Connect with us

Kozhikode

രാജ്യാഭിവൃദ്ധിയിൽ മർകസ് വലിയ പങ്ക് വഹിച്ചു: കാന്തപുരം

Published

|

Last Updated

ജില്ലാ സഖാഫി സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു

കോഴിക്കോട് | ഇന്ത്യയെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും അഭിവൃദ്ധിപ്പെടുത്തുന്നതിൽ കഴിഞ്ഞ നാല് പതിറ്റാണ്ടായി മർകസ് പ്രവർത്തനങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചുവെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ പറഞ്ഞു.
ഏപ്രിൽ ഒമ്പത് മുതൽ 12 വരെ നടക്കുന്ന മർകസ് നാൽപ്പത്തി മൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ സമ്പൂർണ സഖാഫി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊണ്ണൂറുകളുടെ ആദ്യം മുതൽ മർകസ് പ്രവർത്തനങ്ങൾ ദേശീയരംഗത്തേക്ക് വ്യാപിപ്പിച്ചത് മലയാളികൾക്ക് കൈവന്ന വൈജ്ഞാനിക അവസരങ്ങൾ രാജ്യത്തൊട്ടാകെ ലഭ്യമാകണം എന്ന ഉദ്ദേശത്തോടെയായിരുന്നു.

ഓരോ സംസ്ഥാനത്തും മർകസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വലിയ വരവേൽപ്പ് ലഭിച്ചു. വിവിധ സമുദായങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ബഹുസ്വരമായ സാമൂഹികാവസ്ഥ സജീവമാക്കുന്നതിലും മർകസ് വലിയ പങ്കുവഹിച്ചുവെന്നും കാന്തപുരം പറഞ്ഞു.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർഥന നിർവഹിച്ചു. സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പദ്ധതികൾ വിശദീകരിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, ചിയ്യൂർ മുഹമ്മദ് മുസ്്ലിയാർ, ജലീൽ സഖാഫി ചെറുശോല, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്ല സഖാഫി മലയമ്മ, അലവി സഖാഫി കായലം, ബശീർ സഖാഫി കൈപ്പുറം, റശീദ് സഖാഫി കുറ്റിയാടി, ഇസ്മാഈൽ സഖാഫി പ്രസംഗിച്ചു.
സഖാഫികൾ സമ്മേളനത്തിന്റെ ഭാഗമായി മർകസിനു നൽകുന്ന ഉപഹാര സമർപ്പണത്തിന്റെ ഉദ്ഘാടനം തളീക്കര മുഹമ്മദ് അലി ശിഹാബ് തങ്ങൾ തളീക്കരയിൽ നിന്ന് ഫണ്ട് ശേഖരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നിർവഹിച്ചു.