Connect with us

Articles

മാന്ദ്യത്തെ മറികടക്കാൻ എന്തുണ്ട് ?

Published

|

Last Updated

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെ ബജറ്റിൽ നിന്ന് മാത്രം ആരെങ്കിലും അനുമാനിക്കാൻ ശ്രമിക്കുകയാണെങ്കിൽ, രാജ്യം ഏതൊരു കൊല്ലത്തെപോലെ മറ്റൊരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലാണെന്നും, അതേപ്രകാരം സാധാരണമായ മറ്റൊരു വർഷത്തിന്റെ അവസാനത്തിലാണെന്നുമായിരിക്കും ഈ വർഷത്തെ ബജറ്റിൽ നിന്നും ബോധ്യപ്പെടുക. ബജറ്റിന്റെ മുന്നോടിയായി പുറത്തിറങ്ങിയ സാമ്പത്തിക സർവേ റിപ്പോർട്ട് നിലവിലെ മാന്ദ്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും അവിടെയും ആഭ്യന്തര വായ്പാ സാഹചര്യങ്ങൾക്കൊപ്പം, യു എസ്‌ – ചൈന വ്യാപാര യുദ്ധം മൂലമുണ്ടായ അനിശ്ചിതത്വത്തിലുള്ള അന്താരാഷ്ട്ര വ്യാപാര അന്തരീക്ഷവും വളർച്ചയിലുള്ള ആഗോള മാന്ദ്യവുമാണ് ഇന്ത്യയുടെ വളർച്ചാ സാധ്യതകൾക്കുള്ള പ്രധാന ദോഷങ്ങൾ എന്നാണ് നിരീക്ഷിക്കുന്നത്. ഇന്ത്യയുടെ നിലവിലെ അവസ്ഥ പരിഹരിക്കാൻ ഏറ്റവും ആദ്യം വേണ്ടിയിരുന്നത് നിലനിൽക്കുന്ന പ്രശ്‌നങ്ങളെ അംഗീകരിക്കലായിരുന്നു. സാമ്പത്തിക സർവേ ആ ദൗത്യം ഒരു പരിധിവരെ നിർവഹിച്ചെങ്കിലും നിലവിലെ സാമ്പത്തിക കുഴപ്പത്തിൽ നിന്ന് ഉടനടി രക്ഷപ്പെടാനുള്ള ആശയങ്ങളിലെ സാമ്പത്തിക സർവേയുടെ പാപ്പരത്തവും ബജറ്റിലെ നിലവിലുള്ള പ്രശ്‌നങ്ങളുടെ പൂർണമായ അവഗണനയും പ്രതീക്ഷകൾ നൽകുന്നില്ല.

അടുത്ത വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.5 ശതമാനമാണ്, കഴിഞ്ഞ വർഷം ഇത് 3.8 ശതമാനമായിരുന്നു. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ, ധനക്കമ്മി കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സർക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായ വിപുലീകരണ നയങ്ങൾ ഇല്ലാത്തതും ഗണ്യമായ ഓഹരി വിറ്റഴിക്കൽ പദ്ധതികളും ധനക്കമ്മി നിയന്ത്രിത തലങ്ങളിൽ നിർത്താൻ സഹായിച്ചു. പക്ഷേ നിലവിലെ സാഹചര്യത്തിൽ നികുതി വരുമാനത്തിൽ ഉണ്ടായേക്കാവുന്ന കുറവ് കണക്കിലെടുക്കുമ്പോൾ സർക്കാറിന്റെ വരുമാന പ്രതീക്ഷകൾ യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

