Connect with us

International

കൊറോണ: അമേരിക്ക പരിഭ്രാന്തി സൃഷ്ടിക്കുന്നു: ചൈന

Published

|

Last Updated

ചൈനയിൽ യാത്രക്കാരുടെ ഊഷ്മാവ് പരിശോധിക്കുന്ന ആരോഗ്യ വിദഗ്ധർ

ബീജിംഗ് | കൊറോണവൈറസ് സംബന്ധിച്ച് അമേരിക്ക അനാവശ്യമായി പരിഭ്രാന്തി പടർത്തുന്നുവെന്ന ആരോപണവുമായി ചൈന. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ചൈന സന്ദർശിച്ച വിദേശികൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രസ്താവന.

കൊറോണവൈറസുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിക്കുന്ന നിലപാട് സഹായം നൽകുന്നതിന് പകരം ലോകത്ത് ഭീതി സൃഷ്ടിക്കാൻ മാത്രമാണ് സാധിക്കുകയെന്ന് വിദേശകാര്യ വക്താവ് ഹുവ ചുൻയിംഗ് വ്യക്തമാക്കി. ചൈനക്കാർക്ക് വിലക്കേർപ്പെടുത്തിയ ആദ്യത്തെ രാജ്യമാണ് അമേരിക്ക. എംബസി ജീവനക്കാരെ ഭാഗികമായി പിൻവലിച്ചതും അവരാണ്.

അടിയന്തര സഹായം നൽകുന്നതിന് പകരം ഭീതി പടർത്തുകയാണ് അമേരിക്കയെന്നും അവർ കുറ്റപ്പെടുത്തി. രണ്ടാഴ്ചക്കിടയിൽ ചൈന സന്ദർശിച്ച എല്ലാ വിദേശ യാത്രക്കാർക്കും അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഒപ്പ് വെച്ചിരുന്നു. ഇത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഒറ്റപ്പെടുത്തുന്ന നടപടിയാണ് യു എസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ഇത്തരത്തിലുള്ള പ്രവൃത്തികൾ ഭയം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും തീർത്തും തെറ്റായ സന്ദേശമാണ് ഇതിലൂടെ അമേരിക്ക നൽകുന്നതെന്നും ഹുവ കൂട്ടിച്ചേർത്തു.

Latest