Connect with us

National

നിര്‍ഭയ: കുറ്റവാളികളുടെ വധശിക്ഷ നീട്ടിയ ഉത്തരവിനെതിരായ കേന്ദ്രത്തിന്റെ ഹരജി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ നീട്ടിക്കൊണ്ടുള്ള പട്യാല ഹൗസ് കോടതി ഉത്തരവിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ഹരജി ഡല്‍ഹി ഹൈക്കോടതി ഞായറാഴ്ച പരിഗണിക്കും. ഉച്ചക്കു ശേഷം മൂന്നിനാണ് ഹരജി പരിഗണനക്കെടുക്കുക. നിയമത്തിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്ത് ശിക്ഷ പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതായാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹരജിയില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്കും കുറ്റവാളികള്‍ക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

നിയമം അനുശാസിക്കുന്ന എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികള്‍ക്ക് ലഭിക്കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു വെള്ളിയാഴ്ച്ച പട്യാല കോടതി പ്രതികളുടെ മരണ വാറന്റിന് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി ഒന്നിനായിരുന്നു കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. കേസിലെ മൂന്നാമത്തെ കുറ്റവാളിയായ അക്ഷയ് ഠാക്കൂര്‍ നല്‍കിയ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പ് മുകേഷ് സിംഗും വിനയ് ശര്‍മയും നല്‍കിയ ദയാഹരജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു.

2012 ഡിസംബര്‍ 16 നാണ് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഡല്‍ഹിയില്‍ ബസില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. അക്രമികള്‍ പിന്നീട് വഴിയില്‍ തള്ളിയ വിദ്യാര്‍ഥിനിയെ അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലും തുടര്‍ന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരിച്ചു.

---- facebook comment plugin here -----

Latest