Connect with us

International

കനത്ത മഞ്ഞുവീഴ്ച; തുര്‍ക്കിയില്‍ 38 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

Published

|

Last Updated

ഇസ്താംബൂള്‍ | കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തുര്‍ക്കിയില്‍ 33 പേര്‍ മരിച്ചു. തുര്‍ക്കി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തിയതാണ് ഈ വിവരം.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ തുര്‍ക്കിയിലെ പര്‍വത പ്രദേശമായ വാന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി (എ എഫ് എ ഡി) അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന 25 എമര്‍ജന്‍സി സര്‍വീസ് അംഗങ്ങളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയുണ്ടായ മഞ്ഞുവീഴ്ചയില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. ഈ ദുരന്തത്തില്‍ കാണാതായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും മഞ്ഞുവീഴ്ചയുണ്ടായത്. മിനിബസും സ്‌നോ ക്ലിയറിംഗ് വാഹനവും കാണാതായിട്ടുണ്ട്. ജെന്‍ഡര്‍മേരി ഉദ്യോഗസ്ഥര്‍, വില്ലേജ് ഗാര്‍ഡുകള്‍, അഗ്‌നിശമന സേനാംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടും. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ സംഘത്തെ ദുരന്തമേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ മെഹ്മെത് എമിന്‍ ബില്‍മെസ് പറഞ്ഞു. ഇവരെ സഹായിക്കുന്നതിനായി എ എഫ് എ ഡി, ജെന്‍ഡര്‍മേരി എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ സംഘത്തെ അങ്കാറയില്‍ നിന്ന് വിമാനമാര്‍ഗ്ഗം അയച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി. കിഴക്കന്‍ തുര്‍ക്കിയിലെ ശൈത്യകാലാവസ്ഥ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഈ പ്രദേശങ്ങളിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.

Latest