്ധിക്കണം. സഹായ കേന്ദ്രത്തില്‍ ബന്ധപ്പെടാന്‍ ഇ മെയില്‍: helpdesk.nata2020@gmail.com. ഫോണ്‍: 9319275557, 7303487773.

Latest