ഈ ബജറ്റിന്റെ പ്രധാന ആകർഷണം ആദായനികുതി നിരക്കുകളിലെ മാറ്റങ്ങളാണ്. കുറച്ച പുതിയ ആദായനികുതി ഘടന ഇഷ്ടാനുസൃതമായിരിക്കും. ഒരു വ്യക്തിക്ക് പഴയ നിരക്കുകളിൽ തുടരുകയോ അല്ലെങ്കിൽ ഇപ്പോൾ ലഭിക്കുന്ന ചില നികുതി ഇളവുകൾ വേണ്ടെന്നു വെച്ച് പുതിയ കുറഞ്ഞ നിരക്ക് തിരഞ്ഞെടുക്കാം. ഇത് നികുതി അടക്കുന്ന ഒരു പൗരനെ എങ്ങനെ ബാധിക്കും എന്നുള്ളത് ഏതൊക്കെ നികുതി ഇളവുകളാണ് അയാൾക്ക് ലഭിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

പൊതുവേ ഇത് നികുതി ഭാരം കുറക്കുകയും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യൽ പ്രക്രിയയെ ലഘൂകരിക്കുകയും ചെയ്യും. ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, മുതിർന്ന ജനസംഖ്യയുടെ 35 ശതമാനത്തിന് മാത്രമേ ഈ നികുതി നിരക്കുകളിലെ മാറ്റങ്ങൾ ബാധിക്കുകയുള്ളൂവെന്നാണ്. ഇതിനോടൊപ്പം നികുതി നിർദേശങ്ങളിൽ, നേരത്തേ നികുതി വെട്ടിക്കുറച്ചതിന് പുറമെ കോർപറേറ്റ് മേഖലക്ക് കൂടുതൽ നികുതി ഇളവുകളും ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി വരുമാനം ജി ഡി പിയുടെ 2.5 ശതമാനവും കോർപറേറ്റ് വരുമാനനികുതി 3.3 ശതമാനവുമാണ്. അതിനാൽ നികുതി വെട്ടിക്കുറവിന്റെ ഫലമായി അവരുടെ വരുമാനത്തിലെ മുഴുവൻ വർധനയും അവർ ചെലവഴിച്ചാലും, മൊത്തത്തിലുള്ള സാമ്പത്തിക ആഘാതം ജി ഡി പിയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുതായിരിക്കും. വിപുലീകരണച്ചെലവിന് ഊന്നൽ നൽകുന്നില്ല എന്ന വസ്തുത ചോദന പുനരുജ്ജീവനത്തിന് പ്രതീക്ഷ നൽകുന്നതല്ല. എന്നാൽ, ഇന്ത്യയെ വേഗത്തിൽ വളർച്ചയിലേക്ക് നയിക്കാൻ ധീരമായ നടപടികൾ തേടുന്ന നിക്ഷേപകരും നിരാശരായി എന്നാണ് വ്യക്തമാവുന്നത്. രാജ്യത്തിന്റെ സ്റ്റോക്ക് സൂചിക ശനിയാഴ്ച രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കർഷകർക്കായി 16 ആക്‌ഷ പോയിന്റ് പദ്ധതി പ്രഖ്യാപിച്ചു. കാർഷിക വിപണികൾ ഉദാരവത്ക്കരിക്കുക, കൃഷി കൂടുതൽ മത്സരാധിഷ്ഠിതമാക്കുക, സുസ്ഥിര വിള രീതികളും കൂടുതൽ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ഈ പദ്ധതികൾ പ്രതീക്ഷ നൽകുന്നതാണ്. മൊത്തം പ്രാവർത്തികമാക്കിയില്ലെങ്കിലും ഈ പദ്ധതിയിലെ പ്രധാന വശങ്ങൾ ശരിയായി നടപ്പാക്കുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഒരു പരിധി വരെ സഹായിക്കും. രണ്ട് വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രഖ്യാപനമെങ്കിലും ഇതുവരെയുള്ള പദ്ധതികളുടെ ഫലങ്ങളും ഇപ്പോഴത്തെ സാഹചര്യവും വിശദീകരിക്കാത്തത് സംശയാസ്പദമാണ്.

