Connect with us

Kozhikode

എൻ ആർ ഐ പദവി നിബന്ധനയിൽ മാറ്റം വരുത്തരുത്: കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട് | എൻ ആർ ഐ പദവി നിർണയ നിബന്ധനയിൽ മാറ്റം വരുത്തിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത്. വിദേശ ഇന്ത്യക്കാരനായി (എൻ ആർ ഐ) പരിഗണിക്കണമെങ്കിൽ 240 ദിവസം ഇന്ത്യക്ക് പുറത്ത് കഴിയണമെന്നാണ് വ്യവസ്ഥ. 182 ദിവസം നാട്ടിൽ നിൽക്കുന്ന പ്രവാസിക്ക് ഇതുവരെ എൻ ആർ ഐ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാൽ, ബജറ്റ് നിർദേശപ്രകാരം 120 ദിവസമോ അതിൽ കൂടുതലോ സ്വദേശത്ത് കഴിയുന്ന പ്രവാസിക്ക് എൻ ആർ ഐ പദവി നഷ്ടമാകുമെന്ന് മാത്രമല്ല ഇവർ ആദായ നികുതി അടക്കേണ്ടി വരികയും ചെയ്യും.

പ്രവാസിയുടെ നാട്ടിലെ വരുമാനത്തിന് മാത്രമേ നികുതിയേർപ്പെടുത്തൂ എന്ന് കേന്ദ്രം വിശദീകരിച്ചിട്ടുണ്ടെങ്കിലും രണ്ട് നിർദേശവും പ്രവാസികളെ ദോഷകരമായി ബാധിക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മുപ്പത് ലക്ഷത്തോളം കുടുംബങ്ങൾക്കാണ് കേന്ദ്രനിർദേശം തിരിച്ചടിയാവുകയെന്നും തീരുമാനം പുനഃപ്പരിശോധിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു. ആദായ നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഈ നിർദേശം ഭൂരിഭാഗം ഇന്ത്യക്കാരായ പ്രവാസികളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദേശനാണ്യ ഇനത്തിൽ വൻ ഇടിവിന് കാരണമാകുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

യോഗത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി, പട്ടുവം കെ പി അബൂബക്കർ മുസ്‌ല്യാർ, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി എൻ അലി അബ്ദുല്ല, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പ്രൊഫ. കെ എം എ റഹീം സംബന്ധിച്ചു.