Connect with us

Ongoing News

സ്വപ്നത്തിന്റെ വിണ്ണിൽ തൊട്ട് ഒരാൾ

Published

|

Last Updated

ഒരു ശരാശരി മലയാളിക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിലേറെ നേട്ടങ്ങൾ സ്വന്തമാക്കിയപ്പോഴും കുന്നോളം സ്വപ്‌നങ്ങൾ ഇനിയും നേടിയെടുക്കാനുണ്ടെന്ന നിശ്ചയദാഢ്യവുമായി ഒരു കുഞ്ഞുമനുഷ്യൻ. നിർധന കുടുംബത്തിൽ ജനിച്ച് ശാരീരിക പരിമിതികൾ അതിജീവിച്ചാണ് മനോജ് നീലമ്പറമ്പിൽ എന്ന യുവാവ് കേരളത്തിന് അഭിമാനമായി മാറുന്നത്. വെറും മൂന്നര അടി ഉയരവും 36 കിലോഗ്രാം ഭാരവുമുള്ള ഈ 28കാരൻ ശാരീരിക പരിമിതി ഉള്ളവരുടെ ലോക ശരീര സൗന്ദര്യ മത്സരത്തിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നാക്കോലയിലെ തന്റെ കൊച്ചുകുടിലിൽനിന്ന് നിശ്ചയദാർഢ്യം കൈമുതലാക്കിയാണ് മനോജ് മിസ്റ്റർ ഏഷ്യ പട്ടം സ്വന്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന ഇന്തോ- പസഫിക് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിലെ മത്സരത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 11 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിലെ ഏക മലയാളിയും മനോജായിരുന്നു. വേൾഡ് ഫിറ്റ്‌നെസ് ഫെഡറേഷനാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

അതിജീവനത്തിന്റെ ബാല്യം

മലപ്പുറം ജില്ലയിൽ എരമംഗലം വെളിയങ്കോട്ട് ലോട്ടറി വിൽപ്പനക്കാരനായ ലക്ഷ്മണന്റേയും വീട്ടമ്മയായ മണിയുടേയും രണ്ടാമത്തെ മകനാണ് മനോജ്. വന്നേരി ഹൈസ്‌കൂളിലാണ് പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ മനോജ് കരാട്ടെ പരിശീലനം തുടങ്ങിയിരുന്നു. ഉത്സവ പറമ്പുകളിൽ പഞ്ഞിമിഠായി വിറ്റ് ഉപജീവനം നടത്തിയിരുന്ന മനോജിന്റെ മാതാപിതാക്കൾക്ക് കരാട്ടെ പഠനത്തിനുള്ള ഫീസ് അടക്കാൻ നിർവാഹമില്ലായിരുന്നു. നന്ദൻ മാഷായിരുന്നു മനോജിന്റെ കരാട്ടെ അധ്യാപകൻ. എട്ട് വർഷം കരാട്ടെ പഠനം തുടർന്നു. നന്ദൻ മാഷ് ജോലിതേടി വിദേശത്ത് പോയതോടെ മനോജിന്റെ കരാട്ടെ പഠനവും നിലച്ചു.

ലക്ഷ്യത്തിലേക്കുള്ള കുതിപ്പ്

2006 മുതലാണ് ബോഡി ബിൽഡിംഗിലേക്ക് പ്രവേശിച്ചത്. 2007, 2008, 2009 വർഷങ്ങളിൽ ബോഡി ബിൽഡിംഗ് ഫിസിക്കൽ ചലഞ്ചിംഗ് വിഭാഗത്തിൽ മിസ്റ്റർ മലപ്പുറം കിരീടം നേടിയാണ് മനോജിന്റെ ഈ രംഗത്തെ കുതിച്ചു ചാട്ടത്തിന്റെ തുടക്കം. ചങ്ങരംകുളം ക്ലബ്ബ് മെട്രോയിലെ ട്രെയിനർ വിനീഷാണ് ശരീരസൗന്ദര്യ മത്സരങ്ങളിൽ മനോജിന്റെ ഗുരുവും വഴികാട്ടിയും. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ 2008, 2018 വർഷങ്ങളിൽ ഫിസിക്കൽ ചലഞ്ചിംഗ് വിഭാഗത്തിൽ മിസ്റ്റർ കേരള ജേതാവാകാൻ കഴിഞ്ഞതാണ് മനോജിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് കഴിഞ്ഞ വർഷം എറണാകുളത്തുവെച്ച് നടന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ നാലാം സ്ഥാനം നേടി.

