Connect with us

National

യു പിയില്‍ കൊലക്കേസ് പ്രതി 20 കുട്ടികളെ വീട്ടില്‍ ബന്ദികളാക്കി

Published

|

Last Updated

ലഖ്‌നോ |  ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ കൊലക്കേസ് പ്രതി സ്ത്രീകളേയും കട്ടികളേയും വീട്ടില്‍ ബന്ദികളാക്കി. 20കാരനായ സുഭാഷ് ബാതം എന്നയാളാണ് തന്റെ ഭാര്യയേയും മകള്‍ അടക്കമുള്ള 20 കുട്ടികളേയും ബന്ദികളാക്കിവെച്ചിരിക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു. പ്രതിയുടെ കൈയില്‍ തോക്കിന് പുറമെ മറ്റ് ആയുധങ്ങളുമുണ്ടെന്നുമാണ് പോലീസ് പറയുന്നത്. കുട്ടികള്‍ ബന്ദികളായിട്ട് അഞ്ച് മണിക്കൂറോളം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

മകളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി വീടിന് സമീപത്തുള്ള കുട്ടികളെ പ്രതി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മക്കളൊന്നും തിരിച്ചെത്താത്തിനെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ അന്വേഷിച്ച് എത്തിയപ്പോള്‍ കുട്ടികളേയും ഭാര്യയേയും പ്രതി തോക്കിന് മുനയില്‍ നിര്‍ത്തിയതാണ് കണ്ടത്. രക്ഷാകര്‍ത്താക്കള്‍ വീട്ടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി വെടിയുതിര്‍ത്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കണ്‍ട്രോള്‍ റൂം വാഹനം വീട്ടിലേക്ക് ഇടിച്ച് കയറ്റാന്‍ ശ്രമിച്ചെങ്കിലും വീടിന്റെ ടെറസില്‍ കയറി പ്രതി വെടിയുതിര്‍ത്തു. പോലീസിന് നേരെ ബോംബെറിഞ്ഞ പ്രതി പിന്‍മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. വീടിന് ചുറ്റും തീവ്രവവാദ വിരുദ്ധ സ്‌ക്വാഡിനെ വിന്യസിച്ചിരിക്കുകയാണ്. കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ബന്ദികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാന്‍ പോലീസ് എല്ലാ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഡി ജി പി ഒ പി സിംഗ് പറഞ്ഞു. എന്തും നേരിടാന്‍ സജ്ജമായ പ്രത്യേക സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആദ്യം കുട്ടികളെ രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം. പ്രാദേശിക രാഷ്ട്രീയ നേതാക്കളും മറ്റും സ്ഥലത്തെത്തി പ്രതിയോട് സംസാരിക്കാനുള്ള ശ്രമത്തിലാണെന്നും ഡി ജി പി പറഞ്ഞു.

തന്റെ പേരില്‍ ആരോപിക്കപ്പെട്ട കൊലക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടികളെ ബന്ദികളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest