Connect with us

Editorial

അസാധാരണ കാലത്തെ സാധാരണ ബജറ്റ്

Published

|

Last Updated

അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലക്കും ഊന്നൽ നൽകുന്നതും ആദായ നികുതി ദായകരെ ആകർഷിക്കുന്നതുമാണ് ഇന്നലെ ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ച രണ്ടാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ്. തകർന്നടിഞ്ഞ സമ്പദ്ഘടനയുടെ ഉത്തേജനം ലക്ഷ്യമാക്കി ആദായ നികുതി നിരക്കിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.
അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് നികതിയില്ല. അതിന് മുകളിലുള്ളവർക്ക് അഞ്ച് മുതൽ പത്ത് ശതമാനം വരെ ഇളവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ശതമാനം(നിലവിൽ 20 ശതമാനം) 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ 20 ശതമാനം(നിലവിൽ 30 ശതമാനം) 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനം(നിലവിൽ 30 ശതമാനം) എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. ധർമസ്ഥാപനങ്ങളുടെ നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഉപഭോഗത്തിലെ കുറവാണ് നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. നികുതിയിളവുകളിലൂടെ അധികമായി ജനങ്ങളിലേക്ക് എത്തുന്ന പണം സമ്പദ്‌വ്യവസ്ഥയിലെ ഉപഭോഗത്തിലെ വർധനവിന് കാരണമാവുമെന്നാണ് പ്രതീക്ഷ. ആദായ നികുതി നിരക്കുകൾ കുറച്ചെങ്കിലും നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകളെല്ലാം എടുത്തുകളഞ്ഞിട്ടുണ്ട്. നേരത്തേ 1.50 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നികുതിയിളവുകളുണ്ടായിരുന്നു. ഇനി അത് ലഭിക്കില്ല.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ, ഡൽഹി- മുംബൈ എക്‌സ്പ്രസ്‌വേ, പുതിയ വിമാനത്താവളങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ – അഹമ്മദാബാദ് 508 കിലോ മീറ്റർ ബുള്ളറ്റ് ട്രെയിൻ പദ്ധതി കൈവിട്ടിട്ടില്ലെന്നും രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ തേജസ് ടൈപ്പ് ട്രെയിനുകൾക്ക് പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2017 ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേ ഒപ്പിട്ടതാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. ഒരു ലക്ഷം കോടി ചെലവ് വരുന്ന പദ്ധതിക്കായി 88,000 കോടി രൂപ വായ്പ നൽകാൻ ജപ്പാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ പലവിധ പ്രതിസന്ധികളെ തുടർന്ന് പദ്ധതി താമസിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ അടുത്ത അഞ്ച് വർഷത്തിനകം അഞ്ച് ട്രില്യൺ യു എസ് ഡോളർ ജി ഡി പി എന്ന ലക്ഷ്യം അസാധ്യമാണ്. ഈയിനത്തിലേക്ക് അടുത്ത അഞ്ച് വർഷത്തേക്ക് 100 ലക്ഷം കോടിയാണ് വകയിരുത്തിയത്. പദ്ധതി തുകയുടെ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയുമായിരിക്കും വഹിക്കുക. കിസാൻ ക്രെഡിറ്റ് കാർഡുകൾ, കിസാൻ റെയിൽ, തരിശുഭൂമിയിൽ സോളാർ പവർ പ്ലാന്റുകൾ, മത്സ്യ ഉത്പാദനം 200 ലക്ഷം ടണ്ണായി ഉയർത്തൽ, ജലദൗർലഭ്യം അനുഭവിക്കുന്ന 100 ജില്ലകൾക്ക് ജലലഭ്യതക്ക് പ്രത്യേക പദ്ധതി, 20 ലക്ഷം സൗരോർജ പമ്പുകൾ തുടങ്ങി കാർഷിക മേഖലയിൽ പതിനാറിന വികസന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു മന്ത്രി പറയുന്നു. 2.83 ലക്ഷം കോടിയാണ് കാർഷിക മേഖലക്ക് നീക്കിവെച്ചത്. 112 ജില്ലകളിൽ ആയുഷ് ആശുപത്രി, 2025-ഓടെ സമ്പൂർണ ക്ഷയരോഗ നിർമാർജനം തുടങ്ങി ആരോഗ്യമേഖലക്കുമുണ്ട് 69,000 കോടിയുടെ നിരവധി വാഗ്ദാനങ്ങൾ. വ്യവസായ മേഖലക്കും കരുതൽ വാണിജ്യ വികസനത്തിനും 27,300 കോടിയും വകയിരുത്തി.

