കൊറോണ: വ്യക്തിശുചിത്വത്തിന് വിപുലമായ പ്രചാരണ പരിപാടികൾ

തദ്ദേശ സ്ഥാപനങ്ങൾക്ക് മാർഗ നിർദേശം
Posted on: February 4, 2020 10:30 am | Last updated: February 4, 2020 at 10:30 am


കൊച്ചി | കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. കൊറോണവൈറസ് തടയുന്നതിന് വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ സംഘടിപ്പിക്കണം.
രോഗലക്ഷണങ്ങളുള്ള വ്യക്തികൾ പൊതുസമ്പർക്കം ഒഴിവാക്കൽ തുടങ്ങി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിന് വിപുല ക്യാമ്പയിൻ പൊതുജനങ്ങൾ ഒത്തുകൂടുന്ന എല്ലാസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തണമെന്നതാണ് പ്രധാന നിർദേശം. ജീവനക്കാർ, സന്ദർശകർ, രോഗികൾ തുടങ്ങി ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കണം.

ഇതുസംബന്ധിച്ച പരിശീലനം, മാർഗ നിർദേശങ്ങൾ എഴുതിപ്രദർശിപ്പിക്കൽ തുടങ്ങിയ നടപടികൾ തദ്ദേശ സ്ഥാപന തലത്തിൽ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ, ലാബുകൾ, കൺസൾട്ടിംഗ് സെന്ററുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ലോകാരോഗ്യ സംഘടന പട്ടിക പ്രകാരം കൊറോണ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നെത്തുന്നവരുടേയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി അവർക്ക് ആരോഗ്യവകുപ്പിന്റെ ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ സംബന്ധിച്ച വിവരങ്ങൾ നൽകണം.

രോഗം റിപ്പോർട്ട് ചെയ്താൽ ആരോഗ്യവകുപ്പിന്റെ മാർഗരേഖ അുസരിച്ചുള്ള ചികിത്സയും ഐസൊലേഷനും ഉറപ്പാക്കണം.
തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ കൊറോണ രോഗബാധിതർക്ക് ചികിത്സ സത്വരമായി ലഭ്യമാക്കുന്നതിന് മരുന്നുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് കുറവ് വരുത്താതെ ശ്രദ്ധിക്കണം.
രോഗം പകരുന്നത് തടയാനുള്ള സാധന സാമഗ്രികൾ രോഗിയുടെ കുടുംബത്തിന് ആവശ്യമെങ്കിൽ വാങ്ങിനൽകണം. ഐസൊലേഷന് വിധേയമാകുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ദൈനംദിന ജീവിത സഹായം ലഭ്യമാക്കണം. ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് ലഭ്യമാക്കാനും സർക്കുലറിൽ അനുമതി നൽകിയിട്ടുണ്ട്.