Connect with us

Kozhikode

കെ ജി സൈമൺ മടങ്ങുന്നു; ചാരിതാർഥ്യത്തോടെ

Published

|

Last Updated

കെ ജി സൈമണ്‍

വടകര | കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായ കെ ജി സൈമൺ പത്തനംതിട്ട പോലീസ് മേധാവിയായി മടങ്ങുന്നത് ചാരിതാർഥ്യത്തോടെ. സംസ്ഥാന ശ്രദ്ധയാകർഷിച്ചതും വർഷങ്ങളുടെ പഴക്കമുള്ളതുമായ ആറ് കൊലപാതകങ്ങൾ ഒരുമിച്ച് പുറത്തു കൊണ്ടുവന്നതിന്റെ അഭിമാനത്തോടെയാണ് കെ ജി സൈമൺ എന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ കോഴിക്കോട് റൂറലിൽ നിന്ന് പടിയിറങ്ങുന്നത്.

2019 ജൂൺ മാസം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായി ചാർജെടുത്ത കെ ജി സൈമൺ ഏഴ് മാസത്തെ സേവനത്തിനു ശേഷമാണ് പത്തനംതിട്ടയിലേക്കുള്ള മടങ്ങുന്നത്. കൂടത്തായി പൊന്നാമറ്റം തറവാടുമായി ബന്ധപ്പെട്ട സ്വത്തു തർക്കത്തിന്റെ പേരിലുള്ള പരാതിയിലും സഹോദരന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മരണപ്പെട്ട റോയ് തോമസിന്റെ സഹോദരൻ റോജോ തോമസ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് നൽകിയ പരാതിയിലുമാണ് തുടരന്വേഷണത്തിന്റെ തുടക്കം.

നേരത്തെയുണ്ടായിരുന്ന പോലീസ് മേധാവിക്ക് നൽകിയ പരാതി താമരശേരി ഡി വൈ എസ് പി ക്ക് കൈമാറുകയും തുടരന്വേഷണം ആവശ്യമില്ലെന്ന കാരണത്താൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി. കെ ഇസ്്മാഈയിലും എസ് ഐ ജീവൻ ജോർജും രഹസ്യ അന്വേഷണം നടത്തി കെ ജി സൈമണ് റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് പി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണത്തിന് തുടക്കം കുറിച്ചത്. മൂന്ന് വർഷം മുതൽ 17 വർഷം വരെ പഴക്കമുള്ള ആറ് കൊലപാതകങ്ങൾ തെളിവുകളും സാക്ഷികളും സഹിതം നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞ കെ ജി സൈമണിന്റെ അന്വേഷണ മികവ് കേരള പോലീസിന് ഒരു പൊൻതൂവലുമാണ്. ഇനിയും രണ്ട് കേസിലെ കുറ്റപത്രം സമർപ്പിക്കാൻ ബാക്കി നിൽപ്പുണ്ട്. അടുത്ത ദിവസം തന്നെ രണ്ട് കുറ്റപത്രവും സമർപ്പിക്കുമെന്ന് എസ് പി പറഞ്ഞു. അന്വേഷണ മികവിന് നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . ഒരു മാസം മുന്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇൻവെസ്റ്റിഗേഷൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

തൊടുപുഴ സ്വദേശിയായ സൈമൺ ഈ വര്‍ഷം ഡിസംബറില്‍ വിരമിക്കാനിരിക്കെയാണ് നാട്ടിലേക്കുള്ള സ്ഥലമാറ്റം. തിരുവനന്തപുരം തുമ്പ സ്റ്റേഷനിൽ എസ് ഐ ആയി സേവനം ആരംഭിച്ച ഇദ്ദേഹം പിന്നീട് പല ജില്ലകളിലും സേവനം അനുഷ്ഠിച്ചപ്പോഴും കുറ്റാന്വേഷണത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇപ്പോൾ കൂടത്തായി ഉൾപ്പടെ 52 കൊലപാതകങ്ങൾ തന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങൾക്ക് തെളിയിക്കാനായ അഭിമാനത്തോടെയാണ് പത്തനംതിട്ടയിലേക്കുള്ള മടക്കം.

Latest