അടിസ്ഥാന സൗകര്യവികസനമാണ് ബജറ്റിന്റെ മറ്റൊരു പ്രധാന പദ്ധതി. ഇൻഫ്രാസ്ട്രക്ചർ ഡിമാൻഡ് ഉയർന്നതാകാൻ, റോഡുകൾ, വൈദ്യുതി, തുറമുഖങ്ങൾ തുടങ്ങിയ സേവനങ്ങൾ ആവശ്യപ്പെടുന്ന ഉത്പാദനം പോലുള്ള മേഖലകളിൽ ഞങ്ങൾക്ക് ശക്തമായ വളർച്ച ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ പരിഷ്‌കാരങ്ങൾക്കായി സമതുലിതമായ ഒരു മുന്നേറ്റം ആവശ്യമാണ്. ബേങ്കിംഗ് ഇതര ധനകാര്യ മേഖലയിലോ റിയൽ എസ്റ്റേറ്റിലോ പ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ലാത്ത അവസ്ഥയാണ്.

വിശ്വാസ്യതക്ക് ഊന്നൽ കൊടുത്ത സാമ്പത്തിക സർവേയും ബജറ്റും രാജ്യത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് മൗനം പാലിക്കുന്നതാണ് കണ്ടത്. മുൻ ഇക്കണോമിക് ചീഫ് അഡ്വൈസർ ആയിരുന്ന അരവിന്ദ് സുബ്രഹ്‌മണ്യത്തിന്റെ ജി ഡി പി കണക്കുകളെ സംബന്ധിച്ചുള്ള ആരോപണങ്ങളെ നിരസിക്കാൻ ഒരുപാട് ഊർജം ചിലവഴിച്ച സാമ്പത്തിക സർവേ പക്ഷേ ജനങ്ങൾക്കും നിക്ഷേപകർക്കും ഔദ്യോദിക കണക്കുകളിലുള്ള സന്ദേഹങ്ങളെക്കുറിച്ചു ഒട്ടുംതന്നെ പ്രതിപാദിക്കുന്നില്ല.
വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വേതന വളർച്ച മന്ദഗതി, വളർച്ചാ മാന്ദ്യം എന്നിവ അഭിസംബോധന ചെയ്യാനൊരു ജനകീയ ബജറ്റ് അവതരിപ്പിക്കുക എന്നതിൽ നിന്ന് മാറി പ്രായോഗിക മുതലാളിത്ത ദിശാബോധം സ്വീകരിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. സാമ്പത്തിക ഭരണ നിർവഹണത്തിലെ മുൻകാല തെറ്റുകൾ മനസ്സിലാക്കാൻ പാടുപെടുന്നതും നിലവിലെ മാന്ദ്യത്തിൽ നിന്ന് ഒരു വഴി ആവിഷ്‌കരിക്കാൻ കഴിയാത്തതും സർക്കാറും ആശയക്കുഴപ്പത്തിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
തിരഞ്ഞെടുപ്പ് താത്പര്യങ്ങൾക്ക് മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ വ്യവസ്ഥയിൽ, വ്യത്യസ്ത മുന്നറിയിപ്പ് അടയാളങ്ങൾക്കിടയിലും സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ സംവിധാനങ്ങളിൽ ആഴത്തിലുള്ള സർജിക്കൽ ഇടപെടലിൽ ഏർപ്പെടുന്നതിൽ പരാജയപ്പെടുന്നത് ഉൾക്കൊള്ളാനാവുന്നതാണ്. എന്നിരുന്നാലും, സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ചാക്രിക കുഴപ്പങ്ങൾക്ക് സർക്കാർ ചെവികൊടുക്കുന്നില്ലെന്ന വസ്തുത കാര്യങ്ങളെ കൂടുതൽ ആശങ്കാജനകമാക്കുന്നു.
(ലേഖകന്‍ ബെംഗളൂരു അസിം പ്രേംജി ഫൗണ്ടേഷനില്‍ അസോസിയേറ്റാണ്)

ശിഹാസ് അബ്ദുല്‍ റസാഖ്

Latest