Connect with us

Articles

കൊറോണ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തം

Published

|

Last Updated

ചൈനയിലെ വുഹാനില്‍ നോവല്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത് ലോകം ആശങ്കയോടെയാണ് കണ്ടത്. വൈറസ് 20ലധികം രാജ്യങ്ങളിലാണ് അതിവേഗം പടര്‍ന്ന് പിടിച്ചത്. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ എടുത്തു തുടങ്ങി. തുടര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങളും രോഗപ്രതിരോധത്തിനുള്ള രൂപരേഖകളും തയ്യാറാക്കി. ചൈനയില്‍ നിന്നുള്ള വാര്‍ത്ത വന്നു തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനതല ദ്രുതകര്‍മസേന യോഗം ചേര്‍ന്ന് രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, ചികിത്സാ മാര്‍ഗരേഖ, പരിശീലനത്തിനുള്ള മാര്‍ഗ രേഖകള്‍, അവബോധ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖകള്‍ എന്നിവ തയ്യാറാക്കി ജില്ലകള്‍ക്ക് നല്‍കി.

എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കി. നിരവധി മലയാളികളാണ് ചൈനയില്‍ പഠിത്തിനും ജോലിക്കും മറ്റുമായുള്ളത്. അതിനാല്‍ തന്നെ നോവല്‍ കൊറോണ വൈറസ് ഉള്ള ആരെങ്കിലും ചൈനയില്‍ നിന്ന് വന്നാല്‍ അത് ഇവിടെ വ്യാപിക്കാന്‍ സാധ്യത കണക്കിലെടുത്തായിരുന്നു ഈ മുന്നൊരുക്കങ്ങള്‍. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴി വലിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

ജനുവരി 18 മുതല്‍ വിവിധ തലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനാണ് ആലോചിച്ചത്. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരു വിദ്യാര്‍ഥിനിക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നേരത്തേ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതിനാല്‍ ആദ്യ കേസോടെ തന്നെ രോഗം തിരിച്ചറിയാന്‍ പറ്റി. ഇതിലൂടെ രോഗ പകര്‍ച്ച തടയുന്നതിനും ആരംഭത്തില്‍ തന്നെ ചികിത്സ തുടങ്ങാനും സാധിച്ചു. വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

ടി വി, റേഡിയോ, പത്രങ്ങള്‍, സോഷ്യല്‍ മീഡിയ, സിനിമാ തീയറ്റര്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലൂടെ പരസ്യം, ലഘു വീഡിയോകള്‍ എന്നിവ വഴി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും കൊറോണ വൈറസ് ഒ പിയും ഐസൊലേഷന്‍ വാര്‍ഡുകളും തയ്യാറാക്കി. എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കുന്നു.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്കരണം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. നോവല്‍ കൊറോണ വൈറസിനെ തുരത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വ്യാപകമായി നടത്തുന്നത്. സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു വരുന്നു. നോവല്‍ കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാന്‍ എല്ലാവരും വളരെയേറെ മുന്‍കരുതലുകള്‍ എടുക്കണം. നിപ്പയെയും പ്രളയത്തെയും ഓഖിയെയും നമ്മള്‍ അതിജീവിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. അതേ ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നോവല്‍ കൊറോണ വൈറസ് പ്രതിരോധത്തിലും നടത്തുന്നത്.
ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും ഇനി നടത്തേണ്ടതുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്തെ മുഴുവന്‍ ജന പ്രതിനിധികളുടെയും ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

ആരോഗ്യ, സാമൂഹിക നീതി മന്ത്രി

---- facebook comment plugin here -----