സങ്കൽപ്പങ്ങളെ വെല്ലുന്ന നേട്ടം

ശരീര സൗന്ദര്യ മത്സരങ്ങൾക്ക് ഒത്ത ഉയരവും അതിനൊത്ത ശരീരവും വേണമെന്നു പറയുന്ന പഴഞ്ചൻ സങ്കൽപ്പങ്ങളെ തച്ചുടക്കുന്നതാണ് മനോജിന്റെ നേട്ടം. ബെംഗളൂരുവിൽ 2019 നവംബർ 30, ഡിസംബർ ഒന്ന് തിയതികളിൽ നടന്ന ഇന്തോ-പസഫിക് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിൽ വിജയിയാണ് മനോജ്. ശരീര സൗന്ദര്യ മത്സരത്തിൽ ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ മിസ്റ്റർ മലപ്പുറം പട്ടം, കോട്ടയത്ത് നടന്ന മിസ്റ്റർ കേരള മത്സരത്തിൽ മൂന്നാം സ്ഥാനം, എറണാകുളത്ത് നടന്ന മിസ്റ്റർ ഇന്ത്യാ മത്സരത്തിൽ നാലാം സ്ഥാനം തുടങ്ങിയ നേട്ടങ്ങളാണ് മനോജിനെ ബെംഗളൂരുവിലെത്തിച്ചത്. ചങ്ങരംകുളം ക്ലബ്ബ് മെട്രോയിലെ ബോഡി ബിൽഡിംഗ് പരിശീലകനായ ട്രെയിനർ പി വി വിനീഷാണ് മനോജിനെ ഉയരമുള്ള സ്വപ്‌നങ്ങൾ കാണാൻ പിന്തുണ നൽകിയത്. ലോട്ടറി വിൽപ്പനയാണ് മനോജിന്റെ വരുമാനമാർഗം. രാവിലെ ഏഴിന് ചങ്ങരംകുളത്തെ പരിശീലനകേന്ദ്രത്തിലെത്തണം. ഒന്നേകാൽ മണിക്കൂറാണ് പരിശീലനം. അതു കഴിഞ്ഞാൽ ലോട്ടറിയുമായി വിൽപ്പനക്കിറങ്ങും. അഞ്ച് കിലോമീറ്ററോളം നടന്നാണ് വിൽപ്പന. ശരീരസൗന്ദര്യ സങ്കൽപ്പങ്ങളെ കാറ്റിൽ പറത്തിയും പ്രതിസന്ധികളെ നേരിട്ടുമാണ് മനോജ് നേട്ടങ്ങളുടെ ഉയരം കീഴടക്കിയത്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഭക്ഷണക്രമങ്ങൾ പാലിക്കണമെങ്കിലും ദിവസവും ഇതിനായി 400 രൂപ ചെലവുവരും. പണമില്ലാത്തതിനാൽ ശാരീരികാരോഗ്യം നിലനിർത്തുക വെല്ലുവിളിയാണ്. അങ്ങനെയാണ് ചെലവ് കുറഞ്ഞ ഭക്ഷ്യവസ്തുക്കളായ ചക്കരക്കിഴങ്ങും ചീരയിലയും ഉപയോഗിച്ച് മനോജ് ശരീര സംരക്ഷണം എന്ന വെല്ലുവിളി ഏറ്റെടുക്കുന്നത്. എറണാകുളത്തും ബെംഗളൂരുവിലും മത്സരങ്ങൾക്ക് പങ്കെടുത്തത് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ്. 2020 ഫെബ്രുവരിയിൽ മലേഷ്യയിൽ വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ പണം കണ്ടെത്താൻ മറ്റുവഴികളില്ലാത്ത അവസ്ഥയിലാണ്. തകർന്നുവീഴാറായ ഓലക്കുടിലിൽ കഴിയുന്ന മനോജിന് ലൈഫ് മിഷൻ വഴി ഭവന നിർമാണം നടക്കുന്നുണ്ടെങ്കിലും സർക്കാർ നൽകുന്ന നാല് ലക്ഷം രൂപകൊണ്ട് വീടുനിർമാണം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മലേഷ്യയിൽ നടക്കുന്ന വേൾഡ് ബോഡി ബിൽഡിംഗ് മത്സരത്തിൽ പങ്കെടുക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ് മനോജ്.

---- facebook comment plugin here -----

Latest