അതേസമയം, തൊഴിലില്ലാ പടക്ക് ആശ്വാസമേകുന്ന കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല. തൊഴിൽരാഹിത്യമാണ് ഇന്നു രാജ്യം നേരിടുന്ന മുഖ്യവെല്ലുവിളികളിലൊന്ന്. വർഷംതോറും രണ്ട് കോടി വീതം തൊഴിലുകൾ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായാണ് ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിനിടയിൽ തൊഴിലവസരങ്ങൾ ഗണ്യമായി കുറയുകയാണുണ്ടായത്. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോൾ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലേക്ക് ഉയർന്നിരിക്കുകയാണെന്നാണ് ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ റിപ്പോർട്ട്. വ്യവസായ മേഖലക്കായി നീക്കി വെച്ച 27,300 കോടി മാത്രമാണ് ഈ മേഖലയിലെ ഏക പ്രതീക്ഷ. നിലവിലെ തൊഴിലില്ലായ്മാ നിരക്കുമായി ഒത്തുനോക്കുമ്പോൾ ഇത് വളരെ തുച്ഛമാണ്.
ബജറ്റിൽ കേരളത്തിനുള്ള വിഹിതം തുലോം കുറവാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26.28 കോടി, കൊച്ചിൻ ഷിപ്പ്‌യാർഡിന് 650 കോടി, കോഫി ബോർഡിന് 225 കോടി, റബ്ബർ ബോർഡിന് 221.34 കോടി, തേയില ബോർഡിന് 200 കോടി, സുഗന്ധവിള ബോർഡിന് 120 കോടി, കശുവണ്ടി കയറ്റുമതിക്കും വികസനത്തിനും 10 കോടി, തോട്ടം മേഖലക്ക് 681.74 കോടി, മത്സ്യബന്ധന മേഖലക്ക് 218.40 കോടി എന്നിങ്ങനെ 15,236.64 കോടി രൂപയാണ് കേരളത്തിന്റെ ആകെ വിഹിതം.

ബജറ്റിൽ വിവിധ മന്ത്രാലയങ്ങൾക്കായി വൻതുകകൾ അനുവദിക്കുമ്പോൾ ഇതിനാവശ്യമായ വൻ സാമ്പത്തിക സ്രോതസ്സ് എവിടെയെന്നു അവ്യക്തം. വിദേശ നിക്ഷേപത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഗണ്യമായ വർധനവുണ്ടായെന്നും വരുംവർഷങ്ങളിൽ അതിന്റെ ഒഴുക്ക് കൂടുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും വിദേശ നിക്ഷേപത്തിൽ വർധനയുണ്ടായില്ലെന്നാണ് മുല്ലപ്പളളി രാമചന്ദ്രന്റെ ചോദ്യത്തിനുത്തരമായി കഴിഞ്ഞ വർഷം വാണിജ്യമന്ത്രാലയം നൽകിയ മറുപടി വ്യക്തമാക്കിയത്. പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ എൽ ഐ സിയിലെ സർക്കാർ ഓഹരി, ഐ ഡി ബി ഐ ബേങ്കുകളിലെ ഓഹരികൾ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയാണ് ബജറ്റിൽ കാണിച്ച മുഖ്യവരുമാന മാർഗം.

ഇതുവഴി അടുത്ത സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് പ്രതീക്ഷ. ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും ബുദ്ധിമുട്ടുന്ന ഒരു സർക്കാറിനെ സംബന്ധിച്ചിടത്തോളം ഈ തുക തീർത്തും പരിമിതമാണ്. ഈ സാഹചര്യത്തിൽ മുൻവർഷങ്ങളിലെ പോലെ ബജറ്റിലെ വികസന പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങാനാണ് സാധ്യത.