Connect with us

International

ചൈനയില്‍ മാസ്‌കുകള്‍ക്ക് ക്ഷാമം; വൈറസ് പ്രതിരോധത്തിന് പഴത്തോടുകള്‍ മുഖാവരണമാക്കി ജനങ്ങള്‍

Published

|

Last Updated

ബീജിംഗ് | ചൈനയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മുഖാവരണം ലഭ്യമാകാത്തവര്‍ പഴത്തോടുകളും പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് നിര്‍മിച്ച ഹെല്‍മറ്റുകളും അണിഞ്ഞു നടക്കുന്നത് വ്യാപകമാകുന്നു. ജനങ്ങള്‍ക്ക് പ്രതിരോധ മാസ്‌കുകള്‍ വിതരണം ചെയ്യാന്‍ കമ്പനികള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യകത കൂടിവരുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ആയിരങ്ങള്‍ രോഗബാധിതരായതിനെ തുടര്‍ന്നാണ് മാസ്‌കുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത്.

വ്യത്യസ്ത ഇനം നാരങ്ങയുടെയും കാബേജിന്റെയും മറ്റും തൊലികളും വാട്ടര്‍ കൂളര്‍ ബോട്ടിലുകളുമൊക്കെ മുഖ കവചമായി ജനങ്ങള്‍ അണിയുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അതിനിടെ, ഉപയോഗിച്ച മാസ്‌കുകള്‍ പുനരുപയോഗിക്കരുതെന്ന് ചൈനീസ് ആരോഗ്യ വകുപ്പധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സര്‍ജിക്കല്‍ മാസ്‌കുകള്‍ ഉപയോഗിച്ച ശേഷം ചൂടുവെള്ളത്തില്‍ കഴുകി ഉണക്കാനിടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിത്. നാലു മണിക്കൂര്‍ ഉപയോഗിച്ച ശേഷം മാസ്‌ക് ഉപേക്ഷിക്കണമെന്ന് ഗാന്‍സു പ്രവിശ്യാ ഹെല്‍ത്ത് കമ്മീഷന്‍ വക്താവ് നിര്‍ദേശിച്ചു.

രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ട വുഹാനിലേക്ക് 6000 ഡോക്ടര്‍മാരെ ചൈനീസ്‌ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനായി പുതുതായി അഞ്ച് പ്രത്യേക ആശുപത്രികള്‍ അടിയന്തരമായി നിര്‍മിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. ലോകത്താകെ 7,700ല്‍ പരം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ മരണം 200 പിന്നിട്ടു. 9.809 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 10,2,000 പേര്‍ നിരീക്ഷണത്തിലാണ്.

---- facebook comment plugin here -----

Latest