Connect with us

Kerala

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

Published

|

Last Updated

തിരുവനന്തപുരം  | പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് ഗവര്‍ണര്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ ഇബ്രാഹിം കുഞ്ഞ് നേരിടേണ്ടി വരും.

മൂന്ന് മാസമായിട്ടും ഗവര്‍ണറുടെ അനുമതി ലഭിക്കാത്തിനെത്തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ നിയമനടപടികള്‍ നീണ്ടുപോയത്.
മുന്‍മന്ത്രിക്ക് എതിരായ നിയമനടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാറിന്റെ അനുമതി തേടിയത്. വിജിലന്‍സിന്റെ കത്ത് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ കൈമാറുകയും ചെയ്തു. ഒക്ടോബറിലാണ് കത്ത് കൈമാറിയത്. പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവര്‍ണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്പി രാജ്ഭവന് കൈമാറി. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകളും മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് അടക്കമുള്ളവര്‍ നല്‍കിയ മൊഴികളുമാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ എജിയോട് നിയമോപദേശവും തേടിയിരുന്നു.

ഇതിനെല്ലാം ശേഷമാണ്, ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സര്‍ക്കാരിന് അഴിമതി നല്‍കുന്നത്.
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇബ്രാഹിം കുഞ്ഞിനെതിരെ നിലനില്‍ക്കുന്നുണ്ട്. നോട്ട് നിരോധിച്ച കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചെടുത്തു എന്ന ഹര്‍ജി ഹൈക്കോടതിയിലുണ്ട്. ഇതും പാലാരിവട്ടം പാലം അഴിമതിക്കേസും ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജി. പാലാരിവട്ടം പാലം നിര്‍മാണക്കരാര്‍ വഴി നടത്തിയ അഴിമതിയിലൂടെ കിട്ടിയ പണമാണ് ഇങ്ങനെ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Latest