Connect with us

Ongoing News

ആദായ നികുതി ഇളവ് കിഴിവുകള്‍ വേണ്ടെന്ന് വെക്കുന്നവര്‍ക്ക് മാത്രം; അല്ലെങ്കില്‍ പഴയ നിരക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചത് നിബന്ധനകളോടെ. നിലവിലുള്ള ആദായനികുതി സ്ലാബുകള്‍ക്ക് കീഴില്‍ അനുവദനീയമായ ഇളവുകളും കിഴിവുകളും ഉപേക്ഷിക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് പുതിയ നികുതി ഇളവുകള്‍ ബാധകമാകുക. ഇളവുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെങ്കില്‍ നിലവിലെ വ്യവസ്ഥയില്‍ നികുതിയടച്ച് മുന്നോട്ടുപോകാം. ഈ രണ്ട് സ്‌കീമുകളില്‍ ഇഷ്ടമുള്ളത് നികുതിദായകന് തെരഞ്ഞെടുക്കാനാകും.

നികുതി സമ്പ്രദായം ലഘൂകരിക്കുന്നതിനും നികുതി നിരക്ക് കുറയ്ക്കുന്നതിനുമായി നിലവിലുള്ള നൂറിലധികം കിഴിവുകളില്‍ 70 എണ്ണവും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള കിഴിവുകള്‍ പ്രൊഫഷണലുകളുടെ സഹായം സ്വീകരിക്കാതെ നികുതിദായകര്‍ക്ക് നികുതി നിയമം പാലിക്കുന്നത് അസാധ്യമാക്കുന്നുവെന്നും അവര്‍ പറഞ്ഞു.

15 ലക്ഷം രൂപ വരെ വാര്‍ഷിക നികുതി വരുമാനമുള്ള മധ്യവര്‍ഗ നികുതിദായകര്‍ക്ക് പുതിയ നികുതി വ്യവസ്ഥ വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പുതിയ നികുതി വ്യവസ്ഥയില്‍ പ്രതിവര്‍ഷം 15 ലക്ഷം രൂപ സമ്പാദിക്കുന്ന ഒരാള്‍ക്ക് 2.73 ലക്ഷം രൂപയ്ക്ക് പകരം 1.95 ലക്ഷം രൂപ നികുതി നല്‍കിയാല്‍ മതി. 75,000 രൂപ ലാഭിക്കാനാകും.

പുതിയ നികുതി നിരക്കുകള്‍ പ്രകാരം അഞ്ച് ലക്ഷം വരെ നികുതിയില്ല. അഞ്ചിനും ഏഴര ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ നികുതി 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. 7.5 മുതല്‍ പത്ത് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നിലവിലെ 20 ശതമാനത്തിന് പകരം 15 ശതമാനമാണ് പുതിയ നികുതി. 12.5-15 ലക്ഷം പരിധിയില്‍ വരുന്നവരുടെ നിരക്ക് 30 ശതമാനത്തില്‍ നിന്ന് 20 ശതമാക്കി. 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി അടക്കേണ്ടത്.

ഒരു വ്യക്തിക്ക് നിലവിലുള്ള 20 ശതമാനം നിരക്കിനെതിരെ 5 ലക്ഷം മുതല്‍ 7.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനം കുറഞ്ഞ നിരക്കില്‍ നികുതി നല്‍കേണ്ടിവരും. 7.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനമുള്ള ആളുകള്‍ക്ക്, നിലവിലുള്ള 20 ശതമാനത്തില്‍ നിന്ന് 15 ശതമാനം കുറഞ്ഞ നിരക്കില്‍ മാത്രമേ അവന്‍ അല്ലെങ്കില്‍ അവള്‍ നല്‍കൂ. അതുപോലെ, 12.5 മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നിലവിലുള്ള നിരക്ക് 30 ശതമാനമാണ്. അത് ഇപ്പോള്‍ 20 ശതമാനമായി കുറയ്ക്കുകയാണ്. 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനം ഇളവില്ലാതെ 30 ശതമാനത്തില്‍ തുടരും.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ ആദായനികുതി ഇളവുകള്‍ രാജ്യത്തിന് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ വരുമാന നഷ്ടത്തിന് കാരണമാകും.

Latest