Connect with us

National

പൗരത്വ ഭേദഗതി: കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഒരു മാസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കണെമെന്നാണ് നിര്‍ദേശം. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹരജിയുടെ പകര്‍പ്പ് കൈപറ്റി.

പൗരത്വ ഭേദഗതി ചോദ്യം ചെയ്ത് കഴിഞ്ഞ മാസം പതിനാലിനാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹരജി സമര്‍പ്പിച്ചത്. എന്നാല്‍, നേരത്തെ കേസ് പരിഗണിച്ച സമയത്ത് കേരളം നല്‍കിയ ഹരജി പരിഗണിച്ചിരുന്നില്ല. കേരളത്തിന്റേതുള്‍പ്പടെയുള്ള ഹരജികളില്‍ ഒന്നിച്ചായിരിക്കും വാദം കേള്‍ക്കുക. അതേസമയം, പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദമായ മറുപടി നല്‍കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ആറാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും നാലാഴ്ചത്തെ സമയം നല്‍കി. അഞ്ചാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ സ്യൂട്ട് ഹരജിയിലും വിശദീകരണം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്റെ ഹരജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. പൗരത്വ ദേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന ആദ്യ സംസ്ഥാനമായിരുന്നു കേരളം. പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വലിയ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു.

---- facebook comment plugin here -----

Latest