Connect with us

National

അയോധ്യയില്‍ പള്ളിക്ക് അനുവദിച്ച സ്ഥലം ബാബരി മസ്ജിദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീം കോടതി ഉത്തരവനുസരിച്ച് ബാബരി മസ്ജിദിന് പകരം പള്ളി നിര്‍മിക്കാന്‍ യു പി സര്‍ക്കാര്‍ അനുവദിച്ച സ്ഥലം ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ. അയോധ്യയിലെ ധാണിപൂര്‍ ഗ്രാമത്തില്‍ ലക്‌നൗ ഹൈവേക്കടുത്താണ് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഹൈന്ദവ ചടങ്ങായ “14 കോസി പരിക്രമ” നടക്കുന്ന അതിര്‍ത്തിക്ക് പുറത്തായാണ് പള്ളിക്ക് സ്ഥലം അനുവദിച്ചതെന്ന് യുപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. പരിക്രമ നടക്കുന്നതിന് പുറത്ത് മാത്രമേ പള്ളിക്ക് സ്ഥലം അനുവദിക്കാവൂവെന്ന് അയോധ്യയിലെ സന്യാസി സമൂഹം ആവശ്യമുന്നയിച്ചിരുന്നു. അയോധ്യ പട്ടണത്തിന് 42 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് 14 കോസി പരിക്രമക്കായി ഹൈന്ദവ വിശ്വാസികള്‍ സമ്മേളിക്കാറുള്ളത്.

പള്ളിക്ക് അനുവദിക്കാവുന്ന മൂന്ന് സ്ഥലങ്ങളുടെ പട്ടികയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയത്. ഇതില്‍ നിന്ന് ഇപ്പോള്‍ അനുവദിച്ച സ്ഥലം കേന്ദ്രം തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയതായി യു പി മന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് അയോധ്യയില്‍ ബാബരി മസജ്ദ് നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കി സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ബാബരി മസ്ജിദിന് പകരം പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ സുന്നി വഖ്ഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് യു പി സര്‍ക്കാര്‍ ഇപ്പോള്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് നിന്ന് ഏറെ അകലെ സ്ഥലം അനുവദിച്ചിരിക്കുന്നത്.

Latest